മാഞ്ചസ്റ്ററിൽ ഇന്ത്യ-ന്യൂസിലൻഡ് സെമിപോരാട്ടത്തിൽ എല്ലാ കണ്ണുകളും രോഹിത് ശർമ്മയിലേക്കാണ്. ലോകകപ്പിൽ സെമിഫൈനലും ഫൈനലുമുൾപ്പടെ രണ്ട് മത്സരങ്ങൾകൂടി അവശേഷിക്കുമ്പോൾ രോഹിത്തിന് മുന്നിൽ തകർക്കാൻ ഒരുപിടി റെക്കോർഡുകളുണ്ട്. അതും സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയ രോഹിത്തിന് ഒരു സെഞ്ചുറി കൂടി സ്വന്തമാക്കിയാൽ സച്ചിനെ മറികടക്കാൻ സാധിക്കും. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിലും സച്ചിനെ മറികടക്കാൻ രോഹിത്തിന് സാധിക്കും. ലോകകപ്പിൽ 1000 റൺസ് തികയ്ക്കുന്ന നാലമത്തെ താരമാകനുള്ള അവസരവും രോഹിത്തിനെ കാത്തിരിക്കുന്നു.

Read Also: ‘അക്കാര്യം ഞാനേറ്റൂ’; രോഹിത്തിനെ കാത്ത് ദൈവത്തിന്റെ റെക്കോർഡുകൾ

മാഞ്ചസ്റ്ററിൽ ആരവങ്ങളും ആഘോഷങ്ങളുമോടെ രോഹിത് ചരിത്രം തീർക്കുമ്പോൾ മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണി നിശബ്ദനായിട്ടായിരിക്കും ചരിത്രത്തിന്റെ ഭാഗമാവുക. മാഞ്ചസ്റ്റിലെ ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം ഏകദിനത്തിലെ ധോണിയുടെ 350-ാം മത്സരമാണ്. സച്ചിൻ ടെൻഡുൽക്കർക്കുശേഷം 350 ഏകദിനം കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ കളിക്കാരനാണ് എം.എസ്.ധോണി.

India vs New Zealand Match Live Streaming: മഴ കളിക്കുമോ മാഞ്ചസ്റ്ററിൽ?; കിവികളെ തുരത്തിയോടിക്കാൻ ഇന്ത്യ

ധോണി ഇതുവരെ 349 ഏകദിനങ്ങളാണ് കളിച്ചത്. അതിൽ 346 എണ്ണം ഇന്ത്യക്കുവേണ്ടിയും 3 എണ്ണം ഏഷ്യ XI വേണ്ടിയുമാണ്. 350 ഏകദിനങ്ങൾ കളിക്കുന്ന ലോകതാരങ്ങളിൽ 10-ാം സ്ഥാനത്താണ് ധോണി. സച്ചിൻ ടെൻഡുൽക്കർ (463), മഹേല ജയവർധന (448), സനത് ജയസൂര്യ (445), കുമാർ സംഗക്കാര (404), ഷാഹിദ് അഫ്രീദി (398), ഇൻസമാം ഉൾ ഹഖ് (378), റിക്കി പോണ്ടിങ് (375), വസിം അക്രം (356), മുത്തയ്യ മുരളീധരൻ (350) എന്നിവരാണ് ധോണിക്ക് മുന്നിലുളളത്.

വിക്കറ്റ് കീപ്പർ എന്ന നിലയിൽ 350 ഏകദിനങ്ങൾ കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് ധോണി. ശ്രീലങ്കയുടെ സംഗക്കാര 360 ഏകദിനങ്ങൾ കളിച്ചിട്ടുണ്ടെങ്കിലും മുഴുവൻ വിക്കറ്റ് കീപ്പറായിട്ടല്ല. 44 ഏകദിനങ്ങൾ ബാറ്റ്സ്മാൻ എന്ന നിലയിൽ മാത്രമാണ് കളിച്ചത്.

ധോണിയുടെ 349 ഏകദിനങ്ങളിൽ 200 എണ്ണം ക്യാപ്റ്റനായിട്ടുളളതാണ്. ക്യാപ്റ്റനായി ഇത്രയും മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ ക്രിക്കറ്ററും ഒരേയൊരു ഇന്ത്യൻ കളിക്കാരനുമാണ് ധോണി.

ഏതാനും ദിവസം മുൻപാണ് ധോണി തന്റെ 38-ാംം ജന്മദിനം ആഘോഷിച്ചത്. അതേസമയം, ഇത്തവണത്തെ ലോകകപ്പിൽ ധോണിക്ക് മികച്ച പ്രകടനം നടത്താനായിട്ടില്ല. പല മത്സരങ്ങളിലും ധോണി ബാറ്റിങ്ങിൽ മെല്ലപ്പോക്കായിരുന്നു. ഇതേറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ധോണിയുടെ വിരമിക്കലിനെക്കുറിച്ചുളള വാർത്തകളും ഇത്തവണത്തെ ലോകകപ്പിൽ ഉയർന്നു കേൾക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook