സതാംപ്ടണ്‍: ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാക്കി. ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയായ വാഡയാണ് താരത്തിന്റെ മൂത്രത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്. ഉത്തേജക മരുന്നിന്റെ ഉപയോഗം കണ്ടെത്താനുള്ള ദേശീയ ഏജന്‍സിയായ നാഡയുമായി ബിസിസിഐയുടേത് വളരെ മോശം ബന്ധമാണ്. നാഡയുടെ നിര്‍ദ്ദേശങ്ങളെ ബിസിസിഐ എതിര്‍ക്കാറുണ്ട്. എന്നാല്‍ നാഡയ്‌ക്കെതിരെ ഇതൊന്നും നടക്കില്ല.

കൃത്യമായൊരു രീതി പിന്തുടര്‍ന്നല്ല വാഡ താരങ്ങളില്‍ ഉത്തേജക മരുന്ന് പരിശോധന നടത്തുന്നത്. താരങ്ങളെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുകയാണ് പതിവ്. ബുംറയുടെ മൂത്രത്തിന്റേയും രക്തത്തിന്റേയും സാമ്പിളുകളെടുത്തിട്ടുണ്ട്. ഐസിസി ടൂര്‍ണമെന്റുകള്‍ക്കിടെ താരങ്ങള്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് വാഡയുടെ നിര്‍ദ്ദേശമുണ്ട്.

ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ആയുധങ്ങളിലൊന്നാണ് ബുംറ. മികച്ച ഫോമിലാണ് ബുംറ കളിക്കുന്നതെന്നും താരത്തെ ലോകകപ്പിലെ ശ്രദ്ധാ കേന്ദ്രമാക്കി മാറ്റുന്നുണ്ട്.

അതേസമയം, മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം നടത്തിയ പത്രസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചിരിക്കുകയാണ്. പത്രസമ്മേളനത്തില്‍ നായകനേയോ മുതിര്‍ന്ന താരങ്ങളെയോ അയക്കുന്നതിന് പകരം മൂന്ന് നെറ്റ് ബോളര്‍മാരെ അയച്ചതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.

നിര്‍ണായകമായ മത്സരത്തെ കുറിച്ച് സംസാരിക്കാനായി ആവേഷ് ഖാന്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ് എന്നീ നെറ്റ് ബോളര്‍മാരെയായിരുന്നു ബിസിസിഐ അയച്ചത്. കളിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആധികാരികമായ മറുപടി നല്‍കാന്‍ മൂന്ന് പേര്‍ക്കും സാധിക്കാത്തതിനാലാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.

എന്തുകൊണ്ട് നായകനോ മുതിര്‍ന്ന താരങ്ങളോ പരിശീലകനോ വരുന്നില്ലെന്ന ചോദ്യത്തിന് ഇന്ത്യന്‍ ടീം മാനേജര്‍ നല്‍കിയ മറുപടി ലോകകപ്പ് മത്സരം തുടങ്ങിയില്ലല്ലോ എന്നായിരുന്നു. അതിനാല്‍ മുതിര്‍ന്ന താരങ്ങളോടോ കോച്ചിനോടോ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ടീം മാനേജറുടെ വിശദീകരണം. ഇതില്‍ പ്രതിഷേധിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ പത്രസമ്മേളനം ബഹിഷ്‌കരിച്ചത്.

ഇതാദ്യമായല്ല മാധ്യമ പ്രവര്‍ത്തകരും ബിസിസിഐയും തമ്മില്‍ ഉടക്കുന്നത്. 2015 ലെ ലോകകപ്പിലും ഉരസലുണ്ടായിരുന്നു. എല്ലാ കളികള്‍ക്കും ശേഷം ഇന്ത്യന്‍ നായകനായിരുന്ന എംഎസ് ധോണി മാത്രം പത്രസമ്മേളനത്തിന് വരുന്നതിനെതിരെയായിരുന്നു അന്ന് പ്രതിഷേധമുയര്‍ന്നത്. അതാത് കളികളിലെ താരങ്ങളായിരുന്നു പത്രസമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook