scorecardresearch
Latest News

ICC World Cup 2019: അടിതെറ്റില്ലെന്നുറപ്പ്: അഫ്ഗാനിസ്ഥാൻ എത്തുന്നത് അട്ടിമറികൾക്ക്

കിരീട സാധ്യതകളിൽ അഫ്ഗാന്റെ പേര് എങ്ങും ഉയർന്ന് കേൾക്കുന്നില്ലെങ്കിലും മറ്റ് ടീമുകളുടെ കിരീട സാധ്യതകളെ സ്വാധീനിക്കാൻ സാധിക്കുന്ന ടീമാണ് അഫ്ഗാനിസ്ഥാൻ എന്ന് ഉറച്ച് പറയാം

Afghanistan cricket team, icc cricket world cup 2019, Afghanistan squad, cricket world cup 2019 teams, Afghanistan team preview, world cup 2019 schedule, Afghanistan, cricket world cup venues, world cup 2019 indian team, world cup 2019 cricket, world cup 2019 tickets, world cup 2019 time table
ICC World Cup 2019 Afghanistan cricket team and squad analysis

ICC World Cup 2019: ക്രിക്കറ്റ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏകദിന ലോകകപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ആളും ആരവവുമായി ലോകകപ്പിന് തയ്യാറെടുക്കുന്ന ഒരു കൊച്ചു രാജ്യമുണ്ട്. അരങ്ങേറ്റക്കാരുടെ പതറിച്ചയൊന്നുമില്ലാതെ ക്രിക്കറ്റ് ലോകത്ത് ചെറിയ കാലയളവിനുള്ളിൽ തങ്ങളുടെ സാനിധ്യം അറിയിച്ച അഫ്ഗാനിസ്ഥാൻ. ലോകകപ്പിന് യോഗ്യത നേടിയത് വലിയ കാര്യമായി കാണുന്നില്ല ഈ ഏഷ്യൻ രാജ്യം, ലോകകിരീടം തന്നെയാണ് അഫ്ഗാനിസ്ഥാന്റെയും ലക്ഷ്യം. അതിന് കഴിയുന്ന വലിയ താരനിര സ്ക്വാഡിലുണ്ടെന്നത് തന്നെയാണ് ആ വിശ്വാസത്തിനും പ്രതീക്ഷക്കും അടിസ്ഥാനമിടുന്നതും.

ICC World Cup 2019: തോക്കുകൾക്ക് മുന്നിൽ ക്രിക്കറ്റ് കിനാവ് കണ്ടവർ

ഐസിസി പദവി 2001ൽ മാത്രം ലഭിച്ച ഒരു ടീം കണ്ണടച്ച് തുറക്കും മുമ്പേയാണ് ക്രിക്കറ്റ് ലോകത്തിന്റെ വലിയ തിരശീലയിൽ തങ്ങളുടെ പേരെഴുതി ചേർത്തത്. 2003ലാണ് അഫ്ഗാനിസ്ഥാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ അംഗമാകുന്നത്. തോട് പൊട്ടിച്ച് പുറംലോകത്തെത്താൻ വെമ്പുന്ന ഒരു കിളിയുടെ സർവ്വ ദാഹവും അഫ്ഗാന്റെ വളർച്ചയിൽ വ്യക്തമായിരുന്നു. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന താലിബാന്റെ എതിർപ്പാണ് അഫ്ഗാന് ക്രിക്കറ്റ് ലോകത്തേക്കുള്ള കടന്നു വരവിൽ വിലങ്ങുതടിയായിരുന്നത്. എന്നാൽ 2000ൽ താലിബാൻ ക്രിക്കറ്റിന് ഉണ്ടായിരുന്ന ഭൃഷ്ട് എടുത്ത് മാറ്റിയതോടെ ആ തോട് പൊട്ടിക്കാൻ അഫ്ഗാനിലെ ക്രിക്കറ്റ് ആരാധകർക്കായി. പിന്നീട് കണ്ടത് വച്ചടി വച്ചടി മുന്നേറ്റവുമായി കുതിക്കുന്ന അഫ്ഗാനിസ്ഥാനെ.

Read: ICC Cricket World Cup 2019: ഇനി ലോകകപ്പ് കാലം

വെടിയൊച്ചകൾ പ്രതിധ്വനിക്കുന്ന താഴ്വരകളിൽ നിന്നും അഭയാർത്ഥി ക്യാമ്പുകളിൽ നിന്നും അഫ്ഗാന്റെ മക്കൾ സമകാലിന ക്രിക്കറ്റിന്റെ മൈതാനങ്ങൾ കീഴടക്കി. അതിനവർ നടത്തിയ പരിശ്രമങ്ങളും കഠിനാദ്ധ്വാനവും ചെറുതല്ല എന്ന് പ്രത്യേകം ഓർക്കണം. ഭയത്തോടെ മാത്രം ക്രിക്കറ്റ് മത്സരങ്ങൾ ടെലിവിഷനിൽ പോലും കണ്ടിരുന്നവർ നിസ്സാര സമയത്തിനുള്ളിൽ ലോകത്ത് ഒരുപാട് ആരാധകരുള്ള ടീമും താരങ്ങളുമായി മാറി. തുണി പന്തിൽ നിന്നും പലക ബാറ്റിൽ നിന്നും കളി ആധുനികതയുടെ കളിത്തട്ടിലേക്ക് മാറുമ്പോഴും അഫ്ഗാന് പതറിച്ചയൊന്നുമുണ്ടായില്ല.

Read: ക്രിക്കറ്റ് ലോകകപ്പിനൊപ്പം എത്തുന്നു ഫിഫ ലോകകപ്പും; കായിക പ്രേമികൾക്ക് ഇരട്ടി ആവേശം

ICC World Cup 2019: ആത്മവിശ്വാസവും കഠിനാദ്ധ്വാനവും കരുത്താക്കി അഫ്ഗാൻ

അതേ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും മുതൽകൂട്ടാക്കിയാണ് ക്രിക്കറ്റിന്റെ കളിതൊട്ടിലിൽ അഫ്ഗാൻ എത്തുന്നത്. അതുകൊണ്ട് തന്നെയാണ് ലോകകപ്പ് യോഗ്യത വലിയ നേട്ടമായി കാണാതെ കിരീടം തന്നെയാണ് അഫ്ഗാന്റെയും നേട്ടമെന്ന് പറയുന്നത്. അഫ്ഗാന്സ്ഥാനെ എഴുതി തള്ളാൻ നിലവിൽ ആർക്കും സാധിക്കില്ല, അതിന് തെളിവാണ് ലോകകപ്പ് യോഗ്യത മത്സരങ്ങൾ. 2018 ഏഷ്യ കപ്പിലെ അഫ്ഗാനിസ്ഥാന്റെ പ്രകടനം ആ തെളിവിന് കൂടുതൽ ഉറപ്പ് നൽകുന്നു. ഏഷ്യ കപ്പിൽ മുൻ ലോകചാമ്പ്യന്മാരായ ശ്രീലങ്കയെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയ അഫ്ഗാനിസ്ഥാൻ കരുത്തരായ ഇന്ത്യയെ സമനിലയിൽ തളക്കുകയും ചെയ്തു.

ICC World Cup 2019: ലോകകപ്പിന് മുമ്പുള്ള വിവാദം

ആ കരുത്തിന് കോട്ടം സംഭവച്ചട്ടില്ല എന്ന് തെളിയിക്കുകയാകും അഫ്ഗാനിസ്ഥാൻ ലോകകപ്പ് വേദിയിൽ ചെയ്യുക. ഗുൽബാദിൻ നയ്ബാണ് അഫ്ഗാനെ ലോകകപ്പിൽ നയിക്കുന്നത്. ഉപനായകനായി യുവതാരം റാഷിദ് ഖാനും എത്തും. ഓൾറൗണ്ടർമാരായ റാഷിദ് ഖാനും മുഹമ്മദ് നബിയും ബോളറായ മുജീബ് ഉർ റഹമാനുമാണ് ടീമിന്റെ പ്രധാന കരുത്ത്. എന്നാൽ ലോകകപ്പിന് മുമ്പ് ദീർഘകാലം ടീമിനെ നയിച്ച അസ്ഗർ അഫ്ഗാനെ മാറ്റി ഗുൽബാദിൻ നയ്ബിനെ നായക സ്ഥാനത്തേക്ക് എത്തിച്ചത് വിവാദങ്ങൾക്കും വഴിവച്ചിരുന്നു. ടീമിലെ പല മുതിർന്ന താരങ്ങളും ഈ മാറ്റത്തിന് മുന്നിൽ ഞെറ്റി ചുളിച്ചെങ്കിലും ഇപ്പോൾ അഫ്ഗാന്റെ മുന്നിലുള്ളത് ലോകകപ്പ് മോഹങ്ങൾ തന്നെയാണ്.

Read: ICC World Cup 2019: ‘ഇക്കുറിയില്ലെങ്കില്‍ പിന്നൊരിക്കലുമില്ല’; കന്നി കീരിടം തേടി ക്രിക്കറ്റിന്റെ ഗോഡ് ഫാദേഴ്സ്

ICC World Cup 2019 Afghanistan Squad: 2019 ലോകകപ്പ് മത്സരങ്ങൾക്കുള്ള അഫ്ഗാൻ സ്ക്വാഡ്

നായകൻ: ഗുൽബാദിൻ നയ്ബ്

ബാറ്റ്സ്മാൻ: നൂർ അലി സദ്രാൻ, അസ്ഗർ അഫ്ഗാൻ, നജീബുള്ള സദ്രാൻ, ഹസ്രത്തുള്ള സസായി, ഹഷ്മത്തുള്ള ഷാഹിദി

ഓൾറൗണ്ടർ: ഗുൽബാദിൻ നയ്ബ്, റഹ്മത്ത് ഷാ, സൈമുള്ള ഷെൻവാരി, മുഹമ്മദ് നബി
വിക്കറ്റ് കീപ്പർ: മുഹമ്മദ് ഷഹ്സാദ്

ബോളർ : റാഷിദ് ഖാൻ, അഫ്ത്താബ് അലം, മുജീബ് ഉർ റഹ്മാൻ, ദവ്‌ലാത്ത് സദ്രാൻ, ഹമീദ് ഹസൻ

ലോകകപ്പ് യോഗ്യത മത്സരങ്ങൾ ജയിച്ച ടീമിനെ അതേപോലെ നിലനിർത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ബാറ്റിങ്ങിൽ ടീമിന്റെ പ്രധാന കരുത്ത് മുഹമ്മദ് ഷെഹ്സാദും, റഹമത്ത് ഷായും, ഹഷ്മത്തുള്ള ഷാഹിദിയും മുൻ നായകൻ അസ്ഗർ അഫ്ഗാനുമാണ്. ഓപ്പണറായി എത്തുന്ന മുഹമ്മദ് ഷെഹ്സാദിന്റെ അഗ്രസീവ് താളത്തിന് ഒപ്പം പിടിക്കാൻ അസ്ഗറിനും റഹ്മത്തിനുമായാൽ അഫ്ഗാനെ ചെറിയ സ്കോറിൽ തളയ്ക്കുക എതിരാളികൾക്ക് അത്ര എളുപ്പമല്ല.

ICC World Cup 2019 Afghanistan Squad: ഓൾറൗണ്ട് മികവിൽ കരുത്ത് കാട്ടാനാകും ശ്രമം

മുൻനിര തകരുന്നടുത്ത് പ്രതിരോധം തീർക്കൻ ഒരുപറ്റം ഓൾറൗണ്ടർമാരാണ് അഫ്ഗാൻ ടീമിലുള്ളത്. മുഹമ്മദ് നബി തന്നെയാണ് ഇക്കുട്ടത്തിൽ പ്രധാനി. ഗുൽബാദിനും സമിയുള്ളയും അഫ്താബ് അലാമും എല്ലാം കൂട്ടത്തിൽ കേമാന്മാർ തന്നെ. നബിയെ പോലെ തന്നെ ബാറ്റിങ്ങും ബോളിങ്ങും ഒരുപോലെ ചെയ്യാൻ സാധിക്കുന്ന താരമാണെങ്കിലും റാഷിദ് ഖാനെ ബോളിങ്ങിന്റെ പൂർണ്ണ ചുമതല ഏൽപ്പിക്കാനാണ് സാധ്യത. ഏകദിന ബോളിങ് റാങ്കിങ്ങിൽ മൂന്നാം സ്ഥാനക്കാരനും ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനക്കാരനുമാണ് നിലവിൽ റാഷിദ്. മുഹമ്മദ് നബി ഓൾറൗണ്ടർമാരിൽ മൂന്നാം സ്ഥാനത്തുണ്ട്. അഫ്ഗാനിസ്ഥാന്റെ അന്തിമ ഇലവനിലേക്ക് കണ്ണുംപൂട്ടി മാനേജ്മെന്റ് തിരഞ്ഞെടുക്കുന്ന രണ്ട് താരങ്ങൾ നബിയും റാഷിദ് ഖാനുമാണ്. കഴിഞ്ഞ ഐപിഎല്ലിലും മികച്ച പ്രകടനമാണ് ഇരു താരങ്ങളും പുറത്തെടുത്തത്.

ബോളിങ്ങിൽ റാഷിദ് ഖാന് മികച്ച പിന്തുണ നൽകുക മുജീബ് ഉർ റഹ്മാനാണ്. ഒപ്പം അഫ്ത്താബ് അലാമും ഹമീദ് ഹസനും ചേർന്നാൽ ഏത് പേരുകേട്ട ബാറ്റിങ് നിരയും ഒന്ന് ശ്രദ്ധിക്കുക തന്നെ വേണം.

ICC World Cup 2019: 2015 ലോകകപ്പ് നൽകിയ പാഠങ്ങളും അനുഭവവും

2011ൽ ഏകദിന ലോകകപ്പിന് യോഗ്യത നേടിയില്ലെങ്കിലും ഏകദിന പദവി സ്വന്തമാക്കാൻ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു. എന്നാൽ അടുത്ത ലോകകപ്പിൽ, അതായത് 2015ൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ ലോകകപ്പിൽ അഫ്ഗാന്റെ പ്രകടനം അത്ര മികച്ചതല്ലായിരുന്നു. എന്നാൽ ഒരു ജയവുമായാണ് അവർ ലോകകപ്പ് അവസാനിപ്പിച്ചത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് 105 റൺസിന് പരാജയപ്പെട്ട അഫ്ഗാൻ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും നാല് വിക്ക്റ്റിന് ജയം ദ്വീപ് രാജ്യത്തിനായിരുന്നു. അടുത്ത മത്സരത്തിൽ സ്കോട്‌ലൻഡിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ തങ്ങളുടെ ആദ്യ ലോകകപ്പ് മത്സര ജയം സ്വന്തമാക്കി. എന്നാൽ അടുത്ത മത്സരങ്ങളിൽ അഫ്ഗാന്റെ തോൽവി വൻ മാർജിനുകളിലായിരുന്നു. ഓസ്ട്രേലിയയോടെ 275 റൺസിനും ന്യൂസിലൻഡിനോട് ആറ് വിക്കറ്റിനും അഫ്ഗാൻ പരാജയപ്പെട്ടു.

Also Read: ലോകകപ്പ് ഓര്‍മകള്‍; എങ്ങനെ മറക്കും ആ ‘ഗംഭീര’ ഇന്നിങ്‌സ്?

എന്നാൽ ആ തോൽവികൾ നൽകിയ പാഠം ചെറുതല്ല കുഞ്ഞന്മാരെന്ന പേര് അതിവേഗം തിരുത്തിയ അഫ്ഗാൻ പടയ്ക്ക്. നിലവിൽ അനുഭവ പരിചയം ഒഴിച്ച് മറ്റ് സാഹചര്യങ്ങളെല്ലാം അഫ്ഗാന് അനുകൂലമാണെന്ന് പറയാം. റൗണ്ട് റോബിൻ ക്രമത്തിലാണ് മത്സരമെന്നതും അഫ്ഗാന് അനുകൂല ഘടകമാണ്. കിരീട സാധ്യതകളിൽ അഫ്ഗാന്റെ പേര് എങ്ങും ഉയർന്ന് കേൾക്കുന്നില്ലെങ്കിലും മറ്റ് ടീമുകളുടെ കിരീട സാധ്യതകളെ സ്വാധീനിക്കാൻ സാധിക്കുന്ന ടീമാണ് അഫ്ഗാനിസ്ഥാൻ എന്ന് ഉറച്ച് പറയാൻ സാധിക്കും.

ടീം : അഫ്ഗാനിസ്ഥാൻ

ഏകദിന റാങ്കിങ് : 10

ലോകകപ്പ് പങ്കാളിത്തം : 1(2015)

മികച്ച പ്രകടനം : ഗ്രൂപ്പ് ഘട്ടം (2015)

Stay updated with the latest news headlines and all the latest Cricketworldcup news download Indian Express Malayalam App.

Web Title: Icc world cup 2019 afghanistan cricket team and squad analysis