India vs England, World Cup 2019 Preview:ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ ഇന്നത്തെ മത്സര വിജയത്തോടെ സെമിയുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. കിരീട സാധ്യതയിൽ മുൻനിരയിലുള്ള രണ്ട് ടീമുകൾ നേർക്കുനേർ വരുന്നത് മത്സരത്തിന് ആവേശം പകരുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് ഇംഗ്ലണ്ടിന്റെ സെമി സാധ്യത തുലാസിലിരിക്കുന്ന സാഹചര്യത്തിൽ. ഇന്ത്യൻ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബെർമിങ്ഹാമിലാണ് മത്സരം.

പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനക്കാരാണെങ്കിലും കളിച്ച ഒരു മത്സരത്തിൽ പോലും ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. ഉത്തരവാദിത്വത്തോടെ കളിക്കുന്ന മുൻനിരയും കരുത്തുറ്റ ബോളിങ്ങുമാണ് ഇന്ത്യൻ പ്രതീക്ഷകൾ സജീവമാക്കുന്നത്. അഫ്ഗാനിസ്ഥാനെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയും ഇന്ത്യൻ ജയത്തിൽ നിർണായകമായത് ബോളിങ് നിരയുടെ പ്രകടനമാണ്.

ഓപ്പണിങ്ങിൽ രോഹിത് തകർത്തടിക്കുകയും രാഹുൽ ക്രീസിൽ നിലയുറപ്പിക്കുകയും ചെയ്താൽ തന്നെ ഇന്ത്യക്ക് മികച്ച സ്കോറിലെത്താൻ സാധിക്കും. നായകൻ വിരാട് കോഹ്‌ലിയുടെ ഫോമും ഇന്ത്യക്ക് അനുകൂലമാണ്. മധ്യനിരയിൽ ധോണി ഉത്തരവാദിത്വത്തോടെ ഒരിക്കൽ കൂടി ബാറ്റ് വീശുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ, സ്കോറിങ് വേഗത ഉയർത്തണമെന്ന അഭിപ്രായക്കാരുമുണ്ട്. അവസാന വെടിക്കെട്ടിന് ഹാർദിക് പാണ്ഡ്യയും ഉണ്ടെങ്കിലും മധ്യനിരയിൽ വിജയ് ശങ്കറിനും കേദാർ ജാദവിനും താളം കണ്ടെത്താൻ സാധിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.

ജസ്പ്രീത് ബുംറ നയിക്കുന്ന ബോളിങ് നിരയുടെ കാര്യത്തിൽ ആകുലതകൾ ഒന്നുമില്ല. ജസ്പ്രീത് ബുംറക്ക് ഒപ്പം മുഹമ്മദ് ഷമി കൂടി എത്തിയതോടെ വിക്കറ്റ് കണ്ടെത്തുന്നതിലും റൺസ് വിട്ടുകൊടുക്കാതിരിക്കുന്നതിലും പേസ് സഖ്യം മികവ് കാട്ടുമെന്ന് ഉറപ്പാണ്. റൺസ് വിട്ടുനൽകുന്നതിലെ പിശുക്കും വിക്കറ്റെടുക്കുന്നതിലെ ധാരാളിത്തവും കൊണ്ട് ഇന്ത്യൻ ടീമിൽ തന്റെ സ്ഥാനം എന്താണെന്ന് വ്യക്തമാക്കുന്നു ഷമി. നിർണായ ഘട്ടങ്ങളിലെല്ലാം ഫോമിലേക്ക് ഉയരുന്ന ഹാർദിക് പാണ്ഡ്യ കൂടി എത്തുന്നതോടെ ഇംഗ്ലണ്ട് ബാറ്റിങ് നിര വെള്ളം കുടിക്കുമെന്ന് പ്രതീക്ഷിക്കാം.

മറുവശത്ത് ടൂർണമെന്റിൽ ഗംഭീര തുടക്കം ലഭിച്ച ഇംഗ്ലണ്ട് അവസാന ഘട്ടത്തിലെത്തുമ്പോൾ തിരിച്ചടികൾ നേരിടുകയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് നിലവിൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. നേരത്തെ പാക്കിസ്ഥാനോടും ഇംഗ്ലണ്ട് പരാജയം അറിഞ്ഞിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകളും മങ്ങി. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാൽ ഇംഗ്ലണ്ടിന് സെമിയുറപ്പിക്കാം. മറിച്ചാണെങ്കിൽ പാക്കിസ്ഥാന്റെ മത്സരഫലം കൂടി അടിസ്ഥാനമാക്കിയായിരിക്കും ഇംഗ്ലണ്ടിന്റെ സെമി സാധ്യത.

ബോളിങ് നിരയാണ് ഇപ്പോൾ ഇംഗ്ലണ്ടിന്റെ പ്രധാന കരുത്ത്. സ്വന്തം പിച്ചുകളിൽ റൺസ് കണ്ടെത്താൻ ഇംഗ്ലീഷ് ബാറ്റിങ് നിര പ്രയാസപ്പെടുന്നത് ആതിഥേയർക്ക് വെല്ലുവിളിയാണ്. സമ്മർദ്ദങ്ങളില്ലാതെ ബാറ്റ് വീശാൻ ആദ്യ മത്സരങ്ങളിൽ ഇംഗ്ലണ്ടിന് സാധച്ചെങ്കിലും അവസാന രണ്ട് മത്സരങ്ങളിലും കണ്ടത് തകർന്നടിഞ്ഞ ഇംഗ്ലീഷ് നിരയെയാണ്.

ജോഫ്രാ ആർച്ചറും വോക്സും നായിക്കുന്ന ബോളിങ് നിര കൃത്യതയോടെ പന്തെറിയുന്നു. വിക്കറ്റുകൾ വീഴ്ത്താനും പിന്നിലല്ല താരങ്ങൾ. ബാറ്റിങ്ങിലും ബോളിങ്ങിലും ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്. ഒപ്പം സെമിഫൈനൽ യോഗ്യതയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook