ലണ്ടന്‍: ശ്രീലങ്കയെ കീറി മുറിച്ച് ജസ്പ്രീത് ബുംറയുടെ തീയുണ്ട കണക്കുള്ള പന്തുകള്‍. ലങ്കയ്‌ക്കെതിരെ ആദ്യ രണ്ട് ഓവറില്‍ റണ്ണൊന്നും വഴങ്ങാതെ ഒരു വിക്കറ്റെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ബുംറ നൽകിത്. ഇതുവരെ 14 റണ്‍സ് മാത്രം വിട്ടു നല്‍കി രണ്ട് വിക്കറ്റുകളാണ് ബുംറ നേടിയത്.

ഇന്നത്തെ പ്രകടനത്തോടെ ഏകദിനത്തില്‍ 100 വിക്കറ്റെന്ന നേട്ടം പിന്നിട്ടിരിക്കുകയാണ് ബുംറ. കൂടാതെ ഒരു റെക്കോര്‍ഡും ബുംറ സ്വന്തം പേരിലാക്കി. വേഗത്തില്‍ 100 റണ്‍സ് കടക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ബുംറ നേടിയത്. 57-ാം മത്സരത്തില്‍ നിന്നുമാണ് ബുംറ 100 വിക്കറ്റ് തികച്ചത്. ഒന്നാമതുള്ളത് ഷമിയാണ്. ഷമി 56 ഏകദിനങ്ങളാണ് 100 വിക്കറ്റുകളെടുക്കാന്‍ കളിച്ചത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പോയിന്റ് പട്ടികയില്‍ സ്ഥാനം ഉറപ്പിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.

സെമിയില്‍ ആരൊക്കെയെന്ന കാര്യം വ്യക്തമായെങ്കിലും ലൈന്‍അപ്പ് ആയിട്ടില്ല. ഇന്ന് നടക്കുന്ന ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്ക മത്സരം കൂടി പൂര്‍ത്തിയായാല്‍ മാത്രമേ സെമിലൈനപ്പ് ആകൂ. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ പരാജയപ്പെടുകയും ചെയ്താല്‍ ന്യൂസിലന്‍ഡായിരിക്കും സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍. ഓസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യ സെമിയില്‍ ഇംഗ്ലണ്ടിനെ നേരിടും.

ബാറ്റിങ്ങില്‍ മധ്യനിര ഫോം കണ്ടെത്താത്തത് ഇന്ത്യക്ക് പ്രധാന വെല്ലുവിളിയായി തുടരുകയാണ്. സെമിക്ക് മുന്നോടിയായി അവസാനവട്ട മിനുക്ക് പണിക്കുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം. മുന്‍നിര ശക്തമാണ്. ഡെത്ത് ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെടുന്നതും തിരിച്ചടിയാണ്. മറുവശത്ത് ബോളിങ്ങില്‍ കുന്തമുനകളായി മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ഊന്നല്‍ നല്‍കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook