scorecardresearch
Latest News

ICC World Cup Point Table: ആദ്യം ആതിഥേയർ; പിന്നാലെ കുതിച്ച് കങ്കാരുക്കൾ, ഇന്ത്യ നാലാമത്

നാല് വീതം മത്സരങ്ങളിൽ മൂന്ന് ജയവുമായി ന്യൂസിലൻഡും ഇന്ത്യയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ

Cricket world cup 2019, ലോകകപ്പ് ക്രിക്കറ്റ് 2019, England, ഇംഗ്ലണ്ട്, Pakistan, പാക്കിസ്ഥാന്‍, World Cup 2019, ലോകകപ്പ് 2019, Cricket, ക്രിക്കറ്റ്

ICC World Cup Point Table: ലോകകപ്പ് മത്സരക്രമം പാതി പിന്നിടുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ട്. കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും ജയിച്ചാണ് ഇംഗ്ലീഷ് പട ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇന്നലെ അഫ്ഗാനിസ്ഥാനെ തകർത്തതോടെയാണ് ഇംഗ്ലണ്ട് സ്ഥാനം മെച്ചപ്പെടുത്തിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവുമായി ഓസ്ട്രേലിയയും ഒപ്പമുണ്ടെങ്കിലും റൺറേറ്റിൽ ഇംഗ്ലണ്ടാണ് മുന്നിൽ. നാല് വീതം മത്സരങ്ങളിൽ മൂന്ന് ജയവുമായി ന്യൂസിലൻഡും ഇന്ത്യയുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. മഴമൂലം മത്സരം ഉപേക്ഷിച്ചതാണ് ഇരു ടീമുകൾക്കും തിരിച്ചടിയായത്.

അഞ്ച് മത്സരങ്ങളിൽ നാല് ജയവും ഒരു തോൽവിയുമായി എട്ട് പോയിന്റുകൾ സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 104 റൺസിന് തകർത്ത് ലോകകപ്പിന് തുടക്കം കുറിച്ച ഇംഗ്ലണ്ടിന് എന്നാൽ രണ്ടാം മത്സരത്തിൽ അടിതെറ്റി. ബംഗ്ലാദേശിനെയും വിൻഡീസിനെയും വീഴ്ത്തി ടൂർണമെന്റിലേക്ക് തിരിച്ചുവന്ന ഇംഗ്ലണ്ട് വിജയകുതിപ്പ് തുടരുകയാണ്. അഫ്ഗാനെതിരെ 150 റൺസിന്റെ ജയമാണ് ഇംഗ്ലീഷ് പട സ്വന്തമാക്കിയത്.

Also Read: ആധികാരിക ജയവുമായി ആതിഥേയർ; പൊരുതി നോക്കി അഫ്ഗാൻ

അഫ്ഗാനിസ്ഥാനെതിരെ ജയിച്ച് തുടങ്ങിയ ഓസ്ട്രേലിയ വിൻഡീസിനെയും കീഴ്പ്പെടുത്തിയിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് മുന്നിൽ അടിതെറ്റിയ കങ്കാരുക്കൾ പാക്കിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. എട്ട് പോയിന്റുകൾ തന്നെയാണ് ഓസ്ട്രേലിയയുടെ സമ്പാദ്യം.

മൂന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡ് ശ്രീലങ്കയെ പത്ത് വിക്കറ്റിനും ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിനുമാണ് പരാജയപ്പെടുത്തിയത്. അഫ്ഗാനെതിരായ മത്സരത്തിൽ കിവികളുടെ ജയം ഏഴ് വിക്കറ്റിനായിരുന്നു. എന്നാൽ ഇന്ത്യക്കെതിരായ മത്സരത്തിൽ മഴ കളിച്ചതോടെ ടീമിന് ലഭിച്ചത് ഒരു പോയിന്റാണ്. ഏഴ് പോയിന്റാണ് ന്യൂസിലൻഡിന് ആകെയുള്ളത്.

Also Read: ‘മോർ…മോർ…മോർഗൻ’; റെക്കോർഡുകൾ പഴങ്കഥയാക്കി ഇംഗ്ലീഷ് താരം

നാലാം സ്ഥാനക്കാരായ ഇന്ത്യയുടെ പോയിന്റ് സമ്പാദ്യവും ഏഴാണെങ്കിലും നെറ്റ് റൺറേറ്റിൽ ന്യൂസിലൻഡാണ് മുന്നിൽ. ലോകകപ്പ് ആരംഭിച്ച് ഏഴാം ദിവസമാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയയെയും പരാജയപ്പെടുത്തിയപ്പോൾ മൂന്നാം മത്സരം ജയിച്ചത് മഴയായിരുന്നു. അയൽക്കാരായ പാക്കിസ്ഥാനെ 89 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലൻഡും.

വിൻഡീസിനെതിരെ കഴിഞ്ഞ ദിവസം നേടിയ ജയത്തോടെ ബംഗ്ലാദേശ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. രണ്ട് മത്സരങ്ങൾ വീതം ജയിക്കുകയും പരാജയപ്പെടുകയും ചെയ്ത ബംഗ്ലാദേശിന്റെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ടൂർണമെന്റിന് തുടക്കം കുറിച്ച ബംഗ്ലാദേശ് അടുത്ത മത്സരങ്ങളിൽ ന്യൂസിലൻഡിനോടും ഇംഗ്ലണ്ടിനോടും തോൽവി വഴങ്ങി. ശ്രീലങ്കക്കെതിരായ മത്സരം ഉപേക്ഷിക്കുകയും ചെയ്തതോടെ ബംഗ്ലാദേശിന് കനത്ത തിരിച്ചടിയായി. എന്നാൽ വിൻഡീസിനെതിരെ ഷാക്കിബ് – ലിറ്റൺ കൂട്ടുകെട്ട് ബംഗ്ലാ കടുവകൾക്ക് ജയം സമ്മാനിക്കുകയായിരുന്നു.

ടൂർണമെന്റിലെ തങ്ങളുടെ രണ്ട് മത്സരങ്ങളും മഴ കൊണ്ടുപോയ ശ്രീലങ്ക പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ശ്രീലങ്കക്ക് ജയിക്കാനായത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് ജയിക്കുകയും രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ മത്സരത്തിന് പിന്നാലെ പാക്കിസ്ഥാനും ബംഗ്ലാദേശിനുമെതിരായ മത്സരം മഴകൊണ്ടുപോയി. അഞ്ചാം മത്സരത്തിൽ ഓസ്ട്രേലിയയോട് 87 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയ ശ്രീലങ്കയുടെ പോയിന്റ് സമ്പാദ്യം നാലാണ്.

Also Read: ‘രാശിയില്ല റാഷിദ്’; നാണക്കേടിന്റെ റെക്കോർഡുകളുമായി ലോക മൂന്നാം നമ്പർ ബോളർ

ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്ന് വിശേഷിപ്പിച്ചിരുന്ന വിൻഡീസ് തകർന്നടിയുന്ന കാഴ്ചയായിരുന്നു. അഞ്ച് മത്സരങ്ങളിൽ ഒരു മത്സരം ജയിക്കുകയും ഒരു മത്സരം മഴകൊണ്ടുപോകുകയും ചെയ്തപ്പോൾ മൂന്ന് മത്സരങ്ങളിൽ വിൻഡീസ് തോൽവി ഏറ്റുവാങ്ങി. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരെ മാത്രമാണ് വിൻഡീസിനെതിരെ ജയിക്കാനായത്. ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും ഏറ്റവും ഒടുവിൽ ബംഗ്ലാദേശിനോടും പരാജയപ്പെട്ടു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരമാണ് മഴമൂലം ഉപേക്ഷിച്ചത്.

ദക്ഷിണാഫ്രിക്കയുടെയും പാക്കിസ്ഥാന്റെയും സ്ഥിതി സമാനമാണ്. എന്നാൽ നെറ്റ് റൺറേറ്റിൽ മുന്നിലുള്ള ദക്ഷിണാഫ്രിക്കയാണ് പോയിന്ര് പട്ടികയിൽ പാക്കിസ്ഥാന് മുന്നിൽ എട്ടാം സ്ഥാനത്ത്. ആദ്യ മൂന്ന് മത്സരങ്ങളിൽ ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും ഇന്ത്യയോടും പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയുടെ വിൻഡീസിനെതിരായ മത്സരം ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ അഞ്ചാം മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

Also Read:‘ഞാന്‍ ഒറ്റയ്ക്കല്ല നാട്ടില്‍ പോകുക, നിങ്ങളും പെടും’; കട്ട കലിപ്പില്‍ പാക്കിസ്ഥാന്‍ നായകന്‍

ആരോടും തോൽക്കും ആരോടും ജയിക്കുമെന്ന് പറഞ്ഞ പാക്കിസ്ഥാനും ജയിക്കാൻ സാധിച്ചത് എന്നാൽ ഒരു മത്സരത്തിൽ മാത്രമാണ്. വിൻഡീസിനോട് തോറ്റു തുടങ്ങിയ പാക്കിസ്ഥാൻ രണ്ടാം മത്സരത്തിൽ ആതിഥേയരെ ഞെട്ടിച്ച് ജയം സ്വന്തമാക്കി. ശ്രീലങ്കക്കെതിരായ മത്സരത്തിൽ മഴ വില്ലനായപ്പോൾ ഓസ്ട്രേലിയയോടും പാക്കിസ്ഥാനോടും എതിരെ പൊരുതി നോക്കാൻ പോലും പാക്കിസ്ഥാന് സാധിച്ചില്ല.

ഒരു മത്സരങ്ങൾ പോലും ജയിക്കാൻ സാധിക്കാത്ത അഫ്ഗാനിസ്ഥാൻ പട്ടികയിൽ ഏറ്റവും ഒടുവിലാണ്. കളിച്ച നാല് മത്സരങ്ങളിലും ഫലം തോൽവിയായിരുന്നു. ഓസ്ട്രേലിയ, ശ്രീലങ്ക, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് അഫ്ഗാനെ തോൽപ്പിച്ചത്. ഇന്നലെ നായകന്റെ മികവിൽ ഇംഗ്ലണ്ടും അഫ്ഗാനെ തകർത്തിരുന്നു.

റോബിൻ റൗണ്ട് ഫോർമാറ്റിലാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ലോകകപ്പിൽ മത്സരിക്കുന്ന എല്ലാ ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവരാണ് സെമിഫൈനലിന് യോഗ്യത നേടുന്നത്.

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: Icc world cup point table updated india position today