രണ്ട് ജയമകലെ കിരീടം സ്വന്തമാക്കാൻ നാളെ ഇന്ത്യയും ന്യൂസിലൻഡും ഇറങ്ങുമ്പോൾ കൂടെ മഴയും ഉണ്ടായേക്കും. റൺമഴയും വെടിക്കെട്ടും പ്രതീക്ഷിച്ച് ആരാധകർ ഇരിക്കുമ്പോൾ മാഞ്ചസ്റ്ററിലെ കാലാവസ്ഥ പ്രവചനമനുസരിച്ച് മഴ എത്തും. ലോകകപ്പിൽ ഒരിക്കൽ മഴ മത്സരമെടുത്ത ടീമുകളാണ് ഇന്ത്യയും ന്യൂസിലൻഡും. ഒരു പന്ത് പോലും എറിയാതെയാണ് ഇന്ത്യയും ന്യൂസിലൻഡുമായുള്ള മത്സരം ഉപേക്ഷിച്ചത്.

Also Read: ആദ്യ സെമിക്കൊരുങ്ങി ക്രിക്കറ്റ് ആരാധകർ; കിവികളെ കൂട്ടിലടക്കാൻ ഇന്ത്യ

എന്നാൽ ഇത്തവണ പേടിക്കേണ്ട. നാളെ നടക്കുന്ന മത്സരം മഴമൂലം ഉപേക്ഷിച്ചാൽ തൊട്ടടുത്ത ദിവസം മത്സരം നടക്കും. പ്രാഥമിക റൗണ്ടിന് വിപരീതമായി സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങൾക്ക് റിസർവ് ദിനങ്ങൾ ഐസിസി ഒരുക്കിയിട്ടുണ്ട്.

എന്നാൽ ഇന്ത്യ – ന്യൂസിലൻഡ് സെമി പോരാട്ടത്തിന് തലവേദനയായി റിസർവ് ദിനത്തിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇത് പക്ഷെ ഇന്ത്യക്ക് ഗുണകരമാണ്. റിസർവ് ദിനത്തിലും മഴമൂലം മത്സരം ഉപേക്ഷിച്ചാൽ പ്രാഥമിക ഘട്ടത്തിൽ ലഭിച്ച ഒന്നാം സ്ഥാനക്കാരെന്ന ആനൂകൂല്യവുമായി ഇന്ത്യ ഫൈനലിന് യോഗ്യത നേടും. പ്രാഥമിക ഘട്ടത്തിൽ നേടിയ കൂടുതൽ പോയിന്റുകളാകും ഇന്ത്യക്ക് ഗുണകരമാകുക. മഴ പെയ്ത് തോർന്നാൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം സ്കോർബോർഡ് പുനഃക്രമീകരിച്ച് മത്സരം തുടരും.

Also Read: ‘അക്കാര്യം ഞാനേറ്റൂ’; രോഹിത്തിനെ കാത്ത് ദൈവത്തിന്റെ റെക്കോർഡുകൾ

മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരം നീണ്ടുനിന്ന സസ്പെൻസിന് ഒടുവിലാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡാണെന്ന് ഉറപ്പായത്. ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിലനിൽക്കുകയും ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തതോടെ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡ് എന്ന് ഉറപ്പായി. രണ്ടാം സെമിയിൽ ചിരവൈരികളായ ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook