scorecardresearch
Latest News

ICC World Cup Point Table: ഓസ്ട്രേലിയ ഒന്നാമത്; അപരാജിത കുതിപ്പുമായി ഇന്ത്യയും ന്യൂസിലൻഡും

ഏഴ് മത്സരങ്ങളിൽ ആറിലും ജയിച്ചാണ് കങ്കാരുക്കൾ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്

World Cup 2019, Cricket, ക്രിക്കറ്റ് ലോകകപ്പ് 2019, england, ഇംഗ്ലണ്ട്, australia, ഓസ്ട്രേലിയ,

ICC World Cup Point Table: ലോകകപ്പ് മത്സരക്രമം അവസാൻ ഘട്ടത്തിലേക്ക് എത്തുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഓസ്ട്രേലിയ. ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ ജയം സ്വന്തമാക്കിയ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തുകയായിരുന്നു. ഏഴ് മത്സരങ്ങളിൽ ആറിലും ജയിച്ചാണ് കങ്കാരുക്കൾ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ആറ് മത്സരങ്ങൾ അഞ്ചെണ്ണത്തിൽ ജയിക്കുകയും ഒരു മത്സരം മഴയെടുക്കുകയും ചെയ്ത ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തും. അഞ്ചിൽ നാല് ജയവുമായി ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്. ആതിഥേയരായ ഇംഗ്ലണ്ട് നാലാം സ്ഥാനത്തുമാണ്.

ലോകകപ്പിൽ ഇതുവരെ ഇന്ത്യയോട് മാത്രമാണ് ഓസ്ട്രേലിയ പരാജയമറിഞ്ഞത്. നായകൻ ആരോൺ ഫിഞ്ചിന്റെയും ഓപ്പണർ ഡേവിഡ് വാർണറുടെയും വെടിക്കെട്ട് ബാറ്റിങ് മികവിന് മധ്യനിര ശക്തമായ പിന്തുണ നൽകുകയും ബോളിങ് നിര സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുകയും ചെയ്തതോടെ ഓസ്ട്രേലിയ എതിരാളികളെ വട്ടം കറക്കി. ഇന്ത്യയൊഴികെ മറ്റ് രാജ്യങ്ങളെല്ലാം കങ്കാരുക്കൾക്ക് മുന്നിൽ അടിയറവ് പറഞ്ഞു.

ലോകകപ്പിൽ ഒരു മത്സരം പോലും പരാജയപ്പെടാത്ത ന്യൂസിലൻഡ് രണ്ടാം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ച കിവിസിന്റെ ഇന്ത്യക്കെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ലോകകപ്പിൽ മികച്ച തുടക്കം ലഭിച്ച ന്യൂസിലൻഡ് എന്നാൽ അവസാനം നടന്ന രണ്ട് മത്സരങ്ങളിലും പിന്നോട്ട് പോയിരുന്നു. ദക്ഷിണാഫ്രിക്കയോടും വെസ്റ്റ് ഇൻഡീസിനോടും കിവികളുടെ ജയം കഷ്ടിച്ചായിരുന്നെന്നു.

മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയിന്റ് സമ്പാദ്യം ഒമ്പതാണ്. ലോകകപ്പ് ആരംഭിച്ച് ഏഴാം ദിവസമാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും പരാജയപ്പെടുത്തിയപ്പോൾ മൂന്നാം മത്സരം ജയിച്ചത് മഴയായിരുന്നു. അയൽക്കാരായ പാക്കിസ്ഥാനെ 89 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനെതിരെയും ഇന്ത്യ ജയം സ്വന്തമാക്കിയരുന്നു. ലോകകപ്പിൽ ന്യൂസിലൻഡിനെ കൂടാതെ പരാജയമറിയാത്ത ഏക ടീമും ഇന്ത്യയാണ്.

ലോകകപ്പിൽ ഗംഭീര തുടക്കം ലഭിച്ച ആതിഥേയരായ ഇംഗ്ളണ്ട് എന്നാൽ അവസാന ഘട്ടത്തിലെത്തുമ്പോൾ തിരിച്ചടികൾ നേരിടുകയാണ്.
ഏഴ് മത്സരങ്ങളിൽ നാല് ജയവും മൂന്ന് തോൽവിയുമായി എട്ട് പോയിന്റുകൾ സ്വന്തമാക്കിയ ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 104 റൺസിന് തകർത്ത് ലോകകപ്പിന് തുടക്കം കുറിച്ച ഇംഗ്ലണ്ടിന് എന്നാൽ രണ്ടാം മത്സരത്തിൽ അടിതെറ്റി. ബംഗ്ലാദേശിനെയും വിൻഡീസിനെയും വീഴ്ത്തി ടൂർണമെന്റിലേക്ക് തിരിച്ചുവന്ന ഇംഗ്ലണ്ടിന് ശ്രീലങ്കയ്ക്കും ഓസ്ട്രേലിയക്കും മുന്നിൽ അടിതെറ്റി.

അഞ്ചാം സ്ഥാനത്തേക്ക് അപ്രതീക്ഷിത മുന്നേറ്റം നടത്തിയിരിക്കുകയാണ് ബംഗ്ലാദേശ്. ഏഴ് മത്സരങ്ങളിൽ മൂന്ന് വീതം ജയവും പരാജയവും നേടിയ ബംഗ്ലാദേശിന്റെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. വെസ്റ്റ് ഇൻഡിസിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും ജയം നേടിയ ബംഗ്ലാദേശ് അഫ്ഗാനിസസ്ഥാനെയും പരാജയപ്പെട്ടിരുന്നു.

ടൂർണമെന്റിലെ തങ്ങളുടെ രണ്ട് മത്സരങ്ങളും മഴ കൊണ്ടുപോയെങ്കിലും ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരം ജയിച്ച ശ്രീലങ്ക പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽ രണ്ട് മത്സരങ്ങളാണ് ശ്രീലങ്കയ്ക്ക് ജയിക്കാനായത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ജയിക്കുകയും രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ മത്സരത്തിന് പിന്നാലെ പാക്കിസ്ഥാനും ബംഗ്ലാദേശിനുമെതിരായ മത്സരം മഴകൊണ്ടുപോയി. അഞ്ചാം മത്സരത്തിൽ ഓസ്ട്രേലിയയോട് 87 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയ ശ്രീലങ്ക എന്നാൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് രണ്ട് പോയിന്റ് സ്വന്തമാക്കി. ദ്വീപുകാരുടെ ആകെ പോയിന്റ് സമ്പാദ്യം ഇതോടെ ആറായി ഉയർന്നു.

ആരോടും തോൽക്കും ആരോടും ജയിക്കുമെന്ന് പറഞ്ഞ പാക്കിസ്ഥാൻ അവസാനഘട്ടത്തിൽ വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രണ്ട് മത്സരങ്ങളിൽ ജയം കണ്ടെത്തിയ പാക്കിസ്ഥാൻ പോയിന്ര് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. വിൻഡീസിനോട് തോറ്റു തുടങ്ങിയ പാക്കിസ്ഥാൻ രണ്ടാം മത്സരത്തിൽ ആതിഥേയരെ ഞെട്ടിച്ച് ജയം സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ മത്സരത്തിൽ മഴ വില്ലനായപ്പോൾ ഓസ്ട്രേലിയയോടും പാക്കിസ്ഥാനോടും എതിരെ പൊരുതി നോക്കാൻ പോലും പാക്കിസ്ഥാന് സാധിച്ചില്ല. ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ലോകകപ്പിലേക്ക് വൻതിരിച്ചുവരവ് നടത്തിയിരിക്കുയാണ് പാക്കിസ്ഥാൻ. ജയത്തോടെ സെമിയിലെത്താൻ ഇനിയും പാക്കിസ്ഥാന് അവസരമുണ്ട്.

ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് വിശേഷിപ്പിച്ചിരുന്ന വിൻഡീസ് തകർന്നടിയുന്ന കാഴ്ചയായിരുന്നു. ആറ് മത്സരങ്ങളിൽ ഒരു മത്സരം ജയിക്കുകയും ഒരു മത്സരം മഴകൊണ്ടുപോകുകയും ചെയ്തപ്പോൾ നാല് മത്സരങ്ങളിൽ വിൻഡീസ് തോൽവി ഏറ്റുവാങ്ങി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ മാത്രമാണ് വിൻഡീസിനെതിരെ ജയിക്കാനായത്. ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും ഏറ്റവും ഒടുവിൽ ബംഗ്ലാദേശിനോടും പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരമാണ് മഴമൂലം ഉപേക്ഷിച്ചത്. ന്യൂസിലൻഡിനോട് കൈയ്യെത്തും ദൂരത്തെ വിജയം വിൻഡീകാർ നഷ്ടപ്പെടുത്തി കളയുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെയും സ്ഥിതി സമാനമാണ്. ഒമ്പതാം സ്ഥാനത്താണ് പ്രൊട്ടിയാസുകാരിപ്പോൾ. ആദ്യ മൂന്ന് മത്സരങ്ങളിൽ ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും ഇന്ത്യയോടും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയുടെ വിൻഡീസിനെതിരായ മത്സരം ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ അഞ്ചാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. പിന്നാലെ കിവികളോട് പൊരുതി വീഴുകയും പാക്കിസ്ഥാനോട് അടിയറവ് പറയുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യതകളും മങ്ങി.

ഒരു മത്സരങ്ങൾ പോലും ജയിക്കാൻ സാധിക്കാത്ത അഫ്ഗാനിസ്ഥാൻ പട്ടികയിൽ ഏറ്റവും ഒടുവിലാണ്. കളിച്ച നാല് മത്സരങ്ങളിലും ഫലം തോൽവിയായിരുന്നു. ഓസ്ട്രേലിയ, ശ്രീലങ്ക, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് അഫ്ഗാനെ തോൽപ്പിച്ചത്.

റോബിൻ റൗണ്ട് ഫോർമാറ്റിലാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ലോകകപ്പിൽ മത്സരിക്കുന്ന എല്ലാ ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവരാണ് സെമിഫൈനലിന് യോഗ്യത നേടുന്നത്.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: Icc world cup point table updated india position today june 26