കാര്‍ഡിഫ്: ബംഗ്ലാദേശിനെ തല്ലിത്തകര്‍ത്ത് ഇംഗ്ലണ്ട്. ഓപ്പണര്‍ ജെയ്‌സണ്‍ റോയിയുടെ സെഞ്ചുറിയുടെ കരുത്തില്‍ ബംഗ്ലാദേശിനെ ഇംഗ്ലണ്ടിന് 386 റണ്‍്‌സ്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ഓപ്പണര്‍മാരായ ജെയ്‌സണ്‍ റോയിയും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 128 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ബെയര്‍സ്‌റ്റോ 51 റണ്‍സെടുത്ത് പുറത്തായി. മെഹ്ദി ഹസന്റെ ക്യാച്ചില്‍ നായകന്‍ മഷ്‌റഫെ മൊര്‍ത്താസയാണ് ബെയര്‍‌സ്റ്റോയെ പുറത്താക്കിയത്. 50 പന്തില്‍ നിന്നുമാണ് ബെയര്‍‌സ്റ്റോ 51 റണ്‍സെടുത്തത്.

ബെയര്‍സ്‌റ്റോ പോയെങ്കിലും റോയി യാതൊരു കൂസലുമില്ലാതെ ക്രീസില്‍ നിലയുറപ്പിച്ചു നിന്നു കളിച്ചു. ജോ റൂട്ടുമൊത്തും റോയി കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 21 റണ്‍സാണ് റൂട്ട് നേടിയത്. മുഹമ്മദ് സെയഫുദ്ദീനാണ് റൂട്ടിനെ പുറത്താക്കിയത്. ഇതിനിടെ റോയി സെഞ്ചുറി നേടി. 92 പന്തിലാണ് റോയി സെഞ്ചുറി കടന്നത്. 14 ഫോറും അഞ്ച് സിക്‌സുമായി 153 റണ്‍സെടുത്ത് റോയി മടങ്ങി. മെഹ്ദി ഹസനാണ് റോയിയെ പുറത്താക്കിയത്.

അടുത്ത ഊഴം വെടിക്കെട്ട് താരം ജോസ് ബട്ട്‌ലറിനായിരുന്നു. നാല് സിക്‌സും രണ്ട് ഫോറുമായി ബംഗ്ലാദേശുകാരെ കണക്കിന് പ്രഹരിച്ച ബട്ട്‌ലര്‍ 64 റണ്‍സ് നേടി. സെയ്ഫുദ്ദീന്‍ തന്നെയാണ് ബട്ട്‌ലറിനെ പുറത്താക്കിയത്. അടുത്തായി എത്തിയത് നായകന്‍ ഇയാന്‍ മോര്‍ഗനായിരുന്നു. മോര്‍ഗന്‍ 33 പന്തില്‍ 35 റണ്‍സ് നേടി. വെടിക്കെട്ട് പ്രതീക്ഷിച്ച് വന്ന ബെന്‍ സ്റ്റോക്‌സ് ആറ് റണ്‍സ് മാത്രമാണെടുത്തത്. അവസാന ഓവറുകളില്‍ ക്രിസ് വോക്‌സും ലിയാം പ്ലങ്കറ്റും ചേര്‍ന്നു. ഇരുവരും തകര്‍ത്തടിച്ചു. ഒമ്പത് പന്തുകളില്‍ നിന്നും 27 റണ്‍സാണ് പ്ലങ്കറ്റ് നേടിയത്. വോക്‌സ് എട്ട് പന്തില്‍ 18 റണ്‍സ് നേടി.

പന്തെറിഞ്ഞ എല്ലാ ബംഗ്ലാദേശ് ബോളര്‍മാര്‍ക്കും തല്ല് കിട്ടിയപ്പോള്‍ രണ്ട് വിക്കറ്റ് വീതം എടുത്ത മെഹ്ദി ഹസനും സെയ്ഫുദ്ദീനുമാണ് തമ്മില്‍ ഭേദം. നായകന്‍ മൊര്‍ത്തസയും മുസ്ദഫിസൂര്‍ റഹ്മാനും ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ ഷാക്കിബിന് വിക്കറ്റൊന്നും നേടാനായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook