ലോകകപ്പ് സെമി ഫൈനലില്‍ കൂട്ടത്തകർച്ചയിലേക്ക് നീങ്ങിയ ഇന്ത്യന്‍ ടീമിനെ വിജയപ്രതീക്ഷയിലേക്ക് എത്തിച്ച താരമാണ് രവീന്ദ്ര ജഡേജ. ജഡേജയുടെ മിന്നുന്ന പ്രകടനം കൊണ്ട് ന്യൂസിലന്റിന് എതിരെ ഇന്ത്യയ്ക്ക് ജയിക്കാനായിരുന്നില്ല. മത്സരം തോറ്റ ശേഷം അക്ഷരാര്‍ത്ഥത്തില്‍ ഹൃദയം തകര്‍ന്ന നിലയിലായിരുന്നു ജഡേജയെന്ന് അദ്ദേഹത്തിന്റെ ഭാര്യ റിവാബാ ജഡേജ വെളിപ്പെടുത്തി.

‘മത്സരശേഷം അദ്ദേഹത്തെ എനിക്ക് ആശ്വസിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഞാന്‍ പുറത്തായിരുന്നില്ലെങ്കില്‍ നമുക്ക് വിജയിക്കാന്‍ കഴിയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു. ജയത്തോട് അടുത്താണ് തോറ്റു പോയതെന്നത് വേദന ഇരട്ടിക്കും. ഇതില്‍ നിന്നും മുക്തനാകാന്‍ അദ്ദേഹത്തിന് സമയമെടുക്കും,’ റിവാബ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘അദ്ദേഹത്തിന്റെ കരിയര്‍ നോക്കിയാല്‍ നിര്‍ണായക മത്സരങ്ങളില്‍ നന്നായി കളിച്ചതായി കാണാം. വിക്കറ്റുകള്‍ എടുത്തും നല്ല റണ്‍സ് നേടിയും അത്തരം മത്സരങ്ങളില്‍ അദ്ദേഹം തിളങ്ങാറുണ്ട്. 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ ഫൈനലിലെ ഓള്‍റൗണ്ട് പ്രകടനത്തിന് അദ്ദേഹത്തിനായിരുന്നു മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം,’ റിവാബ ഓര്‍മ്മിപ്പിച്ചു.

Read More: ‘സല്യൂട്ട് യൂ സര്‍, നിങ്ങള്‍ തോറ്റിട്ടില്ല’; ജഡേജയ്ക്ക് ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദനം

സെമി ഫൈനലിന് ശേഷം ജഡേയജയെ കുറിച്ച് മുതിർന്ന താരങ്ങൾക്കും ആരാധകർക്കും ഇപ്പോൾ നല്ല വാക്കുകളെ പറയാനുള്ളൂ. ഇതിന് പിന്നാലെ നന്ദി അറിയിച്ച് ജഡേജയും ട്വീറ്റ് ചെയ്തതിരുന്നു.
‘ഏത് വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് വരാന്‍ ഈ കളിയാണ് എന്നെ പഠിപ്പിച്ചത്, ഒരിക്കലും വിട്ടുകൊടുക്കരുതെന്ന്. എനിക്ക് പ്രചോദനമായി നിന്ന ഓരോ ആരാധകനോടും എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല. എല്ലാ പിന്തുണയ്ക്കും നന്ദി. ആ പ്രചോദനം തുടരുക, അവസാന ശ്വാസം വരെ എന്നിലെ ഏറ്റവും മികച്ചത് നല്‍കും, എല്ലാവരോടും സ്‌നേഹം- ജഡേജ ട്വിറ്ററില്‍ കുറിച്ചു.

ആറ് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ വലിയ തകര്‍ച്ചയെ നേരിട്ടപ്പോഴാണ് ജഡേജ ക്രീസിലേക്കെത്തുന്നത്. 59 പന്തില്‍ നിന്നും 77 റണ്‍സുമായി ജഡേജ ക്രീസ് വിടുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 208 റണ്‍സ്. നേരത്തെ വിമർശന ശരമെയ്ത സഞ്ജയ് മഞ്ജരേക്കറുടെ വായടപ്പിക്കുന്ന ഇന്നിങ്‌സായിരുന്നു ജഡേജയുടേത്. ‘ജയിക്കുന്ന ടീമിലെ താരത്തിനു മാൻ ഓഫ് ദ് മാച്ച് പുരസ്കാരം കൊടുക്കുന്നതാണു പതിവ്.

മാറ്റ് ഹെൻറിയുടെ പ്രകടനം മികച്ചതാണ്. എന്നാൽ, ഇന്ത്യ – ന്യൂസീലൻഡ് സെമിയിലെ യഥാർഥ മാൻ ഓഫ് ദ് മാച്ച് രവീന്ദ്ര ജഡേജയാണ്.’ കിവീസ് വിജയത്തിനുശേഷം കമന്റേറ്റർ ഹർഷ ഭോഗ്‌ലെ പറഞ്ഞതു വെറുതെയല്ല. കിവീസ് പേസർമാർ തീർത്ത കാറിലും കോളിലും ആടിയുലഞ്ഞ ഇന്ത്യൻ കപ്പലിനെ രവീന്ദ്ര ജഡേജയെന്ന പോരാളി വിജയതീരത്തിന് അടുത്ത് വരെ എത്തിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook