ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടിയത് 1983 ലാണ്. കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി കിരീടം ഉയര്‍ത്തിയപ്പോള്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിന് പുതുജീവനേകി. എന്നാല്‍, 2000 ത്തിലേക്ക് എത്തുമ്പോഴേക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അവസ്ഥ അങ്ങേയറ്റം ദുര്‍ബലപ്പെട്ടു. മികച്ച കളിക്കാര്‍ ഇല്ലാതിരുന്നു എന്നതല്ല പ്രശ്നം. മറിച്ച്, വാതുവയ്പ്പും ടീമിലെ ആഭ്യന്തര പ്രശ്നങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിടികൂടി. തകര്‍ന്നുതരിപ്പണമാകുമെന്ന തോന്നലില്‍ നിന്ന് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ജീവവായു ലഭിച്ചത് 2000 ത്തിന് ശേഷമാണ്.
ചിതറി കിടക്കുന്ന ടീമിനെ ‘ഒന്നാക്കി’ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തം സൗരവ് ഗാംഗുലിയെന്ന കൊല്ക്കത്തക്കാരനില് നിക്ഷിപ്തമായി. ഗാംഗുലി എന്ത്, എപ്പോള്‍, എങ്ങനെ ചെയ്യുമെന്ന് അയാള്‍ക്ക് പോലും വ്യക്തതയില്ലാത്ത കാലഘട്ടം. എതിരാളികള്‍ക്ക് നേരെ എന്തും പറയാന്‍ മടിയില്ലാത്ത നായകന്. ആരാധകരും ഇന്ത്യന്‍ സമൂഹവും ‘ദാദ’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഗാംഗുലിയിലായിരുന്നു പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി. എല്ലാവരെയും ഒരു വട്ടത്തിനുള്ളില്‍ നിര്‍ത്തി അയാള്‍ ഉപദേശങ്ങള്‍ നല്കാന് തുടങ്ങി. എതിരാളികളെ കണ്ട് ഭയവിഹ്വലരായി നില്ക്കുന്ന ടീം അംഗങ്ങള്‍ക്ക് ‘പോയി, തോല്‍പ്പിച്ച് വരണം’ എന്നൊരു ഉപദേശമേ ഗാംഗുലി നല്കിയിരുന്നുള്ളൂ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒരു മഹാമേരുവായി വളര്‍ന്ന കാലഘട്ടമായിരുന്നു പിന്നീടങ്ങോട്ട്. എതിരാളികളെ ചോദ്യം ചെയ്തും പതിവ് ശൈലികളെയെല്ലാം വെല്ലുവിളിച്ചും ഗാംഗുലി ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിച്ചു. ആ മുന്നേറ്റം ഒടുവില്‍ ചെന്നെത്തിയത് ലോകകിരീടത്തിന് മുന്‍പിലാണ്. 2003 മാർച്ച് മാസം 23 നായിരുന്നു ആ കലാശപോരാട്ടം.
ക്രിക്കറ്റ് ലോകകപ്പിന് മുന്പില് ഏറെ പ്രതീക്ഷകളോടെ ഗാംഗുലിയും സംഘവും വട്ടമിട്ടു. പ്രതീക്ഷകള്‍ ഏറെയായിരുന്നു. കോടിക്കണക്കിന് ഭാരതീയരെ ആനന്ദത്തിലാഴ്ത്താന് ഇതിലും വലിയ അവസരമില്ലല്ലോ. പക്ഷേ, എതിരാളികള്‍ ഓസ്ട്രേലിയയാണ്. ക്രിക്കറ്റ് ലോകത്ത് രാജകീയ സിംഹാസനം ഇരിപ്പിടമായുള്ള കംഗാരുക്കൾ. ആരെയും കളിക്കളത്തില്‍ നിഷ്പ്രഭമാക്കാന്‍ കെല്‍പ്പുള്ള റിക്കി പോണ്ടിങിന്റെ കംഗാരുപ്പട. എതിരാളികള്‍ ഗാംഗുലിയെയും സംഘത്തെയും ഏറെ അസ്വസ്ഥരാക്കിയിരുന്നു. ഓസ്ട്രേലിയ കിരീടം ചൂടുമെന്ന് ഇന്ത്യക്കാര്‍ പോലും മനസില്‍ കരുതുന്ന കാലഘട്ടം. താരതമ്യേന ദുര്‍ബലരായ ടീമാണ് ഇന്ത്യയെന്ന് വിലയിരുത്തലുകളും ഉണ്ടായിരുന്നു. എങ്കിലും പോരാടാനുറച്ച മനസുമായി ഇന്ത്യ കളത്തിലിറങ്ങി.
തുടക്കം തൊട്ടേ പിഴച്ചുപോയി ഇന്ത്യന്‍ നായകന് എന്ന് പില്ക്കാലത്ത് നിരവധി പേര് പറഞ്ഞിട്ടുണ്ട്. ആദ്യം പിഴച്ചത് ടോസില്‍ തന്നെയാണ്. പിച്ചിന്റെ സ്വഭാവം കണക്കിലെടുത്ത് ആദ്യം ബാറ്റ് ചെയ്യുന്നത് നല്ല തുടക്കം ലഭിക്കില്ലെന്ന വിലയിരുത്തലായിരുന്നു ഗാംഗുലിക്കും സംഘത്തിനുമുണ്ടായിരുന്നത്. ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം നിന്നു. പക്ഷേ, സൗരവ് ഗാംഗുലി എന്ന നായകന് ഓസ്ട്രേലിയയെ ബാറ്റിങിന് അയച്ചു. സച്ചിനും ഗാംഗുലിയും ദ്രാവിഡും സേവാഗുമെല്ലാം ഇന്ത്യയുടെ ബാറ്റിങ് നിരയിലുണ്ടല്ലോ എന്ന് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരും കരുതി. കംഗാരുക്കളെ മറികടക്കാനാകുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു ഇന്ത്യന്‍ ടീമും നായകന് ഗാംഗുലിയും. പക്ഷേ, ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയില്‍ വന്നവരും പോയവരും ബൗണ്ടറികളിലൂടെ ഇന്ത്യന്‍ ബൗളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ചു. സൗരവ് ഗാംഗുലി വിരലിലെ നഖം കടിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഇന്ത്യന്‍ ആരാധകര്‍ പരാജയം മണത്തു. എങ്കിലും നീലക്കൊടി വാനില്‍ ഉയര്‍ന്നു പാറി.
ഓസ്ട്രേലിയയുടെ സ്കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. ഓസീസ് നായകന് റിക്കി പോണ്ടിങ് സഹീര്‍ ഖാനെയും ശ്രീനാഥിനെയും ഒരു ദാക്ഷിണ്യവുമില്ലാതെ അടിച്ചകറ്റി. ഒടുവില്‍ നിശ്ചിത 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഓസീസിന്റെ ടോട്ടല്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 359 റണ്‍സ്!. 280 റണ്‍സ് പിന്തുടര്ന്ന് വിജയിക്കുന്നത് പോലും വളരെ ബുദ്ധിമുട്ടായ കാലത്ത് ഇന്ത്യന്‍ ടീമിന് ആലോചിക്കാന്‍ പോലും സാധിക്കാത്തതായിരുന്നു ഓസീസ് ഉയര്‍ത്തിയ റണ്‍സ്. നായകന് റിക്കി പോണ്ടിങ് 121 പന്തുകളില്‍ നിന്ന് പുറത്താകാതെ നേടിയത് 140 റണ്‍സ്!
പോരാടാനുറച്ച് ഇന്ത്യന്‍ ടീമും കളത്തിലിറങ്ങി. സച്ചിനും സെവാഗും ക്രീസിലെത്തിയപ്പോള്‍ കുന്നോളം പ്രതീക്ഷകളുമായി നൂറ് കോടി ജനങ്ങള്‍ ഉള്ളുരുകി പ്രാര്‍ഥിച്ചു. എന്നാല്‍, രണ്ടക്കം പോലും കാണും മുന്‍പ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ വെറും നാല് റണ്‍സുമായി കൂടാരം കയറി. സെവാഗിനൊപ്പം ഗാംഗുലിയും ചേര്‍ന്നതോടെ ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷകള്‍. പതുക്കെ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് ഉയര്‍ന്നു. മൂന്ന് ഫോറുകളും ഒരു സിക്സറുമായി ഗാംഗുലി തുടക്കം ഗംഭീരമാക്കി. മറുവശത്ത് സെവാഗും മികച്ച രീതിയില്‍ ബാറ്റ് വീശുന്നു. എന്നാല്‍, പത്താം ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യയ്ക്ക് നായകനെ നഷ്ടമായി. 25 പന്തില്‍ 24 റണ്‍സുമായി ഗാംഗുലി പുറത്തേക്ക്. ശേഷമെത്തിയ മുഹമ്മദ് കൈഫ് റണ്ണൊന്നും എടുക്കാതെ മടങ്ങി. പിന്നീട്, രാഹുല്‍ ദ്രാവിഡും സെവാഗും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു.
Also Read: ലോകകപ്പ് ഓർമ്മകള്‍: സ്വന്തം മരുന്നിന്റെ രുചിയറിഞ്ഞ് വാട്സണ്; മൈതാനത്ത് തീപടര്‍ത്തിയ വഹാബ് റിയാസ്
നന്നായി ബാറ്റ് വീശുന്ന സെവാഗിന് ദ്രാവിഡ് പിന്തുണ നല്കി. ടീം സ്കോര്‍ 147 ല്‍ എത്തിനില്‍ക്കെ ഇന്ത്യയ്ക്ക് സെവാഗിനെ നഷ്ടമായി. 81 പന്തില്‍ നിന്ന് 82 റണ്‍സ് നേടിയ സെവാഗ് ഒരു സമയത്ത് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷകള്‍ നല്‍കിയെങ്കിലും അതെല്ലാം അതിവേഗം അസ്ഥാനത്തായി. സെവാഗിന് പിന്നാലെ ഒരോരുത്തരായി കൂടാരം കയറി. ദ്രാവിഡ് (47), യുവരാജ് (24), മോംഗിയ (12), ഹര്ഭജന് സിങ് (7), സഖീര്‍ ഖാന് (4), ശ്രീനാഥ് (1), നെഹ്റ (8). ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ ഒന്നു പൊരുതി നോക്കുക പോലും ചെയ്യാതെ തകര്‍ന്നു തരിപ്പണമായി. ടെലിവിഷന്‍ മുന്പിലിരുന്ന് നിരവധി പേര് കണ്ണീരൊഴുക്കി. ഒാസ്ട്രേലിയ മൂന്നാമത്തെ വിശ്വകിരീടം ചൂടി. തോല്ക്കാന് മനസില്ലാത്ത നായകന് സൗരവ് ഗാംഗുലി ടീം അംഗങ്ങള്‍ക്ക് നടുവില്‍ എല്ലാം നഷ്ടപ്പെട്ട രാജകുമാരനെ പോലെ വിളറിയ മുഖവുമായി നിന്നു. ഒരുപക്ഷേ, ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തിരുന്നെങ്കില്‍ ഈ കളിയുടെ വിധി മറ്റൊന്നാകുമെന്ന് വിശ്വസിക്കുന്നവര്‍ ഇന്നും ഇന്ത്യയിലുണ്ട്.
എന്നാല്‍, കിരീടം നഷ്ടപ്പെട്ടതുകൊണ്ടോ ടീം തകര്‍ന്നതുകൊണ്ടോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അവരുടെ പ്രിയപ്പെട്ട ആരാധകരെ നഷ്ടപ്പെട്ടില്ല. കൂടുതല്‍ പേര് ആ നീല ജഴ്സിയെ പ്രണയിച്ചു. ക്രിക്കറ്റിനെ പ്രണയിച്ചു. സച്ചിനും ഗാംഗുലിക്കും ദ്രാവിഡിനും സെവാഗിനും യുവരാജിനും വേണ്ടി ആര്‍പ്പുവിളിച്ചു. ആ സ്നേഹമാണ്, ആ ആരാധനയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് എക്കാലത്തും ഊര്‍ജം. ജോഹന്നാസ്ബര്‍ഗില്‍ പരാജിതരായി തല താഴ്ത്തി നിന്ന ദാദയെയും കൂട്ടാളികളെയും നെഞ്ചിലേറ്റി നടന്ന തലമുറയ്ക്ക് പിന്നീട് എട്ട് വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കേണ്ടി വന്നു ക്രിക്കറ്റ് ലോകകപ്പിനായി. എന്നാല്‍, ആ എട്ട് വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടായ വളര്‍ച്ച ഒരു ജനതയ്ക്ക് മുഴുവന്‍ അവകാശപ്പെട്ടതാണ്. കിരീടം ചൂടാന്‍ സാധിക്കാതിരുന്ന ടീമിനെ അവര്‍ തള്ളി കളഞ്ഞിരുന്നെങ്കിൽ, ക്രിക്കറ്റിനോടുള്ള ഇഷ്ടത്തിന് ഫുള്‍ സ്റ്റോപ്പ് ഇട്ടിരുന്നെങ്കില്‍ 2011 ലെ ക്രിക്കറ്റ് കിരീടം അപ്രാപ്യമായ സ്വപ്നമായിരുന്നേനെ…