ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഇറങ്ങുമ്പോൾ ടീമിൽ മാറ്റത്തിന് സാധ്യത. കഴിഞ്ഞ മത്സരത്തിൽ കളിച്ച ലോ ഓർഡർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്കിനെ ഇന്ത്യ ഇന്ന് പുറത്തിരുത്തിയേക്കും, പകരം മുഹമ്മദ് ഷമി 11 അംഗ ടീമിൽ മടങ്ങിയെത്തും. ഇത് സംബന്ധിച്ച സൂചനകളാണ് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിലും ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി നൽകിയത്.

രവീന്ദ്ര ജഡേജ ടീമിലെത്തിയതോടെ ലോ ഓർഡറിൽ ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉണ്ടാകില്ല. ബോളറെന്ന നിലയിലും ജഡേജ തിളങ്ങും. ഈ സാഹചര്യത്തിൽ മൂന്ന് പേസർമാരുമായി ബോളിങ്ങിന്റെ മൂർച്ച കൂട്ടാനാണ് സാധ്യത.

Also Read: ‘ഈ താരത്തെ ഒഴിവാക്കണം’; സെമി ഫൈനലിന് മുന്‍പ് രണ്ട് മാറ്റങ്ങള്‍ നിര്‍ദേശിച്ച് സച്ചിന്‍

ഇന്ത്യയുടെ സാധ്യത ഇലവൻ: കെ.എൽ.രാഹുൽ, രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത്, എം.എസ്.ധോണി, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹൽ, ജസപ്രീത് ബുംറ.

ബാറ്റിങ്ങിൽ മധ്യനിര ഇനിയും ഫോം കണ്ടെത്താത്തത് ഇന്ത്യക്ക് തലവേദനയാണ്. മുൻനിരയിൽ തന്നെയാണ് ഇന്ത്യൻ പ്രതീക്ഷകൾ മുഴുവൻ. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ഓപ്പണർമാർ ഇന്നും തിളങ്ങിയാൽ കിവികൾക്ക് മുന്നിൽ വ്യക്തമായ ആധിപത്യം ഉറപ്പിക്കാൻ ഇന്ത്യക്ക് സാധിക്കും. ടൂർണമെന്റിൽ ഫോമിലാണെങ്കിലും സെഞ്ചുറി നേടാനാകത്ത വിരാട് കോഹ്‌ലി ഇന്ന് കത്തിക്കയറിയാൽ ന്യൂസിലൻഡ് ബോളർമാർ വെള്ളം കുടിക്കുമെന്ന് ഉറപ്പാണ്.

ബോളിങ്ങിൽ ഇന്ത്യ ശക്തരാണ്. റൺസ് നിയന്ത്രിക്കാനും നിർണായക വിക്കറ്റെടുക്കാനും ബുംറയും, ഒപ്പം ഷമി-ഭുവനേശ്വർ കൂട്ടുകെട്ട് കൂടിയാകുമ്പോൾ ഇന്ത്യൻ ബോളിങ് നിര കൂടുതൽ മൂർച്ചയേറിയതാകും. സ്‌പിന്നിൽ ജഡേജയ്ക്കൊപ്പം കുൽദീപോ യുസ്‌വേന്ദ്ര ചാഹലോ എത്തും.

ലോകകിരീടത്തിലേക്ക് ഇന്ത്യക്ക് ഇനി രണ്ട് ജയം മാത്രമാണ് ഉള്ളത്. ഈ ലോകകപ്പിൽ ഇതുവരെ നേർക്കുനേർ വരാത്ത രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. ഓൾഡ് ട്രഫോർഡിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മൂടിക്കെട്ടിയ ആകാശമാണ് പ്രദേശത്തുളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook