ക്രിക്കറ്റ് ഒരു കുട്ടികളിയല്ല എന്നാൽ ഒരു ഏകദിന ലോകകപ്പ് മത്സരത്തിന്റെ എല്ലാ ഓഫ് ഫീൾഡ് ഡ്യൂട്ടീസും കുട്ടികൾ ഏറ്റെടുത്താലോ? ലോകകപ്പ് ചരിത്രത്തിലെ തന്നെ ഇടംപിടിക്കുന്ന മത്സരമാകും ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം. അതിന് കാരണം നേരത്തെ പറഞ്ഞ കുട്ടികൾ തന്നെ. ഐസിസിയുടെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റിൽ ഇത്തരം ഒരു പരിപാടി കൊണ്ട് സംഘാടകർ ഉദ്ദേശിക്കുന്നത് നിരവധി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയാണ്.

ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിന്റെ എല്ലാ ഓഫ് – ഫീൾഡ് ഡ്യൂട്ടീസിലും ഉണ്ടാവുക കുട്ടികളായിരിക്കും. വാർത്ത സമ്മേളനം ഉൾപ്പടെ മത്സരത്തിന് മുമ്പും പിമ്പുമുള്ള കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്വം ഒരുകൂട്ടം കുട്ടികൾക്കാണ്. യുണിസെഫുമായി ചേർന്നാണ് വൺ ഡേ ഫോർ ചിൾഡ്രൺ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. കോടികണക്കിന് വരുന്ന ക്രിക്കറ്റ് ആരാധകരുടെ സഹകരണത്തോടെ എല്ലാ കുട്ടികൾക്കുമായി നല്ലൊരു ലോകം കെട്ടിപടുക്കുകയാണ് പരിപാടിയിലൂടെ സംഘാടകർ ലക്ഷ്യമിടുന്നത്.

ഇതിലൂടെ ലഭിക്കുന്ന പണം ക്രിക്കറ്റ് സജീവമായിട്ടുള്ള രാജ്യങ്ങളിലെ യുണിസെഫിന്റെ പ്രവർത്തനങ്ങൾക്ക് ലഭിക്കും. ടൂർണമെന്റിലുടനീളം താരങ്ങളുമൊത്ത് സംസാരിക്കാനും കളിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചിരുന്നു.

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ ഇന്നത്തെ മത്സര വിജയത്തോടെ സെമിയുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. കിരീട സാധ്യതയിൽ മുൻനിരയിലുള്ള രണ്ട് ടീമുകൾ നേർക്കുനേർ വരുന്നത് മത്സരത്തിന് ആവേശം പകരുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് ഇംഗ്ലണ്ടിന്റെ സെമി സാധ്യത തുലാസിലിരിക്കുന്ന സാഹചര്യത്തിൽ. ഇന്ത്യൻ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബെർമിങ്ഹാമിലാണ് മത്സരം.

പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരാണെങ്കിലും കളിച്ച ഒരു മത്സരത്തിൽ പോലും ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. ഉത്തരവാദിത്വത്തോടെ കളിക്കുന്ന മുൻനിരയും കരുത്തുറ്റ ബോളിങ്ങുമാണ് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ഇന്ത്യൻ ജയത്തിൽ നിർണായകമായത് ബോളിങ് നിരയുടെ പ്രകടനമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook