ലോകകിരീടത്തിലേക്ക് ഇന്ത്യക്ക് ഇനി രണ്ട് ജയം മാത്രം. ആദ്യ സെമിയിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരായ ന്യൂസിലൻഡിനെ ഇന്ന് നേരിടും. ഈ ലോകകപ്പിൽ ഇതുവരെ നേർക്കുനേർ വരാത്ത രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയുമുണ്ട്. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. ഓൾഡ് ട്രഫോർഡിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. മൂടിക്കെട്ടിയ ആകാശമാണ് പ്രദേശത്തുളളത്.
പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരം നീണ്ടുനിന്ന സസ്പെൻസിന് ഒടുവിലാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡാണെന്ന് ഉറപ്പായത്. ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയതോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിലനിൽക്കുകയും ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തതോടെ സെമിയിൽ ഇന്ത്യയുടെ എതിരാളികൾ ന്യൂസിലൻഡ് എന്ന് ഉറപ്പായി. രണ്ടാം സെമിയിൽ ചിരവൈരികളായ ഇംഗ്ലണ്ടും ഓസ്ട്രേലിയയുമാണ് ഏറ്റുമുട്ടുന്നത്.
ലോകകപ്പിൽ വ്യക്തമായ ആധിപത്യം തുടരുന്ന ഇന്ത്യക്ക് സെമിയിൽ ന്യൂസിലൻഡിനെതിരെ വ്യക്തമായ മേൽകൈ ഉണ്ട്. ലോകകപ്പിൽ ഇന്ത്യ ഒരിക്കൽ മാത്രമാണ് പരാജയമറിഞ്ഞത്, ആതിഥേയരായ ഇംഗ്ലണ്ടിനോട്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവ് പുലർത്തുന്ന ഇന്ത്യ തന്നെയാണ് കിരീട സാധ്യതകളിൽ ഇപ്പോഴും മുന്നിൽ. ശ്രീലങ്കക്കെതിരായ മൽസരത്തിന് ശേഷം ലങ്കൻ നായകൻ ദിമുത് കരുണരത്ന ഇന്ത്യയെ കുറിച്ച് പറഞ്ഞത് ഈ വാദത്തിന് അടിത്തറയിടുന്നു. ലോകകപ്പിലെ സന്തുലിതമായ ടീമാണ് ഇന്ത്യയെന്നായിരുന്നു ദിമുത്തിന്റെ പ്രതികരണം.
ലോകകപ്പിൽ ഇതുവരെ ആറ് തവണയാണ് ഇന്ത്യ സെമിഫൈനൽ കളിച്ചിരിക്കുന്നത്. മൂന്ന് വീതം സെമി ഫൈനൽ പോരാട്ടങ്ങൾ ഇന്ത്യ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തു. ജയിച്ച രണ്ട് തവണ ഇന്ത്യ കിരീടവും സ്വന്തമാക്കി. 1897 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഫൈനലിലെത്തിയ ഇന്ത്യ കലാശപോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയപ്പോൾ 2003ൽ അടിതെറ്റി. കെനിയയെ അനായാസം സെമിയിൽ കീഴടക്കിയ ഇന്ത്യ ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു. 2011ൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ ധോണിയും സംഘവും കിരീടം സ്വന്തമാക്കി. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യ സെമിയിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.
മറുവശത്ത് ന്യൂസിലൻഡാകട്ടെ ഈ ലോകകപ്പിന്റെ തുടക്കത്തിലുണ്ടായിരുന്ന മേധാവിത്വം അവസാന ഘട്ടത്തിൽ നിലനിർത്താൻ സാധിക്കാത്ത അവസ്ഥയിലാണ്. ബാറ്റിങ്ങാണ് ന്യൂസിലൻഡിന്റെ പ്രധാന വെല്ലുവിളി. നായകൻ കെയ്ൻ വില്യംസണൊഴികെ മറ്റാർക്കും ബാറ്റിങ്ങിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. ട്രെന്റ് ബോൾട്ട് നയിക്കുന്ന ബോളിങ് നിര ശക്തമാണ്.
ഇതുവരെ ഏഴ് തവണ സെമിഫൈനലിൽ കളിച്ചിട്ടുണ്ടെങ്കിലും ഒരു തവണ മാത്രമാണ് ഫൈനലിൽ പ്രവേശിച്ചതും. അതും സ്വന്തം നാട്ടിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ. ഇതുവരെ ലോകകപ്പിൽ കിരീടം സ്വന്തമാക്കാനും കിവീസിന് സാധിച്ചില്ല.
ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ സെമി പോരാട്ടത്തിനായി കളത്തിലിറങ്ങുമ്പോള്‍ മനസില്‍ 11 വര്‍ഷം പഴക്കമുള്ള ഒരു കടം കൂടിയുണ്ടാകും. വിരാട് കോഹ്‌ലിയെയും സംഘത്തെയും കെട്ടുകെട്ടിക്കുക എന്നതിനൊപ്പം ഒരു മധുര പ്രതികാരത്തിനുള്ള അവസരം കൂടിയാണ് ഈ സെമി ഫൈനല്‍ പോരാട്ടം. എന്നാല്‍, വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത ആ പഴയ പൊടിമീശക്കാരന്‍ വിരാട് കോഹ്‌ലി ഇന്ന് കൂടുതല്‍ കരുത്തനാണ്. തോറ്റ് കൊടുക്കാന്‍ മനസിലാത്ത ഇന്ത്യയുടെ കരുത്തനായ നായകനാണ്. എങ്കിലും 11 വര്‍ഷം മുന്‍പത്തെ കടം തീര്‍ക്കാന്‍ കിവീസ് നായകന്‍ വില്യംസണ്‍ പരിശ്രമിക്കും. തോറ്റ് കൊടുക്കാതിരിക്കാന്‍ വിരാട് കോഹ്‌ലിയും.
ഇന്ത്യ-ന്യൂസിലന്‍ഡ് സെമി പോരാട്ടത്തിന് പ്രത്യേകതകള്‍ ഏറെയുണ്ട്. 11 വര്‍ഷം മുമ്പ് 2008ൽ അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഏറ്റുമുട്ടിയത് ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ്. അന്ന് അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു. ന്യൂസിലന്‍ഡ് നായകനാകട്ടെ സാക്ഷാല്‍ കെയ്ന്‍ വില്യംസണും. അന്നത്തെ സെമി ഫൈനലില്‍ വിജയം ഇന്ത്യക്കൊപ്പം ആയിരുന്നു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കി അന്ന് ഇന്ത്യയുടെ ചുണക്കുട്ടികള്‍ ചാമ്പ്യന്മാരാകുകയും ചെയ്തു.