അഫ്ഗാനിസ്ഥാനെതിരെ നേടിയ നാടകീയ ജയത്തോടെ ഈ ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുകയാണ് ഇന്ത്യൻ ടീം. അഫ്ഗാനെതിരായ ജയത്തോടെ ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രത്തിൽ മറ്റൊരു നാഴിക കല്ല് കൂടി ടീം ഇന്ത്യ മറികടന്നു. ലോകകപ്പിൽ 50 ജയങ്ങൾ സ്വന്തമാക്കുന്ന ടീമുകളുടെ പട്ടികയിൽ ഇനി ഇന്ത്യയും ഉണ്ടാകും. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യ നേടുന്ന 50-ാം ജയമാണ് ഇന്നലെ സതാംപടണിൽ കണ്ടത്.

Also Read: ആശാന്മാരെ വെല്ലുവിളിച്ച് അഫ്ഗാന്‍ വീര്യം; എറിഞ്ഞ് വീഴ്ത്തി ഇന്ത്യ

ലോകകപ്പിൽ ഇതിന് മുമ്പ് 50 ജയങ്ങൾ സ്വന്തമാക്കിയത് രണ്ട് ടീമുകൾ മാത്രമാണ്. 67 ജയവുമായി ഓസ്ട്രേലിയയും 53 ജയങ്ങൾ സ്വന്തമാക്കിയ ന്യൂസിലൻഡുമാണ് പട്ടികയിൽ മുന്നിലുള്ള ടീമുകൾ. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ജയം നേടുന്ന രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ രണ്ടാമത് എത്തി. ഓസ്ട്രേലിയക്ക് പിന്നിലാണ് ഇന്ത്യ.

ലോകകപ്പിൽ കളിച്ച 79 മത്സരങ്ങളിൽ 50ലും ഇന്ത്യ ജയിക്കുകയായിരുന്നു. 27 മത്സരങ്ങളിൽ ഇന്ത്യ എതിരാളികളോട് അടിയറവ് പറഞ്ഞപ്പോൾ രണ്ട് മത്സരങ്ങൾ ഫലമില്ലാതെ അവസാനിക്കുകയായിരുന്നു. 90 മത്സരങ്ങൾ ലോകകപ്പിൽ കളിച്ച ഓസ്ട്രേലിയ 67 എണ്ണത്തിൽ ജയിച്ചു. 84 മത്സരങ്ങൾ കളിച്ച് 53ജയങ്ങളാണ് കിവികളുടെ അക്കൗണ്ടിലുള്ളത്.

Also Read: അത് തലയുടെ തന്ത്രമോ?; ഹാട്രിക്കിന് മുമ്പ് മുഹമ്മദ് ഷമിക്ക് എം.എസ് ധോണിയുടെ ഉപദേശം

അഫ്ഗാനിസ്ഥാനെതിരെ 11 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 224 റൺസിന്റെ വിജയലക്ഷ്യമാണ് അഫ്ഗാന് മുന്നിൽ ഉയർത്തിയത്. അഫ്ഗാന്റെ ബോളിങ് നിരയ്ക്കും ഫീൾഡിങ് തന്ത്രങ്ങൾക്കും മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഓരോരുത്തരായി കീഴടങ്ങി. അർധസെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്‌ലിയും കേദാർ ജാദവുമാണ് ഇന്ത്യക്ക് ഭേദപ്പെട്ട് സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങിൽ അഫ്ഗാനും ഭേദപ്പെട്ട തുടക്കം ലഭിച്ചു. ഒരു ഘട്ടത്തിൽ അഫ്ഗാൻ ലോകകപ്പിലെ ആദ്യ അട്ടിമറിയിലേക്കെന്നുപോലും ചിന്തിപ്പിച്ചു. എന്നാൽ തുടരെ തുടരെയുള്ള രണ്ട് പന്തുകളില്‍ വിക്കറ്റുകളെടുത്ത് ബുംറയാണ് കൈ വിട്ട കളിയില്‍ ഇന്ത്യയെ തിരികെ കൊണ്ടു വന്നത്. ഹഷ്മത്തുള്ള ഷാഹിദിയേയും റഹ്മത്തിനേയുമാണ് ബുംറ പുറത്താക്കയത്.നേരത്തെ നയിബിനെ പാണ്ഡ്യയാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ വിക്കറ്റുകൾ ഒന്നൊന്നായി കടപുഴകിയതോടെ ഇന്ത്യ 11 റൺസിന്റെ ജയവും സ്വന്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook