സതാംപ്ടണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ആരാധകരുടെ കണ്ണുടക്കി നിന്നത് മുന്‍ നായകന്‍ എം.എസ്.ധോണിയുടെ ഗ്ലൗസിലായിരുന്നു. താരത്തിന്റെ കീപ്പിങ് ഗ്ലൗസിലെ പ്രത്യേക അടയാളമായിരുന്നു അതിന് കാരണം. ആ ചിഹ്നം എന്താണെന്ന് വ്യക്തമായതോടെ ഇന്ത്യന്‍ നായകന് സോഷ്യല്‍ മീഡിയയുടെ സല്യൂട്ട്.

ഇന്ത്യന്‍ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചിഹ്നമായിരുന്നു അത്. ബലിദാന്‍ എന്നറിയിപ്പെടുന്നതാണ് ഈ ചിഹ്നം. ഇതോടെ താരത്തിന് സോഷ്യല്‍ മീഡിയ സല്യൂട്ട് ചെയ്യുകയായിരുന്നു. രാജ്യത്തോടും സൈന്യത്തോടുമുള്ള ധോണിയുടെ ആദരവമായിരുന്നു ആ ബാഡ്ജ്. അതുകൊണ്ട് തന്നെ താരത്തെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

ആര്‍മിയില്‍ ചേരാനുള്ള തന്റെ ആഗ്രഹം പലതവണ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള താരം കൂടിയാണ് എം.എസ്.ധോണി. പാരാ റെജിമെന്റില്‍ ഹോണററി റാങ്കുണ്ട് എം.എസ്.ധോണിക്ക്. 2011ല്‍ ഹോണററി പദവി ലഭിച്ച ധോണി ഹ്രസ്വകാല ട്രെയിനിങ്ങും പൂര്‍ത്തിയാക്കിയിരുന്നു.

ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. രോഹിത് ശര്‍മ്മയുമൊത്ത് നിര്‍ണായകമായൊരു കൂട്ടുകെട്ടിന്റെ ഭാഗമായിരുന്നു ധോണി. ഇന്ത്യയ്ക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ നാലാമനായി എത്തിയ കെ.എല്‍.രാഹുലിനെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ രാഹുല്‍ 26 റണ്‍സെടുത്ത് മടങ്ങി. സ്‌കോര്‍ 139 ലെത്തി നില്‍ക്കെ റബാഡയാണ് രാഹുലിന്റെ അന്തകനായത്.

പിന്നീടായിരുന്നു ധോണി ക്രീസിലേക്ക് എത്തിയത്. ധോണിയുമൊത്ത് പക്വതയോടെ ബാറ്റ് വീശിയ രോഹിത് സെഞ്ചുറി കടന്ന് മുന്നേറി. ധോണിയുമൊത്ത് 74 റണ്‍സിന്റെ കൂട്ടുകെട്ടും രോഹിത് പടുത്തുയര്‍ത്തി. ധോണി 34 റണ്‍സിലെത്തി നില്‍ക്കെ പുറത്തായി. പിന്നാലെ വന്ന ഹാർദിക് പാണ്ഡ്യ 7 പന്തുകളില്‍ മൂന്ന് ഫോറുകളുമായി തകര്‍ത്തടിച്ചു. ഇതോടെ ഇന്ത്യ അനായാസം വിജയതീരത്തെത്തി.

ഈ പ്രകടനത്തോടെ മറ്റൊരു നാഴികക്കല്ലും രോഹിത് മറികടന്നു. 12000 റണ്‍സ് നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമായി രോഹിത് മാറി. കളി ആരംഭിക്കും മുമ്പ് രോഹിത്തിന്റെ പേരില്‍ 11926 റണ്‍സാണുണ്ടായിരുന്നത്. 74 റണ്‍സ് കൂടി എടുക്കാനായാല്‍ രോഹിത്തിന് 12000 കടക്കാം. സെഞ്ചുറി നേടിയതോടെ ഈ കടമ്പയും കടന്നിരിക്കുകയാണ്. രോഹിത്തിന് പുറമെ സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി, സൗരവ് ഗാംഗുലി, എം.എസ്.ധോണി, വിരേന്ദര്‍ സെവാഗ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook