വെടിക്കെട്ട് ബാറ്റിങ്ങുമായി രാഹുലും ധോണിയും; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

സെഞ്ചുറി നേടിയ രാഹുലും ധോണിയുമാണ് വൻതകർച്ചയിൽ നിന്ന് ഇന്ത്യയെ കരകയറ്റുകയും കൂറ്റൻ സ്കോറിലെത്തിക്കുകയും ചെയ്തത്

ലണ്ടൻ: ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. 360 റൺസിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നിലുള്ളത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 359 റൺസിലെത്തിയത്.

Also Read: ICC Cricket World Cup 2019: ലോകകപ്പിന് ഇനി രണ്ട് നാളുകൾ; ടീമുകൾ, മത്സരക്രമം, വേദികൾ ഒറ്റനോട്ടത്തിൽ

ഓപ്പണർമാർ ഒരിക്കൽ കൂടി തകർന്നടിഞ്ഞപ്പോൾ മധ്യനിരയിൽ നായകൻ കോഹ്‌ലിയും ആറാം വിക്കറ്റിൽ ഒത്തുചേർന്ന ധോണിയും രാഹുലും ചേർന്ന് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ടീം സ്കോർ ഉയർത്താൻ ഇന്ത്യക്ക് സാധിച്ചത്. അർധസെഞ്ചുറിക്ക് മൂന്ന് റൺസ് അകലെ നായകൻ വീണെങ്കിലും സെഞ്ചുറി തികച്ച ശേഷമാണ് രാഹുലും ധോണിയും ക്രീസ് വിട്ടത്.

അവസാന ഓവറുകളിൽ ധോണി പ്രഹരത്തിൽ ബംഗ്ലാദേശ് ബൗളർമാർ വെള്ളം കുടിച്ചു. സാബിറും മുസ്തഫിസൂർ രഹ്മാനുമെല്ലാം തല്ലുവാങ്ങി. കിട്ടിയ അവസരം മുതലാക്കിയ ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇന്ത്യൻ ഇന്നിങ്സിൽ നിർണായക സാനിധ്യമായി.

Also Read: ICC World Cup Time Table 2019: ‘തമ്മിൽ തമ്മിൽ പത്ത് ടീമുകൾ’; ലോകകപ്പ് മത്സരക്രമം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടമായി. ഒരു റൺസെടുത്ത ശിഖർ ധവാനെ മൂന്നാം ഓവറിൽ മുസ്തഫിസൂർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മൂന്നാമനായി വിരാട് കോഹ്‌ലി എത്തിയെങ്കിലും ടീം സ്കോറിങ്ങിന്റെ വേഗതയിൽ കാര്യമായ മാറ്റമുണ്ടായില്ല. ആദ്യ പത്ത് ഓവറിൽ ഇന്ത്യക്ക് നേടാനായത് 34 റൺസ് മാത്രമാണ്.

ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ച രോഹിത് ശർമ്മ റൺസ് കണ്ടെത്താൻ മറന്നതോടെ ഇന്ത്യ വൻതകർച്ച മുന്നിൽ കണ്ടു. കഴിഞ്ഞ മത്സരത്തിലെ ദയനീയ തോൽവി ഒർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു രോഹിത്തിന്റെ ബാറ്റിങ്. എന്നാൽ മറുവശത്ത് നായകൻ കോഹ്‌ലി തകർത്തടിക്കുന്നുണ്ടായിരുന്നു. ടീം സ്കോർ 50ൽ നിൽക്കെ രോഹിത് മടങ്ങിയതോടെ ഇന്ത്യ ഗിയർ മാറ്റി. 42 പന്തിൽ 19 റൺസ് മാത്രമാണ് രോഹിത്തിന് നേടാനായത്.

Also Read: കേദാർ ജാദവ് ഒളിപ്പിച്ചു വച്ച രഹസ്യം ടീം ബസിനുളളിൽ പരസ്യമാക്കി രോഹിത് ശർമ്മ

നാലാം സ്ഥാനത്തേക്ക് ഇന്ത്യ പരിഗണിക്കുന്ന ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. 46 പന്തിൽ നിന്ന് 47 റൺസുമായി കോഹ്‌ലിയും അധികം വൈകാതെ വിജയ് ശങ്കറും മടങ്ങിയതോടെ ഇന്ത്യ വീണ്ടും തകർച്ചയിലേക്കെന്ന സൂചന ലഭിച്ചു. ഏഴ് പന്തിൽ നിന്ന് രണ്ട് രൺസുമായാണ് വിജയ് ശങ്കർ കളം വിട്ടത്. ഇതോടെ 102 റൺസിൽ ഇന്ത്യക്ക് ആദ്യ നാല് വിക്കറ്റുകൾ നഷ്ടമായി.

പിന്നീട് വിക്കറ്റ് കാക്കുന്ന ഉത്തരവാദിത്വം പരിചയസമ്പന്നനായ മുൻനായകൻ ധോണി ഏറ്റെടുത്തതോടെ ഇന്ത്യൻ സ്കോറിങ് വേഗതയിൽ മാറ്റം വന്നു തുടങ്ങി. റൺറേറ്റ് ഉയരുകയും ചെയ്തു. പിന്നീട് രാഹുലിനൊപ്പം ധോണിയും ചേർന്നതോടെ ഇന്ത്യ മികച്ച സ്കോറിലേക്കും നീങ്ങി. നാലാം സ്ഥാനം ഉറപ്പിക്കുന്ന തരത്തിലായിരുന്നു രാഹുലിന്റെ ബാറ്റിങ്. 99 പന്തിൽ 108 റൺസ് നേടിയ ശേഷമാണ് രാഹുൽ ക്രീസ് വിട്ടത്. സാബിറിന്റെ പന്തിൽ രാഹുലിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.

പിന്നീട് ഹാർദിക്കിനെ കൂട്ടുപിടിച്ചായിരുന്നു ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്. കിട്ടിയ അവസരം മുതലാക്കി തന്നാലാവുന്നത് സ്കോർബോർഡിൽ സമ്മാനിച്ച് ഹാർദിക് മടങ്ങി. എന്നാൽ നിരന്തരം ബൗണ്ടറി കണ്ടെത്തി ധോണി സെഞ്ചുറിയിലേക്ക് കുതിച്ചു. 78 പന്തിൽ 113 റൺസെടുത്ത ധോണിയെ അവസാന ഓവറിൽ ഷക്കിബ് അൽ ഹസൻ പുറത്താക്കുകയായിരുന്നു. എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിങസ്. അവസാന ഓവറിൽ ജഡേജയും തകർത്തടിച്ചതോടെ ഇന്ത്യ 359 റൺസെന്ന സ്കോറിലെത്തുകയായിരുന്നു.

തുടക്കത്തിൽ ഇന്ത്യയെ ഞെട്ടിക്കാൻ സാധിച്ചെങ്കിലും പിന്നീട് ബംഗ്ലാദേശ് ബോളർമാരുടെ കൈയ്യിൽ നിന്ന് കളിവിട്ടുപോയി. റൂബൽ ഹൊസൈനും ഷക്കീബ് അൽ ഹസനും ബംഗ്ലാദേശിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മുസ്തഫിസൂഡ റഹ്മാനും മുഹമ്മദ് സെയ്ഫൂദീനും സാബീർ റഹ്മാനും ഓരോ വിക്കറ്റും സ്വന്തമാക്കി.

Get the latest Malayalam news and Cricketworldcup news here. You can also read all the Cricketworldcup news by following us on Twitter, Facebook and Telegram.

Web Title: India vs bangladesh live score icc cricket world cup warm up match first innings

Next Story
നെയ്മറിന്റെ നായകസ്ഥാനം തെറിച്ചു; കോപ്പയിൽ ബ്രസീലിനെ നയിക്കുക പുതിയ ക്യാപ്റ്റൻneymar, dani alves, neymar brazil captaincy, neymar copa america, copa america brazil, copa america 2019, football news" />
The moderation of comments is automated and not cleared manually by malayalam.indianexpress.com