കാര്‍ഡിഫ്: കടുവകളെ പിടിച്ച കിടുവയായി ജെയ്‌സണ്‍ റോയി. ബംഗ്ലാദേശിനെതിരെ റോയിയുടെ സെഞ്ചുറിയുടെ കരുത്തില്‍ കൂറ്റന്‍ സ്‌കോറാണ്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 386 റണ്‍സാണ് ഇംഗ്ലണ്ട് എടുത്തത്. കഴിഞ്ഞ നാല് ലോകകപ്പുകളിലെ പ്രകടനങ്ങളേക്കാള്‍ മികച്ച മുന്നേറ്റമാണ് ഇംഗ്ലണ്ട് ഇത്തവണ കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ തവണ നാണം കെട്ട് പുറത്തായവര്‍ ഇത്തവണ കപ്പുയര്‍ത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന ടീമായി മാറിയിരിക്കുന്നു.
റോയിയുടെ ഇന്നത്തെ പ്രകടനം ഇംഗ്ലണ്ടിന് സമ്മാനിച്ചത് ഒരുപിടി റെക്കോര്‍ഡുകളാണ്. ഇതോടെ ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ആകെ സെഞ്ചുറികളുടെ എണ്ണം മൂന്നായി. ഒരു ലോകകപ്പില്‍ ഇംഗ്ലണ്ട് നേടുന്ന സെഞ്ചുറികളുടെ എണ്ണത്തില്‍ ഇതൊരു റെക്കോര്‍ഡാണ്. 1975,1983,2007,2015 ല്‍ നേടിയ രണ്ട് സെഞ്ചുറികളായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
പാക്കിസ്ഥാനെതിരെ 14 റണ്‍സിന് തോറ്റ മത്സരത്തില്‍ ജോ റൂട്ടും ജോസ് ബട്ട്‌ലറും സെഞ്ചുറി നേടിയിരുന്നു. ടൂര്‍ണമെന്റ് തുടങ്ങിയിട്ടേയുള്ളൂ, ഇംഗ്ലണ്ടിന് മുന്നില്‍ റെക്കോര്‍ഡ് ഉയര്‍ത്താനുള്ള അവസരങ്ങള്‍ ഇനിയും ബാക്കിയാണ്.
ഓപ്പണര്‍മാരായ ജോണി ബെയര്‍സ്‌റ്റോയും ജെയ്‌സണ്‍ റോയിയും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സിനുള്ള അടിത്തറയായി മാറിയത്. എട്ടാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ് ബെയര്‍സ്‌റ്റോയും റോയിയും ഇന്ന് പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ സെഞ്ചുറി കൂട്ടുകെട്ട് നേടിയ രണ്ടാമത്തെ ജോഡിയായി ഇതോടെ ഇരുവരും. 11 സെഞ്ചുറി കൂട്ടുകെട്ട് നേടിയ ഇയാന്‍ മോര്‍ഗനും ജോ റൂട്ടുമാണ് ഒന്നാമത്.
വ്യക്തിപരമായും റോയിയ്ക്ക് പുതിയ റെക്കോര്‍ഡുകള്‍ നേടാനായി. റോയി ഇത് മൂന്നാം തവണയാണ് 150 ല്‍ കൂടുതല്‍ നേടുന്നത്. ഏകദിനത്തില്‍ മൂന്ന് തവണ 150 ല്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള ഏക ഇംഗ്ലണ്ട് താരമാണ് റോയി. ലോകകപ്പില്‍ ഒരു ഇംഗ്ലീഷ് താരം നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന് സ്‌കോറാണ് റോയിയുടെ 153. ഇതിഹാസ താരം സ്‌ട്രോസിന്റെ 158 റണ്‍സാണ് ഒന്നാമത്. 92 പന്തിലാണ് റോയി സെഞ്ചുറി കടന്നത്. 14 ഫോറും അഞ്ച് സിക്‌സുമായി 153 റണ്‍സെടുത്ത് റോയി മടങ്ങി.