ലോകകപ്പിലെ ഇന്ത്യ – ന്യൂസിലൻഡ് ആദ്യ സെമിഫൈനൽ പോരാട്ടം മഴമൂലം നിർത്തിവച്ചിരുന്നു. റിസർവ് ദിനമായ ഇന്ന് കളി തുടരനാണ് തീരുമാനം. ന്യൂസിലൻഡ് 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിൽ നിന്നും ബാറ്റിങ് പുനരാരംഭിക്കും. എന്നാൽ റിസർവ് ദിനമായ ഇന്നും മാഞ്ചസ്റ്ററിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

അക്യൂവെഥർ റിപ്പോർട്ട് പ്രകാരം മാഞ്ചസ്റ്ററിൽ ഇന്ത്യൻ സമയം ഒരു മണി മുതൽ നാല് മണിവരെ മേഘാവൃതമായിരിക്കും. അഞ്ച് മണിയോടെ മഴപെയ്തേക്കും. രണ്ട് മണിക്കൂറോളം നീണ്ടു നിൽക്കാൻ സാധ്യതയുള്ള മഴ ആറ് മണി – എട്ട് മണിയോടെ അവസാനിക്കും. എന്നാൽ ഒമ്പത് മണിയോടെ വീണ്ടും മഴയെത്തും. അതും രണ്ട് മണിക്കൂർ വരെ നീണ്ടുനിന്നേക്കാം.

ന്യൂസിലൻഡ് ഇന്നിങ്സ് അവസാനിക്കാൻ മൂന്ന് ഓവർ മാത്രം ബാക്കി നിൽക്കെയാണ് രസംകൊല്ലിയായി മഴയെത്തിയത്. 46.1 ഓവർ അവസാനിക്കുമ്പോൾ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെന്ന നിലയിലാണ്.

ഇന്നും മഴ തുടർന്നാൽ ഗുണം ഇന്ത്യക്കാണ്. റിസർവ് ദിനത്തിലും മഴമൂലം മത്സരം ഉപേക്ഷിച്ചാൽ പ്രാഥമിക ഘട്ടത്തിൽ ലഭിച്ച ഒന്നാം സ്ഥാനക്കാരെന്ന ആനൂകൂല്യവുമായി ഇന്ത്യ ഫൈനലിന് യോഗ്യത നേടും. പ്രാഥമിക ഘട്ടത്തിൽ നേടിയ കൂടുതൽ പോയിന്റുകളാകും ഇന്ത്യക്ക് ഗുണകരമാകുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook