ബെർമിങ്ഹാം: ലോകകപ്പ് സെമിയുറപ്പിക്കാൻ ഇന്ത്യ ഇന്ന് അയൽക്കാരായ ബംഗ്ലാദേശിനെതിരെ. ഇന്നത്തെ മത്സരത്തിൽ ജയിക്കാനായാൽ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. എന്നാൽ ബംഗ്ലാദേശിന് ഇത് ജീവൻ മരണ പോരാട്ടമാണ്. ഇനിയുള്ള രണ്ട് മത്സരങ്ങൾ ജയിച്ചാൽ മാത്രമേ ബംഗ്ലാദേശിന് സെമി സാധ്യത സജീവമാക്കാൻ സാധിക്കുകയുള്ളു. സെമി സ്വപ്നം കണ്ട് രണ്ട് ടീമുകളും ഇറങ്ങുമ്പോൾ മത്സരം വാശിയേറിയതാകുമെന്ന് ഉറപ്പാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്ക് ബെർമിങ്ഹാമിലെ എഡ്ബസ്റ്റൺ സ്റ്റേഡിയത്തിലാണ് മത്സരം.

ലോകകപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പിന് കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ട് തടയിട്ടിരുന്നു. തോൽവിയിൽ നിന്ന് ജയത്തിലേക്കും സെമിയിലേക്കുമാണ് ഇന്ത്യൻ കണ്ണുകൾ. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാലും സെമിയിൽ കയറാം.

നിലവിലെ സാഹചര്യത്തിൽ ടീമിൽ കാര്യമായ മാറ്റത്തിന് സാധ്യത ഇല്ലായെങ്കിലും പരുക്ക് ഭേദമായ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തുകയും മധ്യനിരയിൽ രവീന്ദ്ര ജഡേജ ഇടം പിടിക്കാനുമുള്ള സാധ്യതകൾ തള്ളിക്കളയാൻ സാധിക്കില്ല. മാധ്യനിരയ്ക്ക് ഫോം കണ്ടെത്താൻ സാധിക്കാത്തതാണ് ടീമിന്റെ പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിൽ മെല്ലെപോക്കുകാരൻ കേദാർ ജാദവിനെ മാറ്റി രവീന്ദ്ര ജഡേജ ടീമിലെത്തും. അങ്ങനെയെങ്കിൽ സ്‌പിന്നിലും ഇന്ത്യക്ക് തിളങ്ങാൻ സാധിക്കും. യുസ്‌വേന്ദ്ര ചാഹലിനെ മാറ്റി ഭുവനേശ്വർ കുമാറിനെ കൊണ്ടുവന്നാൽ മൂന്ന് പേസർമാരുമായി കളിക്കാൻ ഇന്ത്യക്ക് സാധിക്കും.

Also Read: പന്ത് നാലാം നമ്പറില്‍ തന്നെ, മധ്യനിരയില്‍ കേദാര്‍ പുറത്ത്; ബംഗ്ലാദേശിനെതിരെ ഈ താരം എത്തും

മറുവശത്ത് കളിച്ച ഏഴ് മത്സരങ്ങളിൽ മൂന്ന് വീതം ജയവും തോൽവിയുമായി ഏഴാം സ്ഥാനത്താണ് ബംഗ്ലാദേശ്. അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലം കൂടി അടിസ്ഥാനപ്പെടുത്തിയായിരിക്കും ബംഗ്ലാദേശിന്റെ സെമി പ്രവേശനം.

ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ മുൻനിർത്തിയാണ് ബംഗ്ലാദേശിന്റെ പോരാട്ടം. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരേപോലെ മികവ് പുലർത്തുന്നു ബംഗ്ലാ കടുവകൾ. എന്നാൽ ഒരുപിടി മുന്നിൽ ബാറ്റിങ് നിര തന്നെയാണ്. തമിം ഇക്ബാലും ലിറ്റൺ ദാസും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ്. ഇതിന് വെടിക്കെട്ട് തീർക്കാൻ ഷാക്കിബും മുഷ്ഫിഖുറും സൗമ്യ സർക്കാരും ഇറങ്ങിയാൽ ബംഗ്ലാദേശിന് മികച്ച സ്കോർ കണ്ടെത്താൻ സാധിക്കും. ടോസും മത്സരത്തിലെ നിർണായക ഘടകമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook