ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളിൽ പുരോഗമിക്കുമ്പോൾ പോയിന്റ് പട്ടികയിൽ ന്യൂസിലൻഡ് തന്നെയാണ് മുന്നിൽ. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ന്യൂസിലൻഡ് നാല് പോയിന്റുകളുമായാണ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്കും നാല് പോയിന്റ് തന്നെയുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ഓസ്ട്രേലിയയാണ് മുന്നിൽ. കളിച്ച ഏക മത്സരത്തിൽ ജയിക്കാനായെങ്കിലും ഇന്ത്യ ഏഴാം സ്ഥാനത്താണ്.
ശ്രീലങ്കയെ പത്ത് വിക്കറ്റിനും ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിനുമാണ് ന്യൂസിലൻഡ് പരാജയപ്പെടുത്തിയത്. ബോളിങ്ങ് തന്നെയാണ് ന്യൂസിലൻഡ് ടീമിന്റെ പ്രധാന കരുത്ത്. +2.279 നെറ്റ് റൺറേറ്റുമായാണ് ന്യൂസിലൻഡ് ഒന്നാം സ്ഥാനത്തുള്ളത്. ഓസ്ട്രേലിയ ആകട്ടെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ വിൻഡീസിനെ 15 റൺസിനും തകർത്തു. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയുടെ നെറ്റ് റൺറേറ്റ് +1.059 ആണ്. 2015 ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ന്യൂസിലൻഡും ഓസ്ട്രേലിയയും.
ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം ഉപേക്ഷിച്ചെങ്കിലും പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ ശ്രീലങ്കക്കും പാക്കിസ്ഥാനുമായി. ആദ്യ നാലിൽ ഇരു ടീമുകളും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഓരോ പോയിന്റ് വീതം പങ്കിട്ടെടുത്ത ശ്രീലങ്കയും പാക്കിസ്ഥാനും യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്.
അഞ്ചാം സ്ഥാനത്തുള്ള വിൻഡീസ് കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്നിൽ വിജയിക്കുകയും മറ്റൊന്നിൽ പരാജയപ്പെടുകയും ചെയ്തു. പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയ ഏഴ് വിക്കറ്റ് ജയവുമായാണ് വിൻഡീസ് ലോകകപ്പിന് തുടക്കമിട്ടത്. എന്നാൽ ഓസ്ട്രേലിയയക്ക് മുന്നിൽ 15 റൺസിന് കീഴടങ്ങേണ്ടി വന്നു വിൻഡീസിന്.
റോബിൻ റൗണ്ട് ഫോർമാറ്റിലാണ് ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ലോകകപ്പിൽ മത്സരിക്കുന്ന എല്ലാ ടീമുകളും നേർക്കുനേർ വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്നവരാണ് സെമിഫൈനലിന് യോഗ്യത നേടുന്നത്. +2.054 നെറ്റ് റൺറേറ്റുള്ള വിൻഡീസിന്റെ പോയിന്റ് സമ്പാദ്യം രണ്ടാണ്.
ആറാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ അവസ്ഥയും സമാനമാണ്. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 104 റൺസിന് തകർത്ത് ലോകകപ്പിന് തുടക്കം കുറിച്ച ആതിഥേയർക്ക് എന്നാൽ രണ്ടാം മത്സരത്തിൽ അടിതെറ്റി. പാക്കിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ പരാജയം അപ്രതീക്ഷിതമായിരുന്നു. പാക്കിസ്ഥാനുയർത്തിയ 349 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് പോരാട്ടം 14 റൺസകലെ അവസാനിച്ചു. രണ്ട് പോയിന്റ് തന്നെയാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്.
ലോകകപ്പ് ആരംഭിച്ച് ഏഴാം ദിവസമാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയത്. ഇതുവരെ കളിച്ചതും ഒരു മത്സരം മാത്രം. ദക്ഷിണാഫ്രിക്കക്കെതിരെ പൊരുതി നേടിയ ജയം ഇന്ത്യക്ക് സമ്മാനിച്ചത് രണ്ട് പോയിന്റാണ്. എന്നാൽ കുറഞ്ഞ നെറ്റ് റൺറേറ്റ് ഇന്ത്യയെ പോയിന്റ് പട്ടികയിൽ പിന്നോട്ടടിക്കുകയായിരുന്നു. നിലവിൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ്
എട്ടാം സ്ഥാനത്ത് ബംഗ്ലാദേശാണ്. രണ്ട് മത്സരങ്ങൾ കളിച്ച ബംഗ്ലാ കടുവകൾക്കും ഒരു ജയം മാത്രമാണ് സ്വന്തമാക്കാൻ സാധിച്ചത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ ബംഗ്ലാദേശിന് രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് മുന്നിൽ കാലിടറി. ഏഴാം സ്ഥാനത്തുള്ള ശ്രീലങ്കയുടെയും സ്ഥിതി സമാനമാണ്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് പൂർണ്ണ പരാജയം സമ്മതിക്കുകയായിരുന്നു. പത്ത് വിക്കറ്റിനാണ് ന്യൂസിലൻഡ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് അവസാന നിമിഷത്തെ പ്രകടനം ജയത്തിലേക്ക് നയിച്ചു.
കളിച്ച മത്സരങ്ങളിൽ ഒന്നിൽ പോലും ജയിക്കാനാകാത്ത ടീമുകളാണ് ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാൻ. ദക്ഷിണാഫ്രിക്ക ഒമ്പതാം സ്ഥാനത്തും അഫ്ഗാനിസ്ഥാൻ പത്താം സ്ഥാനത്തുമാണ്. മൂന്ന് മത്സരങ്ങൾ കളിച്ച ദക്ഷിണാഫ്രിക്ക മൂന്നിലും പരാജയപ്പെട്ടു. ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും ഇന്ത്യയോടുമാണ് ദക്ഷിണാഫ്രിക്കയുടെ തോൽവി. അഫ്ഗാനിസ്ഥാനാകട്ടെ ഓസ്ട്രേലിയയോടും ശ്രീലങ്കയോടുമാണ് പരാജയപ്പെട്ടത്.