കാര്‍ഡിഫ്: ന്യൂസിലാന്‍ഡിനെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ ഏറ്റുവാങ്ങിയ പരാജയത്തില്‍ നിന്നും രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 95 റണ്‍സ് വിജയം നേടിയാണ് ഇന്ത്യ തിരിച്ചു വന്നത്. കെഎല്‍ രാഹുലും എംഎസ് ധോണിയും നേടിയ സെഞ്ചുറികളുടെ ബലത്തിലായിരുന്നു ഇന്ത്യന്‍ വിജയം. ഓപ്പണര്‍മാര്‍ നേരത്തെ മടങ്ങിയ മത്സരത്തില്‍ നാലാമനായി ഇറങ്ങിയ രാഹുലും ധോണിയുമാണ് ഇന്ത്യയെ തിരികെ കൊണ്ടു വന്നത്.
ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശങ്ക ഉണര്‍ത്തുന്നതായിരുന്നു നാലാം സ്ഥാനത്ത് ആരെന്ന ചോദ്യം. കെഎല്‍ രാഹുലും വിജയ് ശങ്കറുമായിരുന്നു ഇന്നലെ വരെ നാലാം സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. ഇന്നലത്തെ പ്രകടനത്തോടെ എല്ലാ ആശങ്കകളും അവസാനിച്ചിരിക്കുകയാണ്. 99 പന്തുകളില്‍ നിന്നും 108 റണ്‍സാണ് രാഹുല്‍ നേടിയത്. ധോണിയുമൊത്ത് 164 റണ്‍സിന്റെ കൂട്ടുകെട്ടും രാഹുല്‍ പടുത്തുയര്‍ത്തു.
ഇതോടെ തന്റേയും ടീം മാനേജുമെന്റിന്റേയും ആശങ്ക ഒഴിവായതായാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും പറയുന്നത്. ”ഇന്ന് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവ് നാലാം നമ്പറില്‍ കെഎല്‍ രാഹുലിന്റെ പ്രകടനമാണ്. മറ്റെല്ലാവര്‍ക്കും അവരുടെ റോള്‍ കൃത്യമായി അറിയാം. അവന്‍ ക്ലാസ് ബാറ്റ്‌സ്മാനാണ്, അതുകൊണ്ട് തന്നെ രാഹുല്‍ റണ്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്” മത്സരശേഷം വിരാട് കോഹ്‌ലി പറഞ്ഞു.
മുന്‍ നായകന്‍ എംഎസ് ധോണിയേയും ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയേയും വിരാട് പ്രശംസിച്ചു. 78 പന്തുകളില്‍ നിന്നും 113 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ധോണി ഇന്നലെ പുറത്തെടുത്തത്. പാണ്ഡ്യ 11 പന്തുകളില്‍ നിന്നും 21 റണ്‍സ് നേടി.
ചെറിയ സ്കോറിലേക്ക് ഒതുങ്ങുമായിരുന്നു ഇന്ത്യയെ കൈപിടിച്ചുയർത്തിയത് രാഹുലിന്റെ ഇന്നിങ്സായിരുന്നു. 99 പന്തിൽ 108 റൺസ് നേടിയ ശേഷമാണ് രാഹുൽ ക്രീസ് വിട്ടത്. 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്. സാബിറിന്റെ പന്തിൽ രാഹുലിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു.
രഹുലിന്റെ ഈ ഇന്നിങ്സ് ഇന്ത്യയെ ഏറെ വലയ്ക്കുന്ന ചോദ്യത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. ഏകദിന ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ മറ്റ് പരീക്ഷണങ്ങൾക്ക് ഇന്ത്യൻ മാനേജ്മെന്റ് തയ്യാറായേക്കില്ല. രാഹുലിനെ നാലാം നമ്പരിലിറക്കി ബാറ്റിങ് ഓർഡർ ലൈനപ്പാക്കാനാകും ടീമിന്റെ ശ്രമം.
രാഹുലിന്റെയും മുൻനായകൻ ധോണിയുടെയും വെടിക്കെട്ട് ബാറ്റിങ് മികവിൽ 360 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നിലൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 359 റൺസിലെത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും തകർച്ചയോടെയായിരുന്നു. ടീം സ്കോർ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ ശിഖർ ധവാനെ ഇന്ത്യക്ക് നഷ്ടമായി. ഒരു റൺസെടുത്ത ശിഖർ ധവാനെ മൂന്നാം ഓവറിൽ മുസ്തഫിസൂർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. മൂന്നാമനായി വിരാട് കോഹ്‌ലി എത്തിയെങ്കിലും ടീം സ്കോറിങ്ങിന്റെ വേഗതയിൽ കാര്യമായ മാറ്റമുണ്ടായില്ല. ആദ്യ പത്ത് ഓവറിൽ ഇന്ത്യക്ക് നേടാനായത് 34 റൺസ് മാത്രമാണ്. അർധസെഞ്ചുറിക്ക് മൂന്ന് റൺസ് അകലെ നായകൻ വീണെങ്കിലും സെഞ്ചുറി തികച്ച ശേഷമാണ് രാഹുലും ധോണിയും ക്രീസ് വിട്ടത്.