ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ആദ്യ മത്സരത്തില്‍ ന്യൂസിലൻഡിനോട് തോറ്റ കോഹ്ലിയും സംഘവും ജയത്തോടെ ലോകകപ്പിന് ഒരുങ്ങാമെന്ന പ്രതീക്ഷയിലാണ്.
ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനോടേറ്റ തോൽവിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാകും ഇന്ത്യ ഇന്നിറങ്ങുക. പരുക്കിലുള്ള കേദാർ ജാദവ് ഈ മത്സരത്തിലും ഇറങ്ങാൻ സാധ്യതയില്ല. നാലാം നമ്പറിൽ വിജയ് ശങ്കർ എത്തിയേക്കും. ഈ ലോകകപ്പിൽ കറുത്ത കുതിരകളാകുമെന്ന് കരുതപ്പെടുന്ന ബംഗ്ലാദേശിനെ ഇന്ത്യക്ക് നിസാരമായി കാണാനാവില്ല. പാക്കിസ്ഥാനെതിരായ മത്സരം മഴമുടക്കിയതിനാൽ ബംഗ്ലാദേശിന്റെ ആദ്യ സന്നാഹ മത്സരമാണിത്.
ഏതൊക്കെ പൊസിഷനില്‍ ആരൊക്കെ കളിക്കണം എന്നുള്ളതിനെക്കുറിച്ച് ഒരു ധാരണയില്ലാത്ത രീതിയിലായിരുന്നു ടീം ഇന്ത്യയുടെ പ്രകടനം. ഏറ്റവും വലിയ തലവേദന നാലാം നമ്പറില്‍ ആരിറങ്ങും എന്ന ചോദ്യമാണ്. കഴിഞ്ഞ മത്സരത്തില്‍ ആ സ്ഥാനത്തിറങ്ങിയ കെ.എല്‍.രാഹുലിന് ഫോം കണ്ടെത്താനായതുമില്ല. പരുക്കില്‍ നിന്നും മുക്തമായി കേദാര്‍ ജാദവ് തിരിച്ചുവന്നാല്‍ മാത്രമേ ഇന്ത്യക്ക് നാലാം നമ്പറില്‍ പ്രതീക്ഷയുള്ളൂ. വിജയ് ശങ്കറിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് കാർഡിഫിലാണ് മത്സരം.