ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ലോകറെക്കോർഡിന് തൊട്ടരികെയാണ്. ലോകകപ്പിൽ അതിവേഗം 11000 റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് കോഹ്‌‌ലിയെ കാത്തിരിക്കുന്നത്. ഈ ലോക റെക്കോർഡ് സ്വന്തമാക്കാൻ കോഹ്‌ലിക്ക് വേണ്ടത് 57 റൺസ് മാത്രമാണ്.

ഏകദിനത്തിൽ അതിവേഗം 10000 റൺസ് നേടിയ കളിക്കാരനെന്ന റെക്കോർഡ് ഇപ്പോൾ കോഹ്‌ലിയുടെ പേരിലാണ്. നിലവിൽ 221 ഇന്നിങ്സുകളിൽനിന്നായി കോഹ്‌ലിയുടെ പേരിൽ 10943 റൺസുണ്ട്. ഇന്നു ന്യൂസിലൻഡിനെതിരെ നടക്കുന്ന മത്സരത്തിൽ കോഹ്‌ലി 57 റൺസെടുത്താൽ 11 വർഷങ്ങൾക്കുളളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യതാരമെന്ന റെക്കോർഡും കോഹ്‌ലിയുടെ പേരിലാകും.

ICC World Cup 2019, IND vs NZ Live Score: കളിക്കുക മഴയോ താരങ്ങളോ? തോല്‍വി അറിയാത്തവര്‍ നേര്‍ക്കുനേര്‍

ഏകദിനത്തിൽ 11000 റൺസ് നേടുന്ന മൂന്നാമത്തെ ഇന്ത്യൻ കളിക്കാരനാകും വിരാട് കോഹ്‌‌‌ലി. ലോകതാരങ്ങളിൽ ഏഴാമത്തെ കളിക്കാരനും. സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി എന്നിവരാണ് 11000 റൺസ് നേടിയ മറ്റു രണ്ടു ഇന്ത്യൻ താരങ്ങൾ. ഏകദിനത്തിൽ റൺവേട്ടയുടെ താരങ്ങളുടെ പട്ടികയിൽ കോഹ്‌ലി എട്ടാം സ്ഥാനത്തെത്താനുളള സാധ്യതയും ഈ ലോകകപ്പിലുണ്ട്. ഇപ്പോൾ 11363 റൺസുമായി സൗരവ് ഗാംഗുലിയാണ് ഈ സ്ഥാനത്ത്.

കോഹ്‌ലിക്കു മുന്നിൽ മറ്റൊരു ചെറിയ റെക്കോർഡും മുന്നിലുണ്ട്. ന്യൂസിലൻഡിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന കളിക്കാരനെന്ന നേട്ടം കൈവരിക്കാൻ കോഹ്‌ലിക്ക് വേണ്ടത് ഒരൊറ്റ സെഞ്ചുറി. ഇതു നേടിയാൽ വിരേന്ദർ സെവാഗിനും റിക്കി പോണ്ടിങ്ങിനും ഒപ്പം കോഹ്‌ലിയെത്തും. ഇപ്പോൾ ഇരുവരുടെയും പേരിലാണ് ഈ റെക്കോർഡ്. ഇരുവർക്കും 6 സെഞ്ചുറികൾ വീതമുണ്ട്. കോഹ്‌ലിയുടെ പേരിൽ 5 സെഞ്ചുറികളാണുളളത്.

തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്. കിവികളെത്തുന്നത് കളിച്ച മൂന്ന് കളികളും ജയിച്ചാണ്. ശിഖര്‍ ധവാന്‍ പരുക്ക് മൂലം പുറത്തായതോടെ ഇന്ത്യയെ സംബന്ധിച്ച് ഇന്നത്തെ മത്സരം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. മൂന്ന് ആഴ്ചത്തേക്കാണ് ധവാന്റെ വിശ്രമം.

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡാണ് ന്യൂസിലന്‍ഡിനുള്ളത്. നാലാം മത്സരവും ജയിച്ച് പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തുക മാത്രമായിരിക്കും കെയ്ന്‍ വില്യംസണിന്റേയും സംഘത്തിന്റേയും ലക്ഷ്യം. അതേസമയം, ധവാന്റെ പരുക്കോടെ പ്ലാന്‍ ബി തയ്യാറാക്കേണ്ട സാഹചര്യത്തിലാണ് കോഹ്‌ലിയും ശാസ്ത്രിയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook