ഓവല്‍: ഐസിസി ലോകകപ്പിന്റെ ആദ്യ മത്സരത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയെ കാത്തിരിക്കുന്നത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ മറി കടക്കാനുള്ള അവസരമാണ്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പ് ഉദ്ഘാടന മത്സരം. ഇന്ന് 90 റണ്‍സോ അതില്‍ കൂടതലോ നേടാനായാല്‍ അംലയ്ക്ക് വിരാട് കോഹ്ലിയുടെ അതിവേഗം 8000 റണ്‍സ് കടന്ന താരമെന്ന റെക്കോര്‍ഡ് തകര്‍ക്കാനാകും.

നിലവില്‍ അതിവേഗം 2000,3000,4000,5000,6000,7000 റണ്‍സ് കടന്ന താരമെന്ന റെക്കോര്‍ഡുകളെല്ലാം അംലയുടെ പേരിലാണ്. ഇന്ന് കോഹ്ലിയെ മറി കടന്നാല്‍ 8000 കടക്കുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ താരവുമാകും അംല. 175 ഏകദിനങ്ങളില്‍ നിന്നുമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി 8000 കടന്നത്. അതേസമയം, അംലയാകട്ടെ ഇതുവരെ കളിച്ചത് 171 ഏകദിനങ്ങള്‍ മാത്രമല്ല. അതിനാല്‍ ഇന്ന് സാധിച്ചില്ലെങ്കിലും അംലയ്ക്ക് കോഹ്ലി മറി കടക്കാനുള്ള അവസരമുണ്ട്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ എബി ഡിവില്യേഴ്‌സ്, ഹര്‍ഷല്‍ ഗിബ്ബ്‌സ്, ജാക്വസ് കാലിസ് എന്നിവരാണ് നേരത്തെ 8000 കടന്നത്.

അതേസമയം, ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുത്തിട്ടുണ്ട്. ജോണി ബെയര്‍സ്‌റ്റോയെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും റോയിയും റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് പോകാതെ തിരികെ കൊണ്ടു വരികയായിരുന്നു. ഇരുവരും ആക്രമിച്ച് കളിക്കുകയാണ്. താഹിറാണ് ബെയര്‍സ്‌റ്റോയെ പുറത്താക്കിയത്.

രാജ്യന്തര ക്രിക്കറ്റിലെ വമ്പന്മാരാണെങ്കിലും കിരീടം സ്വന്തമാക്കാന്‍ ഇതുവരെ സാധിക്കാത്ത രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും. ഇത്തവണ ആ ചീത്തപേര് മാറ്റുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഇരു രാജ്യങ്ങളും ജയത്തോടെ തുടങ്ങാനുള്ള ശ്രമത്തിലാകുമെന്ന് ഉറപ്പ്.

ലോകകപ്പ് മുന്നോടിയായി നടന്ന പരമ്പരയില്‍ വന്‍ ജയം സ്വന്തമാക്കിയാണ് ഇരു ടീമുകളും എത്തുന്നത്. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളും ജയിച്ചാണ് ദക്ഷിണാഫ്രിക്ക എത്തുന്നതെങ്കില്‍ പാക്കിസ്ഥാനെതിരെ നാല് മത്സരങ്ങളും തൂത്തുവാരിയാണ് ഇംഗ്ലണ്ടിന്റെ വരവ്. ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരാണ് ഇംഗ്ലണ്ട്. ദക്ഷിണാഫ്രിക്കയാകട്ടെ മൂന്നാം സ്ഥാനക്കാരും.

ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിരയും ദക്ഷിണാഫ്രിക്കയുടെ ബോളിങ് നിരയും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തേത്. റണ്ണൊഴുകുന്ന ഇംഗ്ലണ്ടിന്റെ പിച്ചുകളില്‍ ആര്‍ക്ക് തിളങ്ങാനാകുമെന്ന് കാത്തിരുന്ന് കാണണം. കഗിസോ റബാഡ എന്ന കംപ്ലീറ്റ് പേസര്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുള്ളത് ടീമിന് കരുത്തേകുമ്പോള്‍ ബാറ്റിങ്ങില്‍ കളി നിയന്ത്രിക്കാനാകും ഇംഗ്ലണ്ടിന്റെ നീക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook