ലണ്ടന്‍: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇംഗ്ലണ്ട് ലോകകപ്പുയര്‍ത്തുന്നത്. പക്ഷെ ചരിത്ര നേട്ടം വിവാദങ്ങളാല്‍ നിറം മങ്ങുകയാണ്. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ സൂപ്പര്‍ ഓവറും സമനിലയായപ്പോള്‍ ബൗണ്ടറികളുടെ എണ്ണത്തിലാണ് ഇംഗ്ലണ്ടിനെ വിശ്വവിജയികളാക്കിയത്. ഐസിസിയുടെ സൂപ്പര്‍ ഓവര്‍ നിയമവും കളിക്കിടെ ഓവര്‍ ത്രോയില്‍ ഇംഗ്ലണ്ടിന് ആറ് റണ്‍സ് നല്‍കിയ അമ്പയറുടെ തീരുമാനവുമെല്ലാം ഒരുപോലെ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
അമ്പയറുടെ തീരുമാനത്തിനെതിരെ മുന്‍ അമ്പയര്‍ സൈമണ്‍ ടോഫലടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍ കൊണ്ട് ബൗണ്ടറി കടന്ന ഓവര്‍ ത്രോയില്‍ ആറ് റണ്‍സായിരുന്നു അമ്പയര്‍ അനുവദിച്ചത്. എന്നാല്‍ അഞ്ച് റണ്‍സ് മാത്രമാണ് നല്‍കാന്‍ സാധിക്കുകയെന്നാണ് ടോഫലടക്കമുള്ളവര്‍ പറയുന്നത്. ഈ വിവാദം ശക്തമാകുമ്പോള്‍ പ്രതികരണവുമായി ഐസിസി രംഗത്തെത്തിയിരിക്കുകയാണ്.
ഓവര്‍ ത്രോ വിവാദത്തില്‍ ഇതാദ്യമായാണ് ഐസിസി പ്രതികരണം നടത്തുന്നത്. അതേസമയം, തങ്ങള്‍ക്ക് അമ്പയറുടെ തീരുമാനത്തെ കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ലെന്നാണ് ഐസിസി വക്താവിന്റെ നിലപാട്. അമ്പയര്‍മാര്‍ തീരുമാനമെടുക്കുന്നത് ഐസിസിയുടെ നിയമത്തില്‍ അവര്‍ക്കുള്ള ധാരണ അനുസരിച്ചായിരിക്കുമെന്നും ഐസിസി വക്താവ് പറഞ്ഞു.
”ഫീല്‍ഡില്‍ അമ്പയര്‍മാര്‍ തീരുമാനം എടുക്കുന്നത് ഐസിസി നിയമം അനുസരിച്ചായിരിക്കും. അതില്‍ ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ സാധിക്കില്ല” അദ്ദേഹം പറയുന്നു. നേരത്തെ, വിവാദമായ ഓവര്‍ ത്രോയില്‍ ആറ് റണ്‍സ് ഇംഗ്ലണ്ടിന് നല്‍കിയത് വലിയ പിഴവാണെന്നാണ് മുന്‍ അമ്പയറായ ടോഫല്‍ ആരോപിച്ചത്.
ഐസിസിയുടെ നിയമപ്രകാരം അഞ്ച് റണ്‍സ് മാത്രമാണ് നല്‍കാന്‍ കഴിയുമായിരുന്നത് എന്നും അങ്ങനെയെങ്കില്‍ ആറ് റണ്‍സ് നല്‍കാന്‍ എങ്ങനെയാണ് അമ്പയര്‍മാര്‍ തീരുമാനിച്ചതെന്നും വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ടോഫലും രംഗത്തെത്തിയത്.
അവസാന ഓവറിലായിരുന്നു വിവാദമായ ഓവര്‍ ത്രോ. ഇംഗ്ലണ്ടിന് മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് വേണമെന്നിരിക്കെയാണ് സ്റ്റോക്സിന്റെ ബാറ്റില്‍ കൊണ്ട് പന്ത് ബൗണ്ടറി ലൈന്‍ കടന്നു പോകുന്നത്. ഇതോടെ ഇംഗ്ലണ്ടിന് ആറ് റണ്‍സ് ലഭിച്ചു. അതേസമയം, ആ ഓവര്‍ ത്രോയാണ് ന്യൂസിലന്‍ഡിന് കപ്പ് നഷ്ടമാക്കിയതെന്ന് പറയുന്നത് ശരിയല്ലെന്നും ടോഫല്‍ അഭിപ്രായപ്പെട്ടു.