മാഞ്ചസ്റ്റര്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരത്തിന്റെ ആവേശത്തിലാണ് ഇരുടീമുകളുടേയും ആരാധകര്‍. ലോകകപ്പില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് പരാജയപ്പെട്ടിട്ടില്ല. ഇത്തവണയും പരാജയം എന്നത് ഇന്ത്യയ്ക്ക് ചിന്തിക്കാന്‍ പോലും ആവുന്നതല്ല. എന്നാല്‍ കളത്തിന് പുറത്തെ ഈ ആവേശമോ പ്രതീക്ഷകളോ തങ്ങളെ ബാധിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പറയുന്നത്. ഏതൊരു മത്സരത്തേയും പോലെയാണ് ഇന്ത്യ-പാക് മത്സരത്തേയും കാണുന്നതെന്ന് വിരാട് പറയുന്നു.

മത്സരത്തിന് മുന്നോടിയായി ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലാണ് വിരാട് കോഹ്‌ലി മനസ് തുറന്നത്. ”ഞങ്ങള്‍ ശരിക്കും വ്യത്യസ്തമായതൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. ഡ്രസിങ് റൂമിലെ അന്തരീക്ഷം പതിവ് പോലെ തന്നെയാണ്. ഒരു മത്സരവും അമിത പ്രാധാന്യമുള്ളതോ സ്‌പെഷ്യലോ അല്ല. ഒരു സമയത്ത് തുടങ്ങി മറ്റൊരു സമയത്ത് അവസാനിക്കും. ജീവിതകാലം മൊത്തം നീണ്ട് നില്‍ക്കില്ല. ടൂര്‍ണമെന്റ് നാളെ അവസാനിക്കില്ല. വലിയ ചിത്രമാണ് ഫോക്കസ്” വിരാട് കോഹ്‌ലി പറഞ്ഞു.

Read More: Live Updates: കാത്തിരുന്ന കളി ഇന്ന്; ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം വൈകിട്ട് മൂന്നിന്

അതേസമയം, ആരാധകരുടെ വികാരത്തെ താന്‍ മാനിക്കുന്നതായും വിരാട് പറഞ്ഞു. ”ആരാധകരെ ഇങ്ങനെ ചിന്തിക്കൂ എന്ന് പറയാന്‍ എനിക്കാകില്ല. മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് പ്രൊഫഷണലായ രീതികളുണ്ട്. അമിത വികാരത്തിന് അവിടെ ഇടമില്ല. അതുകൊണ്ട് ആരാധകരുടെ മാനസിക നിലയും ഞങ്ങളുടേതും വ്യത്യസ്തമായിരിക്കും’ താരം പറയുന്നു.

ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് ഇരുടീമും നേര്‍ക്കുനേര്‍ വരുന്നത്. ഇതുവരെ ലോകകപ്പില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം ഇന്ത്യ വിജയം നേടി. ഇത്തവണ പാക്കിസ്ഥാന് മത്സരം വിട്ടുകൊടുക്കാന്‍ വിരാട് കോഹ്‌ലിയും കൂട്ടരും തയ്യാറല്ല. ലോകകപ്പിലെ പ്രതാപം നിലനിര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള ടീം തന്നെയാണ് ഇംഗ്ലണ്ടിലുള്ളത്.

Also Read: IND vs PAK: ‘മാഞ്ചസ്റ്ററിലെ തീ’ മഴ അണയ്ക്കുമോ? ഇന്ത്യാ-പാക് മത്സരത്തിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

ധവാനില്ലെങ്കിലും മറ്റുതാരങ്ങളെല്ലാം അരയും തലയും മുറുക്കി തന്നെയാകും മൈതാനത്തെത്തുക. രോഹിതും കോഹ്‌ലിയും ധോണിയുമെല്ലാം പാക് ബോളര്‍മാരെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ്. ഭുവനേശ്വറും ബുംറയും പാക് നിരയെ തകര്‍ക്കാന്‍ പോന്നവര്‍ തന്നെ. ഇന്ന് ധവാന് പകരം ലോകേഷ് രാഹുല്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും. മധ്യനിരയില്‍ വിജയ് ശങ്കറായിരിക്കും കളിക്കാനിറങ്ങുക. ഇന്ത്യന്‍ നിരയില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.

മറുവശത്ത് ഒരു ചരിത്ര ജയം തേടിയാണ് സര്‍ഫ്രാസ് അഹമ്മദും സംഘവും ഇറങ്ങുന്നത്. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ജയം ഒരു ലോകകപ്പ് നേട്ടത്തോളം വലുതാണ് അവര്‍ക്ക്. എന്നാല്‍ ബാറ്റിങ് നിര സ്ഥിരത പുലര്‍ത്താത്തത് വെല്ലുവിളിയാണ്. മുഹമ്മദ് ആമിറിന്റെയും വഹാബ് റിയാസിന്റെയും പന്തുകളെയാകും ഇന്ത്യ കൂടുല്‍ ഭയക്കുക. മഴ വില്ലനാകില്ലെങ്കില്‍ ഓള്‍ഡ് ട്രാഫോഡില്‍ തീപാറും മത്സരം കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook