സതാംപ്ടണ്‍: ലോകകപ്പില്‍ ഇന്ത്യന്‍ ടീം തങ്ങളുടെ പ്രശസ്തമായ നീല ജഴ്‌സിക്ക് ഓറഞ്ച് ജഴ്‌സിയണിയുന്നു എന്ന വാര്‍ത്ത ക്രിക്കറ്റ് ലോകത്ത് ചില്ലറ കോളിളക്കമൊന്നുമല്ല ഉണ്ടാക്കിയത്. നീക്കത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തി. അതേസമയം, ജഴ്‌സിമാറ്റം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.

അതേസമയം, പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ ഓറഞ്ച് ജഴ്‌സിയണിയുക ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരിക്കും. നേരത്തെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ഓറഞ്ച് ജഴ്‌സിയണിയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഫുട്‌ബോളിലേതിന് സമാനമായി ടീമുകള്‍ ഹോം, എവേ ജഴ്‌സികള്‍ അണിയണമെന്നാണ് ഐസിസിയുടെ നിർദേശം. മറ്റ് ടീമുകള്‍ തങ്ങളുടെ എവേ ജഴ്‌സി അവതരിപ്പിച്ചെങ്കിലും ഇന്ത്യയിതുവരെ എവേ ജഴ്‌സി പുറത്തു വിട്ടിട്ടില്ല. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഇറങ്ങിയത് പതിവിലും കൂടുതല്‍ ചുവപ്പ് നിറമുള്ള തങ്ങളുടെ എവേ ജഴ്‌സിയുമായാണ്. പച്ചയ്ക്ക് പകരം മഞ്ഞയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് ദക്ഷിണാഫ്രിക്കയുടെ എവേ ജഴ്‌സി. പച്ചയ്ക്ക് പകരം ചുവപ്പ് നിറത്തിലുള്ളതാണ് ബംഗ്ലാദേശിന്റെ എവേ ജഴ്‌സി.

കൈയ്യിലും പിന്‍ഭാഗത്തുമെല്ലാം ഓറഞ്ച് നിറം കൂടുതലായി വരുന്നതാണ് ഇന്ത്യയുടെ എവേ ജഴ്‌സി. ഓറഞ്ച് ജേഴ്‌സിയിലെ കോളറില്‍ നീല സ്ട്രിപ്പുമുണ്ടാകും. നൈക്കിയാണ് ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍മാര്‍. പുതിയ ജേഴ്‌സിയെക്കുറിച്ച് നൈക്കി ഇതുവരെ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ച മാത്രമാണ് ഇന്ത്യന്‍ ടീം അംഗങ്ങളും പുതിയ ജഴ്‌സി കണ്ടത് എന്നാണ് റിപ്പോര്‍ട്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook