ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യക്ക് ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം. ഏറ്റവും വാശിയേറിയ മത്സരത്തിൽ 36 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കങ്കാരുപടയ്ക്ക് നിശ്ചിത ഓവറിൽ 316 റൺസെടുക്കാനെ സാധിച്ചുള്ളു. നേരത്തെ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് ഇംഗ്ലണ്ട് ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയം. 2015 ലോകകപ്പിലെ സെമിയിലേറ്റ തോൽവിക്ക് പ്രതികാരവും.
2 in 2 for #TeamIndia as they clinch the ODI against Australia by 36 runs #CWC19 #INDvAUS
Full scorecard here https://t.co/T0QT6nNmtc pic.twitter.com/Ux2c5NkgXA
— BCCI (@BCCI) June 9, 2019
Ind vs Aus, ICC World Cup 2019: ഇന്ത്യൻ ഇന്നിങ്സ്
ഇന്ത്യൻ ബാറ്റിങ് നിര ഒരിക്കൽ കൂടി കരുത്ത് കാട്ടിയ മത്സരത്തിൽ 352 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. നായകൻ കോഹ്ലിയും ഓപ്പണർ രോഹിത് ശർമ്മയും അർധസെഞ്ചുറി കണ്ടെത്തിയ മത്സരത്തിൽ ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരെല്ലാം ഇന്ത്യൻ ടീം സ്കോറിൽ വ്യക്തമായ സംഭാവന നൽകി. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 352 റൺസെന്ന സ്കോറിലെത്തിയത്.
Also Read: ധവാന്റെ സെഞ്ചുറി; ലോകകപ്പ് റെക്കോർഡ് തിരുത്തിയെഴുതി ഇന്ത്യ
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ സ്കോറിങ്ങിന് തുടക്കത്തിൽ അത്ര വേഗത ഇല്ലായിരുന്നെങ്കിലും പിന്നീട് താളം കണ്ടെത്തിയ ഓപ്പണിങ് സഖ്യം സ്കോർബോർഡ് ചലിപ്പിച്ച് തുടങ്ങി. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ധവാൻ – രോഹിത് സഖ്യം ഇന്ത്യക്ക് മികച്ച തുടക്കം നൽകി. അർധസെഞ്ചുറി തികച്ചതിന് പിന്നാലെ രോഹിത് മടങ്ങിയെങ്കിലും നായകൻ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് ധവാൻ തകർത്തടിക്കുകയായിരുന്നു. 70 പന്തിൽ മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 57 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. 23-ാം ഓവറിൽ കോൾട്ടർനില്ലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി രോഹിത്തിനെ പിടികൂടുകയായിരുന്നു.
INDIA WIN!
Their bowlers bowl Australia out for 316 after Shikhar Dhawan led with the bat scoring 117.#TeamIndia #INDvAUS #CWC19 pic.twitter.com/9CaZ8a1PY0
— Cricket World Cup (@cricketworldcup) June 9, 2019
രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ധവാൻ – കോഹ്ലി സഖ്യവും തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങി. ധവാൻ സെഞ്ചുറിയിലേക്കും. മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ 33-ാം ഓവറിലാണ് ധവാൻ സെഞ്ചുറി തികച്ചത്. ഓവലിൽ ധവാൻ നേടുന്ന മൂന്നാമത്തെ സെഞ്ചുറി എന്ന പ്രത്യേകതയും ഇന്നത്തെ ഇന്നിങ്സിന് സ്വന്തം. 109 പന്തിൽ 117 റൺസ് ഇന്ത്യൻ ടീം സ്കോറിൽ സംഭാവന ചെയ്ത ശേഷമാണ് ധവാൻ കളം വിട്ടത്. 16 ഫോറുകളാണ് ഇന്നിങ്സിൽ ധവാൻ പറത്തിയത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 36-ാം ഓവറിലെ അവസാന പന്തിൽ നഥാൻ ലിയോണിന് ക്യാച്ച് നൽകിയാണ് ധവാൻ ക്രീസ് വിട്ടത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ടീമായും ധവാന്റെ പ്രകടനത്തോടെ ഇന്ത്യ മാറി.
Also Read: ഐസിസി പറഞ്ഞു, ധോണി അനുസരിച്ചു; സൈനിക മുദ്ര ഇല്ലാത്ത ഗ്ലൗസുമായി താരം
നാലാം നമ്പരിൽ അപ്രതീക്ഷിത മാറ്റം വരുത്തിയ നായകൻ കോഹ്ലി ഹാർദിക് പാണ്ഡ്യയെ നേരത്തെ ഇറക്കി. നായകന്റെ തീരുമാനം പിഴച്ചില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് ക്രീസിലെത്തിയത് മുതൽ പാണ്ഡ്യ പുറത്തെടുത്തത്. ഓസിസ് ബൗളർമാരെ നിരന്തരം ബൗണ്ടറി പായിച്ച് പാണ്ഡ്യ നായകന് മികച്ച പിന്തുണ നൽകി. ഇതിനിടയിൽ കോഹ്ലിയും അർധസെഞ്ചുറി തികച്ചു. മാക്സ്വെൽ എറിഞ്ഞ 41-ാം ഓവറിലാണ് കോഹ്ലി അർധസെഞ്ചുറി തികച്ചത്. എന്നാൽ അർധസെഞ്ചുറി രണ്ട് റൺസകലെ പാണ്ഡ്യ വീണത് ഇന്ത്യക്ക് തിരിച്ചടിയായി. 27 പന്തിൽ നിന്ന് നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 48 റൺസെടുത്ത പാണ്ഡ്യയെ പാറ്റ് കമ്മിൻസ് നായകൻ ആരോൺ ഫിഞ്ചിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
ബാറ്റിങ് ഓർഡറിൽ അഞ്ചാമത് ധോണിയെ കൊണ്ടുവന്ന കോഹ്ലി വീണ്ടും ടീം സ്കോർ ഉയർത്തി. കോഹ്ലിക്ക് വ്യക്തമായ പിന്തുണ നൽകാൻ മുൻ നായകൻ ധോണിക്കും സാധിച്ചതോടെ ഓസ്ട്രേലിയൻ ബോളർമാർ വെള്ളം കുടിച്ചു. മിച്ചൽ സ്റ്റാർക്കെറിഞ്ഞ 49-ാം ഓവറിൽ ഒരു ഫോറും സിക്സും ഉൾപ്പടെ 13 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ മാർക്കസ് സ്റ്റോയിനിസിന് റിട്ടേൻ ക്യാച്ച് നൽകി ധോണി ഇന്നിങ്സ് അവസാനിപ്പിച്ചു. 14 പന്തിൽ 27 റൺസെടുത്ത ശേഷമാണ് ധോണി മടങ്ങിയത്.
It's been tough going for Australia today but Mitchell Starc provided momentary relief with the wicket of Shikhar Dhawan.#INDvAUS #CWC19 #TeamIndia #CmonAussiehttps://t.co/ch826497oo
— Cricket World Cup (@cricketworldcup) June 9, 2019
ആറമനായി ഇറങ്ങിയ രാഹുൽ ആദ്യ പന്ത് തന്നെ സിക്സർ പായിച്ച് വരവ് അറിയിച്ചു. എന്നാൽ അതേ ഓവറിന്റെ അഞ്ചാം പന്തിൽ ഇന്ത്യൻ ഇന്നിങ്സ് പൂർത്തിയാക്കാൻ നിക്കാതെ കോഹ്ലിയും മടങ്ങി. 77 പന്തിൽ 82 റൺസുമായാണ് കോഹ്ലി ക്രീസ് വിട്ടത്. നാല് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. അവസാന പന്ത് ബൗണ്ടറി പായിച്ച് രാഹുൽ ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുമ്പോൾ 352 റൺസെന്ന കൂറ്റൻ സ്കോറിലേക്ക് ഇന്ത്യ എത്തിയിരുന്നു.
Also Read: ‘ഗബ്ബറിന്റെ ശിക്കാര്’; ഐസിസി ടൂര്ണമെന്റുകളെ പ്രണയിച്ചവന് തിരുത്തിയ ചരിത്രം
ഓസ്ട്രേലിയൻ ബോളർമാരിൽ ഇക്കോണമി ആറ് റൺസിന് താഴെ നിലനിർത്താൻ സാധിച്ചത് പാറ്റ് കമ്മിൻസിന് മാത്രമായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി മാർക്കസ് സ്റ്റോയിനിസ് രണ്ടും പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, കോൾട്ടർ നിൽ, എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
Ind vs Aus, ICC World Cup 2019: ഓസ്ട്രേലിയൻ ഇന്നിങ്സ്
മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയുടെ തുടക്കവും സാവധാനമായിരുന്നു. ആദ്യ ഒമ്പത് ഓവറിൽ നേടാനായത് 29 റൺസ് മാത്രം. എന്നാൽ ഹാർദിക് പാണ്ഡ്യ എറിഞ്ഞ പത്താം ഓവറിൽ 19 റൺസ് അടിച്ചുകൂട്ടിയ ഓസിസ് ഓപ്പണർമാർ മത്സരത്തിലേക്ക് ഓസ്ട്രേലിയയെ തിരികെ കൊണ്ടുവന്നു. ബൗണ്ടറികളിലൂടെ റൺസ് കണ്ടെത്താൻ ആരംഭിച്ചതോടെ ഓസ്ട്രേലിയൻ ടീം സ്കോർ ചലിക്കാൻ തുടങ്ങി. 14-ാം ഓവറിൽ നായകൻ ആരോൻ ഫിഞ്ചിനെ റൺഔട്ടിലൂടെ പുറത്താക്കി ഇന്ത്യ ഓസ്ട്രേലിയക്ക് ആദ്യ പ്രഹരം നൽകി.
Game-changing.#INDvAUS #CWC19 #CmonAussie #TeamIndia pic.twitter.com/rZOq6SMozE
— Cricket World Cup (@cricketworldcup) June 9, 2019
എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന വാർണർ – സ്മിത്ത് സഖ്യം ഓസ്ട്രേലിയൻ പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. ടീം സ്കോർ 100 കടത്തിയ വാർണർ അർധ സെഞ്ചുഫി തികച്ച ശേഷമാണ് കളം വിട്ടത്. 84 പന്തിൽ 56 റൺസ് നേടിയ വാർണറെ യുസ്വേന്ദ്ര ചാഹൽ ഭുവനേശ്വർ കുമാറിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. വാർണർ വീണെങ്കിലും സ്മിത്തിനൊപ്പം ചേർന്ന ഉസ്മാൻ ഖ്വാജ സ്കോറിങ്ങിന്റെ വേഗത കൂട്ടി. 133ന് രണ്ടിൽ നിന്നും 200ലേക്ക് അതിവേഗം മുന്നേറിയ ഒസിസ് ഒരു ഘട്ടത്തിൽ വിജയത്തിലേക്കെന്ന് തോന്നിപ്പിച്ചു. എന്നാൽ ഖ്വാജയെ മടക്കി ബുംറയുടെ ഭൂം..ഭൂം… വിക്കറ്റ്.
Also Read: ആദം സാമ്പ പന്ത് ചുരണ്ടിയതോ? വീഡിയോ
അധികം വൈകാതെ സ്റ്റീവ് സ്മിത്തും മടങ്ങിയതോടെ ഓസ്ട്രേലിയ വീണ്ടും തകർച്ചയിലേക്ക്. 40-ാം ഓവറിലായിരുന്നു സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ്. അതേ ഓവറിൽ തന്നെ മാർക്കസ് സ്റ്റോയിനിസിനെയും വീഴ്ത്തി ഭുവനേശ്വർ ഇന്ത്യക്ക് മേൽകൈ നൽകി. തകർത്തടിച്ച ഗ്ലെൻ മാക്സ്വെല്ലിനെ ചാഹലും മടക്കിയതോടെ ഇന്ത്യ വിജയമുറപ്പിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ ഏഴാമനായി ഇറങ്ങിയ അലക്സ് ക്യാരി തയാറല്ലായിരുന്നു. നിരന്തരം ബൗണ്ടറി പായിച്ച് അലക്സ് ഓസ്ട്രേലിയൻ സ്കോർ ഉയർത്തി. പിന്തുണ കൊടുക്കാൻ ആളില്ലാതെ വന്നതോടെ 300 റൺസിന് എട്ട് പേരെ നഷ്ടമായി കങ്കാരുപടയ്ക്ക്. അലക്സ് ക്യാരി അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു.
Maiden #CWC19 fifty for Alex Carey and it is the quickest of the tournament so far!
Sadly too little too late for his Australia side?
Keep up to date with the closing stages of #INDvAUS https://t.co/GgSWFm1l41 pic.twitter.com/JevjLQeevA
— Cricket World Cup (@cricketworldcup) June 9, 2019
എന്നാൽ അവസാന ഓവറിന്റെ ആദ്യ പന്തിൽ സ്റ്റാർക്കും പുറത്തായതോടെ ഓസ്ട്രേലിയയുടെ പതനം പൂർത്തിയായി. അഞ്ച് പന്തിൽ 40 റൺസെന്ന ലക്ഷ്യം കൈയ്യെത്തും ദൂരത്തല്ല എന്ന് മനസിലാക്കിയ സാമ്പയ്ക്കും ക്യാരിക്കും മത്സരം പൂർത്തിയാക്കുക എന്ന ദൗത്യം മാത്രമാണ് മുന്നിലുണ്ടായിരുന്നത്.
ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ യുസ്വേന്ദ്ര ചാഹൽ രണ്ട് വിക്കറ്റും സ്വന്തമാക്കി.