കിരീടനേട്ടത്തിൽ മുൻപന്തിയിലുള്ള ഇംഗ്ലണ്ടിനും പരിക്ക് വില്ലനാകുന്നു. സൂപ്പർ താരം ജേസൺ റോയിക്ക് അടുത്ത രണ്ട് മത്സരങ്ങൾ നഷ്ടമാകും. വിൻഡീസിനെതിരായ മത്സരത്തിൽ പരിക്കേറ്റ റോയി ഇനിയുള്ള രണ്ട് മത്സരങ്ങൾ കളിക്കില്ലെന്ന് ഉറപ്പായി. അതേ മത്സരത്തിൽ പരിക്കേറ്റ നായകൻ ഇയാൻ മോർഗൻ അഫ്ഗാനിസ്ഥാനെതിരെ കളിക്കുമോയെന്ന കാര്യം തീരുമാനമായിട്ടില്ല.

Also Read: ആ പന്ത് ഏത് ബോളറും കൊതിക്കുന്നത്, എന്റെ ഏറ്റവും മികച്ചത്: കുല്‍ദീപ് യാദവ്

കിരീട പ്രതീക്ഷയുമായി മുന്നേറുന്ന ഇംഗ്ലണ്ടിന് സൂപ്പർ താരത്തിന്റെ പരിക്ക് വെല്ലുവിളിയാണ്. വിൻഡീസിനെതിരായ മത്സരത്തിൽ ഫീൾഡ് ചെയ്യുന്നതിനിടെയാണ് ജേസൺ റോയിക്ക് പരിക്ക് പറ്റുന്നത്. ഉടനെ തന്നെ മൈതാനം വിട്ട താരം പിന്നീട് തിരിച്ചെത്തിയിരുന്നില്ല. ബാറ്റിങ്ങിനും റോയിക്ക് മുമ്പ് മറ്റ് ഓർഡർ തെറ്റിച്ച് എത്തുകയായിരുന്നു. വിൻഡീസിനെതിരായ മത്സരം എട്ട് വിക്കറ്റിന് ഇംഗ്ലീഷ് പട സ്വന്തമാക്കുകയും ചെയ്തിരുന്നു.

Also Read: ‘റൂട്ട് ടൂ വിക്ടറി’; വിൻഡീസിനെ തകർത്ത് ഇംഗ്ലീഷ് പടയ്ക്ക് മൂന്നാം ജയം

വിൻഡീസിനെതിരായ മത്സരത്തിനിടയിൽ പരിക്കേറ്റ നായകൻ ഇയാൻ മോർഗണും കളം വിടുകയായിരുന്നു. വിശദമായ പരിശോധനകൾ പൂർത്തിയായെങ്കിലും അടുത്ത 24 മണിക്കൂറിന് ശേഷം മാത്രമേ താരം കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു.

റോയിയുടെ അഭാവത്തിൽ ഇംഗ്ലണ്ട് സ്ക്വാഡിലുള്ള റിസർവ് ബാറ്റ്സ്മാൻ ജെയിംസ് വിൻസ് പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കുമെന്നാണ് കരുതുന്നത്. ഓൾറൗണ്ടർ മൊയിൻ അലിയും ടീമിലേക്ക് തിരിച്ചെത്തിയേക്കും. ജൂൺ 18ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.

Also Read: ഭുവനേശ്വര്‍ രണ്ടോ മൂന്നോ മത്സരങ്ങളില്‍ കളിക്കില്ല; പകരം ‘കാത്തിരുന്ന’ താരം

ജോ റൂട്ടിന്റെ ഓൾറൗണ്ട് മികവിലായിരുന്നു ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയത്. വിൻഡീസിനെ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും ആതിഥേയർ ആധിപത്യം തുടർന്നപ്പോൾ വിൻഡീസ് പട പരാജയമറിഞ്ഞു. വിൻഡീസ് ഉയർത്തിയ 213 റൺസെന്ന ചെറിയ വിജയലക്ഷ്യം 17 ഓവർ ബാക്കി നിൽക്കെ ഇംഗ്ലണ്ട് മറികടന്നു. വിൻഡീസിന്റെ രണ്ട് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ സെഞ്ചുറി പ്രകടനത്തിലൂടെ റൂട്ട് ഇംഗ്ലണ്ടിന് വിജയത്തിലേക്കുള്ള പാത തെളിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook