ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി തികച്ച ശിഖർ ധവാന്റെ നേട്ടം ലോകകപ്പിൽ മാറ്റൊരു റെക്കോർഡ് തിരുത്തിയെഴുതിയിരിക്കുകയാണ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ടീമായി ഇന്ത്യ മാറി. ലോകകപ്പിൽ ഇതുവരെ 27 താരങ്ങളാണ് ഇന്ത്യക്ക് വേണ്ടി സെഞ്ചുറി തികച്ചത്. ഏറ്റവും ഒടുവിലായി ശിഖർ ധവാനും. ഓസ്ട്രേലിയയുടെ തന്നെ റെക്കോർഡാണ് അവർക്കെതിരായ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ശിഖർ ധവാൻ മറികടന്നത്.

ഓസ്ട്രേലിയക്കെതിരായ മത്സരം ആരംഭിക്കുന്നതിന് മുമ്പ് ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾ അടിച്ചുകൂട്ടിയത് 26 സെഞ്ചുറിയായിരുന്നു. ഓസ്ട്രേലിയൻ താരങ്ങളും സ്വന്തമാക്കിയ സെഞ്ചുറികളുടെ 26 തന്നെ. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ രോഹിത് ശർമ്മ സ്വന്തമാക്കിയ സെഞ്ചുറിയാണ് ഓസ്ട്രേലിയക്കൊപ്പം ഇന്ത്യയെ എത്തിച്ചത്. അതെ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ സെഞ്ചുറി തികച്ച് ഇന്ത്യയുടെ മറ്റൊരു ഓപ്പണർ റെക്കോർഡ് ഇന്ത്യയുടെ പേരിൽ മാത്രമായി തിരുത്തിയെഴുതി.

മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ 33-ാം ഓവറിലാണ് ധവാൻ സെഞ്ചുറി തികച്ചത്. ഓവലിൽ ധവാൻ നേടുന്ന മൂന്നാമത്തെ സെഞ്ചുറി എന്ന പ്രത്യേകതയും ഇന്നത്തെ ഇന്നിങ്സിന് സ്വന്തം. 109 പന്തിൽ 117 റൺസ് ഇന്ത്യൻ ടീം സ്കോറിൽ സംഭാവന ചെയ്ത ശേഷമാണ് ധവാൻ കളം വിട്ടത്. 16 ഫോറുകളാണ് ഇന്നിങ്സിൽ ധവാൻ പറത്തിയത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 36-ാം ഓവറിലെ അവസാന പന്തിൽ നഥാൻ ലിയോണിന് ക്യാച്ച് നൽകിയാണ് ധവാൻ ക്രീസ് വിട്ടത്.

രോഹിത്തിന്റെയും ധവാന്റെയും സെഞ്ചുറി കൂട്ടുകെട്ട് മികവിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക്. ധവാൻ സെഞ്ചുറിയും രോഹിത് അർധസെഞ്ചുറി തികച്ചതോടെ ഇന്ത്യൻ സ്കോർ ഉയരുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയിലാണ്. 57 റൺസെടുത്ത രോഹിത് ശർമ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഇന്ത്യ തുടക്കത്തിൽ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടെങ്കിലും രോഹിത്തും ധവാനും താളം കണ്ടെത്തുകയായിരുന്നു. 70 പന്തിൽ മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെയുമാണ് രോഹിത് 57 റൺസെടുത്തത്. 23-ാം ഓവറിൽ കോൾട്ടർനില്ലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി രോഹിത്തിനെ പിടികൂടുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook