ആവേശ പോര് പ്രതീക്ഷിച്ച ഇന്ത്യ-പാക്കിസ്ഥാന്‍ ഏകപക്ഷീയമായ മത്സരം മാത്രമായി ഒതുങ്ങിയിരുന്നു. എന്നാല്‍ ഏകപക്ഷീയമായ മത്സരം പ്രതീക്ഷിച്ച ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ അങ്കം ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടമായി മാറുകയായിരുന്നു. അവസാന ഓവര്‍ ആകാംഷയും ആവേശവും നിറഞ്ഞ പോരാട്ടത്തില്‍ മുഹമ്മദ് ഷമിയുടെ ഹാട്രിക്ക് പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം നേടി കൊടുത്തത്. പേരുകേട്ട ഇന്ത്യയ്‌ക്കെതിരെ പൊരുതി വീണ അഫ്ഗാനിസ്ഥാന്‍ 11 റണ്‍സകലെയാണ് വിജയം കൈവിട്ടത്. പക്ഷെ അഫ്ഗാനിസ്ഥാന് ഈ പരാജയത്തില്‍ നഷ്ടപ്പെടാനൊന്നുമില്ല. വിറപ്പിച്ചത് സാക്ഷാല്‍ ഇന്ത്യയെയാണ്. ഇതോടെ തങ്ങളെ ഇത്തിരിക്കുഞ്ഞന്മാരായി കാണുന്നവര്‍ക്കുളള സന്ദേശവും നല്‍കിയാണ് അഫ്ഗാനിസ്ഥാന്‍ മടങ്ങുന്നത്.
അട്ടിമറി മുന്നില്‍ കണ്ട നിമിഷങ്ങള്‍, ഷമിയുടെ ഹീറോയിസം
ഇന്ത്യയെ 224 എന്ന താരതമ്യേന ചെറിയ സ്‌കോറിലൊതുക്കിയ അഫ്ഗാന്റെ മറുപടി ബാറ്റിങ്ങ് പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല. ഓപപ്ണര്‍ സസായിയെ 20 റണ്‍സിലെത്തി നില്‍ക്കെയാണ് അഫ്ഗാന് നഷ്ടമാകുന്നത്. എന്നാല്‍ ഗുല്‍ബാദിന്‍ നയിബ് നായകന്റെ ഉത്തരവാദിത്വത്തോടെ ടീമിനെ നയിച്ചു. നയിബും റഹ്മത്ത് ഷായും ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇന്ത്യ പരുങ്ങലിലായി. സ്‌കോര്‍ 64 ലെത്തി നില്‍ക്കെ നയിബിനെ പുറത്താക്കി ഹാര്‍ദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.
എന്നാല്‍ റഹ്മത്തും ഹഷ്മത്തുള്ള ഷായും ചേര്‍ന്ന് വീണ്ടും അഫ്ഗാന്‍ മോഹങ്ങള്‍ക്ക് ചിറകു നല്‍കി. പക്ഷെ തുടരെ തുടരെയുള്ള പന്തുകളില്‍ രണ്ട് പേരേയും പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഇതോടെ ഇന്ത്യയുടെ ആത്മവിശ്വാസവും തിരികെ വരികയായിരുന്നു. അപ്പോഴും വിജയം അഫ്ഗാന് കൈയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലായിരുന്നു. അവസാന ഓവറുകളില്‍ കത്തിക്കയറിയ നബി ഇന്ത്യയുടെ ഉറക്കം കെടുത്തി. റഹ്മത്ത് 36 റണ്‍സും ഷാഹിദി 21 റണ്‍സുമായാണ് മടങ്ങിയത്. നബിക്ക് മികച്ച പിന്തുണ നല്‍കിയ നജീബുള്ള സാദ്രാന്‍ 21 റണ്‍സ് നേടി. റാഷിദ് ഖാന്‍ 16 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഒരു വശത്ത് വിക്കറ്റുകള്‍ വീഴുന്നുണ്ടെങ്കിലും അവസാന ഓവറുകളിലേക്ക് എത്തുമ്പോള്‍ മറുവശത്ത് മുഹമ്മദ് നബി നില്‍ക്കുന്നതായിരുന്നു ഇന്ത്യയെ ഭയപ്പെടുത്തിയിരുന്നത്. അവസാന ഓവറില്‍ അഫ്ഗാന് വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. ഷമിയുടെ ആദ്യ പന്ത് തന്നെ നബി അതിര്‍ത്തി കടത്തി. ഇതോടെ നബി അര്‍ധ സെഞ്ചുറിയും കടന്നു. എന്നാല്‍ പിന്നെ സംഭവിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച തിരിച്ചു വരവ് പ്രകടനങ്ങളിലൊന്നിന്റെ ഗ്രാന്റ് ഫിനാലെയായിരുന്നു. രണ്ടാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച നബി ഹാര്‍ദിക് പാണ്ഡ്യയുടെ കരങ്ങളില്‍ വിശ്രമിച്ചു. മൂന്നാം പന്തില്‍ അഫ്താബ് അലമിന്റെ കുറ്റി തെറിച്ചു. നാലാം പന്തില്‍ മുജീബ് ഉര്‍ റഹ്മാന്റെ വിക്കറ്റും വീഴ്ത്തി ഷമി ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ ബോളറാണ് ഷമി. ഈ ലോകകപ്പിലെ ആദ്യ ബോളറും.
നാല് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബോളർമാരില്‍ മുന്‍പില്‍. രണ്ട് വിക്കറ്റ് വീതം നേടിയ ബുംറയും ചാഹലും ഹാർദിക് പാണ്ഡ്യയും ശക്തമായ പിന്തുണ നല്‍കി. അതേസമയം, നിർണായകമായ ബ്രേക്ക് ത്രൂ നല്‍കിയ ബുംറയാണ് കളിയിലെ താരം.
ഇന്ത്യന്‍ പെരുമയെ വെല്ലുവിളിച്ച അഫ്ഗാന്‍ വീര്യം
ഇന്ത്യയെ എറിഞ്ഞൊതുക്കുകായയിരുന്നു അഫ്ഗാനിസ്ഥാന്‍. വലിയ സ്‌കോര്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യയെ 224 റണ്‍സിന് അഫ്ഗാന്‍ വരിഞ്ഞ് മുറുക്കുകയായിരുന്നു. മികച്ച ബോളിങ് പ്രകടനവും ചോരാത്ത ഫീല്‍ഡിങ്ങുമാണ് അഫ്ഗാന് തുണയായത്.
വമ്പന്‍ അടി ലക്ഷ്യം വച്ചിറങ്ങിയ രോഹത് ശര്‍മ്മയെ ഒരു റണ്‍സിന് പുറത്താക്കിയാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയ്ക്ക് ആദ്യ അടി നല്‍കിയത്. എന്നാല്‍ വിരാട് കോഹ് ലിയും കെഎല്‍ രാഹുലും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ തിരികെ കൊണ്ടു വരുമെന്ന് തോന്നിപ്പിച്ചു. 30 റണ്‍സെടുത്തു നിന്ന രാഹുലിനെ പുറത്താക്കി നബി കൂട്ടുകെട്ട് തകര്‍ത്തു. അപ്പോഴും ഇന്ത്യയുടെ പ്രതീക്ഷ വിരാടിന്റെ ചുമലിലായിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകനെ പുറത്താക്കിയതും മുഹമ്മദ് നബിയാണ്. 63 പന്തില്‍ 67 റണ്‍സാണ് വിരാട് കോഹ് ലി എടുത്തത്. ഇരുവരും പുറത്തായതോടെ നിലയുറപ്പിച്ച് ബാറ്റ് ചെയ്യേണ്ട ഉത്തരവാദിത്വം എംഎസ് ധോണിയും വിജയ് ശങ്കറും ഏറ്റെടുത്തു. വലിയ അടികള്‍ക്ക് ശ്രമിക്കാതെ ഇരുവരും മുന്നോട്ട് നീങ്ങി. വിജയ് ശങ്കര്‍ 29 റണ്‍സില്‍ നില്‍ക്കെ റഹ്മത്ത് ഷായുടെ പന്തില്‍ പുറത്തായി.
കേദാര്‍ ജാഥവിനെ ധോണി കൂട്ടുപിടിച്ചു. 28 റണ്‍സെടുത്ത ധോണിയെ പുറത്താക്കി റാഷിദ് ഖാന്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകര്‍ത്തു. അര്‍ധ സെഞ്ചുറി നേടിയ കേദാര്‍ ജാഥവ് അവസാന ഓവറിലാണ് പുറത്താകുന്നത്. ജാഥവ് 68 പന്തില്‍ 52 റണ്‍സ് നേടി. നയിബും നബിയും രണ്ട് വിക്കറ്റുകള്‍ നേടി.