ഓപ്പണർ ശിഖർ ധവാന്റെ തകർപ്പൻ സെഞ്ചുറി മികവിൽ ഓസ്ട്രേലിയക്കെതിരെ ലോകകപ്പിൽ ഇന്ത്യക്ക് മികച്ച സ്കോർ. ധവാനൊപ്പം മുന്നേറ്റ നിര മുഴുവൻ തിളങ്ങിയ മത്സരത്തിൽ 352 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. നായകൻ കോഹ്ലിയും ഓപ്പണർ രോഹിത് ശർമ്മയും അർധസെഞ്ചുറി കണ്ടെത്തിയ മത്സരത്തിൽ ക്രീസിലെത്തിയ ബാറ്റ്സ്മാന്മാരെല്ലാം ഇന്ത്യൻ ടീം സ്കോറിൽ വ്യക്തമായ സംഭാവന നൽകി. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 352 റൺസെന്ന സ്കോറിലെത്തിയത്.
Innings Break!#TeamIndia post a formidable total of 352/5 on the board. Over to the bowlers now #CWC19 pic.twitter.com/gde5Zxi0Ma
— BCCI (@BCCI) June 9, 2019
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ സ്കോറിങ്ങിന് തുടക്കത്തിൽ അത്ര വേഗത ഇല്ലായിരുന്നെങ്കിലും പിന്നീട് താളം കണ്ടെത്തിയ ഓപ്പണിങ് സഖ്യം സ്കോർബോർഡ് ചലിപ്പിച്ച് തുടങ്ങി. ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ധവാൻ – രോഹിത് സഖ്യം ഇന്ത്യക്ക് മികച്ച തുടക്കം നൽകി. അർധസെഞ്ചുറി തികച്ചതിന് പിന്നാലെ രോഹിത് മടങ്ങിയെങ്കിലും നായകൻ വിരാട് കോഹ്ലിയെ കൂട്ടുപിടിച്ച് ധവാൻ തകർത്തടിക്കുകയായിരുന്നു. 70 പന്തിൽ മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 57 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. 23-ാം ഓവറിൽ കോൾട്ടർനില്ലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി രോഹിത്തിനെ പിടികൂടുകയായിരുന്നു.
Also Read: നിറഞ്ഞാടി ഹിറ്റ്മാന് ; സച്ചിന്റേയും റിച്ചാര്ഡ്സിന്റേയും റെക്കോര്ഡുകള് പഴങ്കഥ
രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ധവാൻ – കോഹ്ലി സഖ്യവും തകർത്തടിച്ചതോടെ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങി. ധവാൻ സെഞ്ചുറിയിലേക്കും. മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ 33-ാം ഓവറിലാണ് ധവാൻ സെഞ്ചുറി തികച്ചത്. ഓവലിൽ ധവാൻ നേടുന്ന മൂന്നാമത്തെ സെഞ്ചുറി എന്ന പ്രത്യേകതയും ഇന്നത്തെ ഇന്നിങ്സിന് സ്വന്തം. 109 പന്തിൽ 117 റൺസ് ഇന്ത്യൻ ടീം സ്കോറിൽ സംഭാവന ചെയ്ത ശേഷമാണ് ധവാൻ കളം വിട്ടത്. 16 ഫോറുകളാണ് ഇന്നിങ്സിൽ ധവാൻ പറത്തിയത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ 36-ാം ഓവറിലെ അവസാന പന്തിൽ നഥാൻ ലിയോണിന് ക്യാച്ച് നൽകിയാണ് ധവാൻ ക്രീസ് വിട്ടത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ടീമായും ധവാന്റെ പ്രകടനത്തോടെ ഇന്ത്യ മാറി.
Also Read: ധവാന്റെ സെഞ്ചുറി; ലോകകപ്പ് റെക്കോർഡ് തിരുത്തിയെഴുതി ഇന്ത്യ
നാലാം നമ്പരിൽ അപ്രതീക്ഷിത മാറ്റം വരുത്തിയ നായകൻ കോഹ്ലി ഹാർദിക് പാണ്ഡ്യയെ നേരത്തെ ഇറക്കി. നായകന്റെ തീരുമാനം പിഴച്ചില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് ക്രീസിലെത്തിയത് മുതൽ പാണ്ഡ്യ പുറത്തെടുത്തത്. ഓസിസ് ബൗളർമാരെ നിരന്തരം ബൗണ്ടറി പായിച്ച് പാണ്ഡ്യ നായകന് മികച്ച പിന്തുണ നൽകി. ഇതിനിടയിൽ കോഹ്ലിയും അർധസെഞ്ചുറി തികച്ചു. മാക്സ്വെൽ എറിഞ്ഞ 41-ാം ഓവറിലാണ് കോഹ്ലി അർധസെഞ്ചുറി തികച്ചത്. എന്നാൽ അർധസെഞ്ചുറി രണ്ട് റൺസകലെ പാണ്ഡ്യ വീണത് ഇന്ത്യക്ക് തിരിച്ചടിയായി. 27 പന്തിൽ നിന്ന് നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 48 റൺസെടുത്ത പാണ്ഡ്യയെ പാറ്റ് കമ്മിൻസ് നായകൻ ആരോൺ ഫിഞ്ചിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
Enjoy highlights of Shikhar Dhawan's stunning https://t.co/CkCri44PD0
— Cricket World Cup (@cricketworldcup) June 9, 2019
ബാറ്റിങ് ഓർഡറിൽ അഞ്ചാമത് ധോണിയെ കൊണ്ടുവന്ന കോഹ്ലി വീണ്ടും ടീം സ്കോർ ഉയർത്തി. കോഹ്ലിക്ക് വ്യക്തമായ പിന്തുണ നൽകാൻ മുൻ നായകൻ ധോണിക്കും സാധിച്ചതോടെ ഓസ്ട്രേലിയൻ ബോളർമാർ വെള്ളം കുടിച്ചു. മിച്ചൽ സ്റ്റാർക്കെറിഞ്ഞ 49-ാം ഓവറിൽ ഒരു ഫോറും സിക്സും ഉൾപ്പടെ 13 റൺസാണ് അടിച്ചുകൂട്ടിയത്. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ മാർക്കസ് സ്റ്റോയിനിസിന് റിട്ടേൻ ക്യാച്ച് നൽകി ധോണി ഇന്നിങ്സ് അവസാനിപ്പിച്ചു. 14 പന്തിൽ 27 റൺസെടുത്ത ശേഷമാണ് ധോണി മടങ്ങിയത്.
Also Read: കോഹ്ലിയെ തേടി ആ പെട്ടിയെത്തി; ഉള്ളില് സ്വന്തം രാജ്യത്തിലെ മണ്ണ്
ആറമനായി ഇറങ്ങിയ രാഹുൽ ആദ്യ പന്ത് തന്നെ സിക്സർ പായിച്ച് വരവ് അറിയിച്ചു. എന്നാൽ അതേ ഓവറിന്റെ അഞ്ചാം പന്തിൽ ഇന്ത്യൻ ഇന്നിങ്സ് പൂർത്തിയാക്കാൻ നിക്കാതെ കോഹ്ലിയും മടങ്ങി. 77 പന്തിൽ 82 റൺസുമായാണ് കോഹ്ലി ക്രീസ് വിട്ടത്. നാല് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. അവസാന പന്ത് ബൗണ്ടറി പായിച്ച് രാഹുൽ ഇന്ത്യൻ ഇന്നിങ്സ് അവസാനിക്കുമ്പോൾ 352 റൺസെന്ന കൂറ്റൻ സ്കോറിലേക്ക് ഇന്ത്യ എത്തിയിരുന്നു.
ഓസ്ട്രേലിയൻ ബോളർമാരിൽ ഇക്കോണമി ആറ് റൺസിന് താഴെ നിലനിർത്താൻ സാധിച്ചത് പാറ്റ് കമ്മിൻസിന് മാത്രമായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി മാർക്കസ് സ്റ്റോയിനിസ് രണ്ടും പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, കോൾട്ടർ നിൽ, എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.