ലണ്ടന്‍: 2016 ഏപ്രില്‍ മൂന്ന്, ബെന്‍ സ്റ്റോക്‌സ് എന്ന താരത്തിന്റെ കരിയറിലെ ഏറ്റവും വേദന നിറഞ്ഞ ദിവസം. മൈതാനത്ത് കുത്തിയിരുന്ന് കരഞ്ഞ സ്‌റ്റോക്‌സ് അന്നൊരു ശപഥമെടുത്തു, ഇനി ഡെത്ത് ഓവര്‍ എറിയില്ലെന്ന്.

അന്ന് കൊല്‍ക്കത്തയില്‍ ട്വി20 ലോകകപ്പിന്റെ ഫൈനലില്‍ അവസാന ഓവറില്‍ വിന്‍ഡീസിന് വേണ്ടിയിരുന്നത് 19 റണ്‍സായിരുന്നു. ബാറ്റ് ചെയ്തിരുന്നത് കാര്‍ലോസ് ബ്രാത്ത് വെയ്റ്റ്. ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍ പന്ത് നല്‍കിയത് സ്റ്റോക്‌സിനായിരുന്നു. അതുവരെ കളി ഇംഗ്ലണ്ടിന്റെ കൈകളിലായിരുന്നു. എന്നാല്‍ സ്‌റ്റോക്‌സിനെ നാല് വട്ടം അതിര്‍ത്തി കടത്തിയ ബ്രാത്ത് വെയ്റ്റ് ഇംഗ്ലണ്ടില്‍ നിന്നും വിജയം തട്ടിയെടുക്കുകയായിരുന്നു. അന്ന് നിലത്ത് വീണിരുന്ന് കരഞ്ഞ സ്‌റ്റോക്‌സ് ഓരോ ക്രിക്കറ്റ് പ്രേമിയുടേയും മനസിലെ മായാത്ത ഓർമയാണ്.

മൂന്ന് വര്‍ഷത്തിനിപ്പുറം ആ പാപത്തിന് സ്റ്റോക്‌സ് ലോകകിരീടം കൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ്. വില്ലനില്‍ നിന്നും ഹീറോയിലേക്കും സൂപ്പര്‍ ഹീറോയിലേക്ക് സ്‌റ്റോക്‌സ് വളര്‍ന്നിരിക്കുന്നു. ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നടിഞ്ഞപ്പോഴായിരുന്നു സ്‌റ്റോക്‌സ് ക്രീസിലെത്തിയത്. സ്‌കോര്‍ 86-4 എന്ന നിലയിലായിരുന്നു.

അവിടെ നിന്നും അഞ്ചാം വിക്കറ്റില്‍ ജോസ് ബട്‌ലറുമൊത്ത് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി സ്റ്റോക്‌സ് ഇംഗ്ലണ്ടിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഇടയ്ക്ക് വച്ച് ബട്‌ലര്‍ മടങ്ങി. പക്ഷെ സ്റ്റോക്‌സ് വിട്ടുകൊടുത്തില്ല. ഒരുവശത്ത് വിക്കറ്റുകള്‍ ഓരോന്നായി വീണപ്പോഴും മറുവശത്ത് സ്‌റ്റോക്‌സ് ഒറ്റയ്ക്ക് നിന്നു പൊരുതി. സ്‌കോര്‍ സമനിലയാകുമ്പോള്‍ സ്‌റ്റോക്‌സ് പുറത്താകാതെ നിന്നു. കളി സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയപ്പോഴും സ്‌റ്റോക്‌സ് ക്രീസിലെത്തി.

ഇത്തവണ സ്‌റ്റോക്‌സിന് പിഴച്ചില്ല. പിഴവിന് ചിന്തയില്‍ പോലും സ്ഥാനമില്ലായിരുന്നു. കളിയിലെ താരം മാത്രമല്ല, ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് സ്റ്റോക്‌സ്. മുന്‍ നിര വീണപ്പോഴൊക്കെ അയാള്‍ ടീമിനെ സ്വന്തം ചുമലിലേറ്റിയാണ് ഒരറ്റത്തു നിന്നും വിജയത്തിന്റെ മറ്റേ അറ്റത്തേക്ക് ഓടിക്കയറിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook