കാര്‍ഡിഫ്: ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലാന്‍ഡിന് പരാജയപ്പെട്ട ഇന്ത്യ ഇന്നും ഒരു പരാജയം മുന്നില്‍ കണ്ടതാണ്. പക്ഷെ കെഎല്‍ രാഹുലും എംഎസ് ധോണിയും ഇന്ത്യയുടെ രക്ഷകരായെത്തി. ഇരുവരും നേടിയ സെഞ്ചുറിയുടെ കരുത്തില്‍ ബംഗ്ലാദേശിനെതിരെ കൂറ്റന്‍ സ്‌കോറിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്.

രാഹുല്‍ തന്റെ ക്ലാസ് കളിയുമായി ഫോമിലേക്ക് തിരികെ വന്നപ്പോള്‍ തകര്‍പ്പന്‍ അടികളിലൂടെ ഗ്യാലറിയെ ആവേശത്തിരയിലേറ്റിയത് ധോണിയാണ്. 73 പന്തുകളില്‍ നിന്നും സെഞ്ചുറി പൂര്‍ത്തിയാക്കിയ ധോണി തന്റെ പ്രതപാകാലത്തെ ഓര്‍മ്മിപ്പിച്ചു. കൂറ്റന്‍ സിക്‌സിലൂടെയായിരുന്നു ധോണി സെഞ്ചുറി നേടിയത്. പഴയ ധോണിയിലേക്ക് ഒരു മടങ്ങിപ്പോക്ക് സാധ്യമല്ലെങ്കിലും ആ റാഞ്ചിക്കാരനെ ഇന്ന് ഓര്‍മ്മപ്പെടുത്തുന്ന എംഎസ് ധോണിയെന്ന വെറ്ററന്‍.

മത്സരത്തില്‍ ഏഴ് സിക്‌സുകളാണ് ധോണി നേടിയത്. ഇതില്‍ ഒരു സിക്‌സ് വേറിട്ടു നില്‍ക്കുന്നു. ബൗണ്ടറിയുടെ അതിര്‍ത്തി മാത്രമല്ല, ഗ്യാലറിയും ഗ്രൗണ്ടും കടന്ന് പുറത്ത് ചെന്നാണ് പന്ത് വീണത്. ഇതോടെ പുതിയ പന്ത് ഉപയോഗിച്ചാണ് കളി തുടര്‍ന്നത്. 37-ാം ഓവറിലായിരുന്നു ആ കൂറ്റന്‍ സ്‌കിസ് പിറന്നത്. തൊട്ട് മുമ്പിലെ പന്തില്‍ ഫോറിലൂടെ അര്‍ധ സെഞ്ചുറി തികച്ചിരുന്നു ധോണി. മൊസാദെക്ക് എറിഞ്ഞ രണ്ടാം പന്ത് ധോണി ഗ്രൗണ്ടിന് പുറത്തേക്ക് അടിച്ചകറ്റുകയായിരുന്നു. ഇതോടെ അടുത്ത പന്തിനായി അമ്പയര്‍മാര്‍ക്ക് പുതിയ പന്ത് എടുക്കേണ്ടി വന്നു. തന്റെ തുടക്കകാലത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ധോണിയുടെ ആ സിക്‌സ്.

ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. 360 റൺസിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നിലുള്ളത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 359 റൺസിലെത്തിയത്.

ഓപ്പണർമാർ ഒരിക്കൽ കൂടി തകർന്നടിഞ്ഞപ്പോൾ മധ്യനിരയിൽ നായകൻ കോഹ്‌ലിയും ആറാം വിക്കറ്റിൽ ഒത്തുചേർന്ന ധോണിയും രാഹുലും ചേർന്ന് പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിങ് മികവിലാണ് ടീം സ്കോർ ഉയർത്താൻ ഇന്ത്യക്ക് സാധിച്ചത്. അർധസെഞ്ചുറിക്ക് മൂന്ന് റൺസ് അകലെ നായകൻ വീണെങ്കിലും സെഞ്ചുറി തികച്ച ശേഷമാണ് രാഹുലും ധോണിയും ക്രീസ് വിട്ടത്.

അവസാന ഓവറുകളിൽ ധോണി പ്രഹരത്തിൽ ബംഗ്ലാദേശ് ബൗളർമാർ വെള്ളം കുടിച്ചു. സാബിറും മുസ്തഫിസൂർ രഹ്മാനുമെല്ലാം തല്ലുവാങ്ങി. കിട്ടിയ അവസരം മുതലാക്കിയ ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ഇന്ത്യൻ ഇന്നിങ്സിൽ നിർണായക സാനിധ്യമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook