ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ജയം നേടി ഇന്ത്യ സെമിയുറപ്പിച്ചപ്പോൾ മത്സരത്തിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സെഞ്ചുറി നേട്ടവുമായി തിളങ്ങിയ രോഹിത് ശർമ്മയാണ്. എന്നാൽ ഗ്യാലറിയിലിരുന്ന ഒരാൾ മത്സരത്തിന്റെ മുഴുവൻ ശ്രദ്ധയും പിടിച്ചുപറ്റി താരമായി. 87കാരി ചാരുലത പട്ടേൽ. ഒരുപക്ഷെ ഇന്ത്യയുടെ വിജയം ഇത്രത്തോളം ആഗ്രഹിച്ച ആരാധകർ വളരെ കുറവായിരിക്കും.

പ്രായത്തിന്റെ അടയാളങ്ങൾ ചർമ്മത്തിൽ വീണിട്ടുണ്ടെങ്കിലും ആവേശത്തിനും ആഹ്ലാദത്തിനും ഒട്ടും കുറവില്ല. ക്രിക്കറ്റ് അത്രത്തോളം ആസ്വദിക്കുകയും ആഘോഷിക്കുകയുമാണ് ഇവർ. മുഖത്ത് ത്രിവർണ പതാക വരച്ച് വെവുസ്വോല ഊതി കളിയുടെ ഓരോ നിമിഷവും ആഘോഷിച്ച ആ അമ്മൂമ്മ ആരാണെന്നറിയാനുള്ള ശ്രമത്തിലായിരുന്നു ആരാധകരും ക്രിക്കറ്റ് ലോകവും. ഒടുവിൽ കണ്ടെത്തി, അടുത്തറിഞ്ഞപ്പോൾ ആൾ ഇന്ത്യയുടെ എക്കാലത്തെയും സ്‌പെഷ്യൽ ഫാനാണ്.

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കപിലിന്റെ ചെകുത്താന്മാർ 1983ൽ വിശ്വകിരീടം ഉയർത്തിയപ്പോൾ അന്ന് ഗ്യാലറിയിലുണ്ടായിരുന്ന ചാരുലത 36 വർഷങ്ങൾക്കിപ്പുറം മറ്റൊരു ലോകകപ്പ് കാണാൻ എത്തിയിരിക്കുകയാണ്. ഇത്തവണയും ഇന്ത്യ കപ്പുയർത്തും എന്ന കാര്യത്തിൽ ഈ ആരാധികയ്ക്ക് സംശയം ഒന്നുമില്ല. ഇന്ത്യയ്ക്ക് വേണ്ടി ഗണേശ ഭഗവാനോട് പ്രാർഥിച്ചിട്ടുണ്ടെന്നും എല്ലായ്‌പ്പോഴും തന്റെ പ്രാർഥന ടീമിനുണ്ടാവുമെന്നും ചാരുലത പട്ടേല്‍ പറഞ്ഞു.

മത്സരത്തിന്റെ ഓരോ നിമിഷവും അവർ ആസ്വദിക്കുന്നുണ്ടായിരുന്നു, ആഘോഷിക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റിന്റെ എല്ലാ ആവേശവും വ്യക്തമാകുന്ന ഭാവ പ്രകടനങ്ങൾ, കൂടെയുള്ള യുവാക്കളെ പോലും ഞെട്ടിക്കുന്ന ഊർജസ്വലത. സെഞ്ചുറി നേടിയ രോഹിത്തിനെക്കാളും അർധസെഞ്ചുറി തികച്ച രാഹുലിനെക്കാളും ഒരുപക്ഷെ ക്രിക്കറ്റ് ആരാധകർ കൈയ്യടിച്ചത് ഈ അമ്മൂമ്മയ്ക്ക് വേണ്ടിയായിരിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook