ലണ്ടന്‍: നിര്‍ണായക മത്സരത്തില്‍ സെഞ്ചുറി നേടിയെങ്കിലും ഇമാം ഉള്‍ ഹഖിന്റെ സന്തോഷത്തിന് ഒരു പന്ത് അകലെ അന്ത്യം. സെഞ്ചുറി നേടി തൊട്ടടുത്ത പന്തിലാണ് ഇമാം പുറത്താകുന്നത്. അതും സ്വന്തം പിഴവു കൊണ്ട്.

പാക്കിസ്ഥാന്‍ ഇന്നിങ്‌സ് 42-ാം ഓവറിലെത്തി നില്‍ക്കെയായിരുന്നു സംഭവം. ആ ഓവറിലെ അഞ്ചാം പന്തില്‍ സെഞ്ചുറി നേടിയതേയുണ്ടായിരുന്നു ഇമാം. ഗ്യാലറിയിലെ കൈയ്യടികള്‍ അവസാനിക്കും മുമ്പ്, തൊട്ടടുത്ത പന്ത് നേരിടുന്നതിനിടെ ഇമാം പിന്നോട്ട് വച്ച കാല്‍ സ്റ്റമ്പില്‍ കൊണ്ടു. മുസ്തഫിസൂര്‍ റഹ്മാന്റെ പന്തിലാണ് ഇമാം ഹിറ്റ് വിക്കറ്റാകുന്നത്. 100 റണ്‍സുമായാണ് താരം മടങ്ങിയത്.

അതേസമയം, ബംഗ്ലാദേശിനെതിരെ പാക്കിസ്ഥാന് 315 റണ്‍സ്. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 315 റണ്‍സെടുത്തത്. സെമി പ്രവേശനം നേടണമെങ്കില്‍ 311 റണ്‍സിന്റെ വിജയം വേണം പാക്കിസ്ഥാന്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 315 റണ്‍സെടുക്കാനേ സാധിച്ചിട്ടുള്ളൂ. ഇതോടെ പാക്കിസ്ഥാന്റെ സെമി മോഹം അവസാനിച്ചിരിക്കുകയാണ്.

ഓപ്പണര്‍ ഇമാം ഉള്‍ ഹഖിന്റെ സെഞ്ചുറിയും ബാബര്‍ അസമിന്റെ അര്‍ധ സെഞ്ചുറിയുമാണ് പാക്കിസ്ഥാന്റെ സ്‌കോര്‍ 315 ലെത്തിച്ചത്. എന്നാല്‍ ഇരുവരും പുറത്തായതോടെ പാക് ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു.

100 പന്തുകളില്‍ നിന്നും 100 റണ്‍സാണ് ഇമാം നേടിയത്. അതേസമയം കൂറ്റന്‍ സ്‌കോര്‍ വേണ്ടിടത്ത് ആഞ്ഞടിക്കാതെ കളിച്ച ഇമാമിനെതിരെ പാക് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഹിറ്റ് വിക്കറ്റായാണ് ഇമാം പുറത്തായത്. സെഞ്ചുറിയ്ക്ക് നാല് റണ്‍സകലെ ബാബറിനെ സെയ്ഫുദ്ദീന്‍ പുറത്താക്കുകയാണ്.

ഇമാമിന് പിന്നാലെ 27 റണ്‍സെടുത്ത മുഹമ്മദ് ഫാഹിസും പുറത്തായതോടെ പാക്കിസ്ഥാന്റെ സെമി മോഹങ്ങള്‍ അവസാനിച്ചു. പിന്നാലെ വന്നവരില്‍ തിളങ്ങിയത് 26 പന്തില്‍ 43 റണ്‍സെടുത്ത ഇമാദ് വസീം മാത്രമാണ്. അഞ്ച് വിക്കറ്റെടുത്ത മുസ്തഫിസൂര്‍ റഹ്മാനാണ് പാക്കിസ്ഥാന്റെ നട്ടെല്ലൊടിച്ചത്. സെയ്ഫുദ്ദീന്‍ മൂന്ന് വിക്കറ്റുകളുമായി മികച്ച പിന്തുണ നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook