ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വമർശനങ്ങൾ ഏറ്റുവാങ്ങിയ ഇന്ത്യൻ താരം എം.എസ് ധോണിയാണ്. താരത്തിന്റെ മെല്ലേപോക്ക് തന്നെയാണ് ഇതിന് പ്രധാന കാരണവും. ബംഗ്ലാദേശിനെതിരെയും ഇത് ആവർത്തിച്ചതോടെ ആരാധകരുടെ രോക്ഷം കൂടുതൽ അണപ്പൊട്ടുകയാണ്. ബംഗ്ലാദേശിനെതിരെ ഓപ്പണർമാർ മികച്ച അടിത്തറ നൽകിയെങ്കിലും മധ്യനിര തകർന്നടിഞ്ഞതോടെ ഇന്ത്യൻ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞു. 33 പന്തിൽ 35 റൺസായിരുന്നു അവസാന ഓവറുകളിൽ ക്രീസിലെത്തിയ ധോണിയുടെ സമ്പാദ്യം.

ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ സാധിക്കുമായിരുന്നിട്ടും ധോണിയും കേദാർ ജാദവും അതിന് ശ്രമിച്ചില്ലെന്നാണ് വിമർശകരുടെ വാദം. ക്രിക്കറ്റ് ആരാധകർ മാത്രമല്ല ഇതിഹാസ താരങ്ങൾ ഉൾപ്പടെയുള്ളവരും ധോണിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അവസാന ഓവറുകളിൽ പോലും സിംഗിളുകൾക്ക് ശ്രമിക്കുന്ന ധോണിയുടെ പ്രകടനം ഇന്നും ആവർത്തിച്ചതോടെ വിമർശനങ്ങളുടെ മൂർച്ചയും കൂടി.

ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ആകെ 223 റൺസ് മാത്രമാണ് ധോണിക്ക് ഇതുവരെ നേടാനായത്. വിക്കറ്റിന് പിന്നിലും ധോണിയുടെ അവസ്ഥ സമാനമാണ്. ആറ് മത്സരങ്ങളിൽ നിന്ന് ആകെ നാല് വിക്കറ്റുകളുടെ മാത്രം ഭാഗമാകാനേ ധോണിക്ക് സാധിച്ചുള്ളൂ. രണ്ട് ക്യാച്ചും, രണ്ട് സ്റ്റംപിങ്ങും. ഇതാദ്യമായാണ് വിക്കറ്റിന് പിന്നിൽ ധോണി വിമർശിക്കപ്പെടുന്നത്. ഈ ലോകകപ്പിൽ വിക്കറ്റിന് പിന്നിൽ തിളങ്ങുന്നത് ഓസ്ട്രേലിയയുടെ അലക്സ് ക്യാരിയാണ്. 18 വിക്കറ്റുകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook