കിരീടത്തിലേക്ക് രണ്ട് ജയം മാത്രം അകലത്തിൽ നാല് ടീമുകളാണ് ലോകകപ്പിൽ ഇനി അവശേഷിക്കുന്നത്. ആദ്യ സെമിയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടുമ്പോൾ നാലം ഫൈനലാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മൂന്നാം കിരീടവും. ലോകകപ്പിൽ ഏഴ് തവണ സെമി കളിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽ മാത്രമാണ് കിവികൾ ഫൈനലിൽ എത്തിയത്. ഇന്നും ചരിത്രം ആവർത്തിക്കുമോയെന്ന് ഉറ്റുനോക്കുന്നു ക്രിക്കറ്റ് ആരാധകർ.

കണക്കിലും മികവിലും ഇന്ത്യ തന്നെയാണ് ന്യൂസിലൻഡിനേക്കാൾ ഒരുപടി മുന്നിൽ. ഒട്ടുമിക്ക എല്ലാ ക്രിക്കറ്റ് ആരാധകരും പ്രതീക്ഷിക്കുന്നതും വിശ്വസിക്കുന്നതും കിവികളെ തകർത്ത് ഇന്ത്യ ഫൈനലിൽ കയറുമെന്നാണ്. ഓസ്ട്രേലിയൻ ഇതിഹാസവും 2015 ലോകകപ്പ് ജേതാവുമായ മൈക്കിൾ ക്ലർക്കിന് ഇക്കാര്യത്തിൽ സംശയമില്ല. നിലവിലെ സാഹചര്യത്തിൽ ന്യൂസിലൻഡിനെ അനായാസം കീഴടക്കി ഇന്ത്യ ഫൈനലിലെത്തുമെന്നാണ് മൈക്കിൾ ക്ലർക്ക് പറയുന്നത്.

” സംശയം വേണ്ട ഇന്ത്യ തന്നെയായിരിക്കും ഫൈനലിൽ. ഞാനൊരു ഇന്ത്യൻ ക്രിക്കറ്റ് താരമായിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു. എന്നാൽ പുറത്ത് നിന്ന് നോക്കുമ്പോൾ അവിശ്വസനീയമായ പ്രകടനമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പിൽ പുറത്തെടുക്കുന്നത്. എന്റെ അഭിപ്രായത്തിൽ ഇന്ത്യ ഇതിനോടകം തന്നെ ഒരു കാൽ ഫൈനലിൽ വച്ച് കഴിഞ്ഞു,” മൈക്കിൾ ക്ലർക്ക് പറഞ്ഞു.

ന്യൂസിലൻഡ് നിലവിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും അതിന് കാരണം അവരുടെ പ്രകടനം തന്നെയാണെന്നും മുൻ ഓസിസ് നായകൻ പറഞ്ഞു. ഇന്ത്യ പൂർണ ആത്മവിശ്വാസത്തിലാണെന്നും അതുകൊണ്ട് തന്നെ ഇന്ത്യക്കാണ് മുൻതൂക്കമെന്നും മൈക്കിൾ ക്ലർക്ക് കൂട്ടിച്ചേർത്തു.

ഈ ലോകകപ്പിൽ ഇതുവരെ നേർക്കുനേർ വരാത്ത രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. ഓൾഡ് ട്രഫോർഡിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മൂടിക്കെട്ടിയ ആകാശമാണ് പ്രദേശത്തുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook