/indian-express-malayalam/media/media_files/uploads/2019/05/watson-riyaz.jpg)
ക്രിക്കറ്റ് മൈതാനത്തെ ഏറ്റവും അപകടകാരികളാണ് ഓസ്‌ട്രേലിയക്കാര്‍. ബാറ്റു കൊണ്ടും പന്തുകൊണ്ടും മാത്രമല്ല എതിരാളികളുടെ മനസു കൊണ്ടും കളിക്കുന്നവരാണവര്‍. കളിക്കളത്തില്‍ ഓസ്‌ട്രേലിയ കുഴിക്കുന്ന വാരിക്കുഴികളാണ് സ്ലെഡ്ജിങ്. അതില്‍ വീഴുന്നതോടെ എതിരാളിക്കുമേല്‍ അവര്‍ പാതി വിജയം സ്വന്തമാക്കും. ആ സമ്മര്‍ദ്ദത്തിന്റെ കുഴിയില്‍ വീണു കഴിഞ്ഞ എതിരാളികള്‍ക്ക് പിന്നെ അതില്‍ നിന്നും പുറത്ത് കടക്കണമെന്ന ചിന്തമാത്രമായിരിക്കും ഉണ്ടാവുക. ഇതോടെ സ്വയം നിയന്ത്രണം നഷ്ടമായവര്‍ എന്തെങ്കിലും അബദ്ധത്തിന് മുതിരുകയോ അതോടെ ഓസ്‌ട്രേലിയ തങ്ങളുടെ ലക്ഷ്യം കാണുകയും ചെയ്യും. പലവട്ടം കണ്ടതാണ് ഇത്. റിക്കി പോണ്ടിങ് മുതല്‍ ഓസീസ് ക്യാപ്റ്റന്മാരും താരങ്ങളും ഈ തന്ത്രം പയറ്റാന്‍ യാതൊരു മടിയുമില്ലാത്തവരാണ്. ആദം ഗില്‍ക്രിസ്റ്റിനെ പോലുള്ളവര്‍ അതിന് അപവാദമായി മാറി നില്‍ക്കുന്നുവെന്ന് മാത്രം.
Read More: ICC Cricket World Cup 2019: ആരേയും തോല്‍പ്പിക്കും ആരോടും തോല്‍ക്കും; പ്രവചനാതീതം പാക്കിസ്ഥാന്‍
ഓസീസ് താരങ്ങളില്‍ സ്ലെഡ്ജ് ചെയ്യാന്‍ യാതൊരു മടിയുമില്ലാത്തയാളാണ് ഷെയ്ന്‍ വാട്‌സണ്‍. അതിപ്പോ ഓസ്‌ട്രേലിയ്ക്ക് വേണ്ടിയായാലും ടി20 ലീഗുകളിലായാലും വാക്കുകള്‍ കൊണ്ടും എതിരാളികളെ നേരിടാന്‍ വാട്‌സണ് നന്നായി അറിയാം. പക്ഷെ, വാട്‌സന്റേയും ഓസ്‌ട്രേലിയയുടേയും ചരിത്രത്തില്‍ ഒരു താരം നല്‍കിയ മറുപടി വേറിട്ടു നില്‍ക്കുന്നുണ്ട്. വഹാബ് റിയാസ്, ഓസ്‌ട്രേലിയക്കാര്‍ക്ക് അവരുടെ മരുന്നിന്റെ രുചി എന്താണെന്ന് കാണിച്ചു കൊടുത്തവന്‍. ചരിത്രത്തില്‍ അതുവരെ നിന്നിടത്തു നിന്നും മാറി തങ്ങള്‍ കുഴിച്ച കുഴിയില്‍ വീണു പോയവരുടെ സ്ഥാനത്തായിരുന്നു അന്ന് വാട്‌സണും ഓസ്‌ട്രേലിയയും നിന്നത്. 2015 ലോകകപ്പിലാണ് എന്നും ആവേശത്തോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന, തീപാറുന്ന ആ രംഗം അരങ്ങേറിയത്. ചിര വൈരികളായ ഇന്ത്യന്‍ ആരാധകര്‍ പോലും അന്ന് വഹാബിന് കൈയ്യടിച്ചിട്ടുണ്ടാകും.
/indian-express-malayalam/media/media_files/uploads/2019/05/wahab-riyaz.jpg)
മത്സരം നടക്കുന്നത് 2015 ലോകകപ്പിലാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ പാക്കിസ്ഥാനും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നു. പാക്കിസ്ഥാനാണ് ആദ്യം ബാറ്റ് ചെയ്തത്. മികച്ച തുടക്കമാണ് പാക്കിസ്ഥാന് ലഭിച്ചത്. പക്ഷെ പെട്ടെന്ന് കളിയുടെ ഗതി ഒന്നാകെ മാറി മറിഞ്ഞു. 97-2 എന്ന നിലയില്‍ നിന്നും 158-6 എന്ന നിലയിലേക്ക് പാക് ബാറ്റിങ് നിര നിലംപൊത്തി. എട്ടാമനായാണ് വഹാബ് റിയാസ് ക്രീസിലെത്തിയത്. വാലറ്റത്തിന്റെ ചെറുത്തു നില്‍പ്പില്‍ പാക്കിസ്ഥാന്‍ 213 ലെത്തി.
Also Read: ലോകകപ്പ് ഓര്‍മ്മകള്‍: സച്ചിന്റെ 98, മൂന്നക്കം കടക്കാതിരുന്ന 'ക്രിക്കറ്റിന്റെ പൂര്‍ണത'
ഇതിനിടെ തന്റെ ജീവിതത്തിലുടനീളം ഓര്‍ത്തു വെക്കാന്‍ പോകുന്നൊരു രംഗത്തിന് ഷെയ്ന്‍ വാട്‌സണ്‍ തിരികൊളുത്തി വിട്ടു. ബാറ്റ് ചെയ്യുകയായിരുന്ന റിയാസിന് അരികിലെത്തി വാട്‌സണ്‍ ഇങ്ങനെ ചോദിച്ചു, ''നീ ബാറ്റ് പിടിച്ചിരിക്കുകയാണോ?''. ആ വാക്കുകള്‍ റിയാസ് മറന്നില്ല. മാത്രവുമല്ല അതൊരു കനലായി മാറി. ആ കനല്‍ പന്ത് കൈയ്യില്‍ കിട്ടിയതും തീനാളമായി മാറി. പന്തില്‍ തീപാറി. ഓസ്‌ട്രേലിയക്കാര്‍ ആ ചൂടറിഞ്ഞു, വാട്‌സണ്‍ നിന്നുരുകി.
Read More: ലോകകപ്പ് ഓര്‍മ്മകള്‍: വെങ്കിടേഷ് പ്രസാദിന്റെ പ്രതികാരവും മറക്കാനാവാത്ത ആ യാത്രയയപ്പും
നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കിനേയും ഡേവിഡ് വാര്‍ണറേയും പുറത്താക്കി റിയാസ് തനിക്ക് അറിയുന്ന, അതിന്റെ ഏറ്റവും അര്‍ത്ഥപൂര്‍ണമായ രീതിയില്‍, മറുപടി നല്‍കി. 11ാം ഓവര്‍ അവസാനിക്കുമ്പോഴേക്കും ഓസ്‌ട്രേലിയ 59-3 എന്ന നിലയിലെത്തി. പിന്നീടായിരുന്നു റിയാസ് തന്റെ വിശ്വരൂപം പുറത്തെടുത്തത്. തന്നെ അപമാനിച്ച വാട്‌സണ് മുതലും പലിശയും ചേര്‍ന്ന് റിയാസ് തിരിച്ചു കൊടുത്തു. 11-ാം ഓവറിന്റെ അഞ്ചാം പന്തിലാണ് വാട്‌സണ്‍ ക്രീസിലെത്തുന്നത്. നേരത്തെ കിട്ടിയത് മനസില്‍ സൂക്ഷിച്ചിരുന്ന വഹാബ് 149 കിലോമീറ്റര്‍ വേഗതിയിലൊരു ബൌണ്‍സർ എറിഞ്ഞ് വാട്‌സണെ സ്വീകരിച്ചു. തലകുനിച്ചു കൊണ്ട് വാട്‌സണ്‍ ബൗണ്‍സറില്‍ നിന്നും രക്ഷപ്പെട്ടു. പിന്നാലെ വാട്‌സണിന് അരികിലെത്തിയ റിയാസ് കൈയ്യടിച്ചു കൊണ്ട് വാട്‌സന് ആദ്യ മരുന്ന് കൊടുത്തു. തൊട്ടടുത്ത പന്തിലും അതു തന്നെ സംഭവിച്ചു.
Also Read: ICC World Cup Time Table 2019: ഓരോ ടീമും നേർക്കുനേർ; ലോകകപ്പ് മത്സരക്രമം
ഒരോവര്‍ കഴിഞ്ഞ് റിയാസ് വീണ്ടും വന്നു. നേരത്തെ കണ്ട അതേ കാഴ്ച വീണ്ടും ആവര്‍ത്തിച്ചു. ഓരോ പന്തെറിഞ്ഞതിന് ശേഷവും ഒന്നും ചെയ്യാനാവാതെ നില്‍ക്കുന്ന വാട്‌സണിന് അരികിലെത്തി റിയാസ് കൈയ്യടിച്ചു കൊണ്ട് പ്രോകിപ്പിച്ചു. വെല്ലുവിളിച്ചു. മൈതാനത്തിന് തീപിടിക്കുകയായിരുന്നു. വാട്‌സണ്‍ താന്‍ പഠിച്ച ക്രിക്കറ്റ് പാടങ്ങളെല്ലാം മറന്നവനെ പോലെ നില്‍ക്കുകയായിരുന്നു. ഓരോ പന്തു കഴിയും തോറും റിയാസ് കൂടുതല്‍ വിടര്‍ന്ന് ചിരിച്ചു കൊണ്ടിരുന്നു. അടുത്ത ഓവറിലും റിയാസ് ഇതാവര്‍ത്തിച്ചു. ഏകദിന ക്രിക്കറ്റ് അതിന്റെ സര്‍വ്വ ആവേശവും സൗന്ദര്യവും നിറഞ്ഞ കാഴ്ചയായി മാറുകയായിരുന്നു അപ്പോള്‍. തങ്ങളുടെ പ്രതാപ കാലത്ത് പന്തെറിയുന്ന പാക് ബോളര്‍മാരെ ഓര്‍പ്പിച്ചു റിയാസ് അന്ന്.
റിയാസ് തീര്‍ത്ത സമ്മര്‍ദ്ദചുഴിയില്‍ ഉലഞ്ഞ വാട്‌സണ്‍ കളി മറന്നു. ഇതിനിടെ വാട്‌സണെ പുറത്താക്കാന്‍ റിയാസിന് അവസരം ലഭിച്ചു. പ്രതികാരം പൂര്‍ത്തിയാകുമെന്ന് റിയാസ് നിനച്ചെങ്കിലും പന്ത് റാഹത്ത് അലി ഫൈന്‍ ലെഗ്ഗില്‍ കൈ വിട്ടു. നഷ്ടപ്പെട്ട വിക്കറ്റിന്റെ അമര്‍ഷം റിയാസ് മറയില്ലാതെ തന്നെ മൈതാനത്ത് രേഖപ്പെടുത്തി.റിയാസില്‍ നിന്നും രക്ഷപ്പെട്ട വാട്‌സണ്‍ പതിയെ താളം കണ്ടെത്തി. 66 പന്തുകളില്‍ നിന്നും 64 റണ്‍സ് നേടി പുറത്താകാതെ വാട്‌സണ്‍ കളി അവസാനിപ്പിച്ചു. റിയാസിന്റെ തീപാറും സ്‌പെല്ലിന്റെ പേരില്‍ ക്രിക്കറ്റ് ലോകം ഓര്‍ത്തിരിക്കുന്ന മത്സരത്തില്‍ അന്തിമ വിജയം പക്ഷെ പാക്കിസ്ഥാനൊപ്പം നിന്നില്ല. ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം.
പക്ഷെ ആ മത്സരത്തെ കുറിച്ച് ഇന്നും കുറ്റബോധത്തോടെയാണ് വാട്‌സണ്‍ ഓര്‍ക്കുന്നത്. തനിക്ക് തിരുത്താന്‍ കഴിയുമെങ്കില്‍ റിയാസിനെ സ്ലെഡ്ജ് ചെയ്ത നിമിഷം മായ്ച്ചു കളയുമായിരുന്നുവെന്ന് വാട്‌സണ്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.
''അഡ്‌ലെയ്ഡില്‍ അവന്‍ ഒരോവറില്‍ എനിക്കെതിരെ അഞ്ച് ബൗണ്‍സര്‍ വരെ എറിഞ്ഞു. ആ മത്സരത്തെ കുറിച്ച് എനിക്ക് നല്ല ഓര്‍മ്മകളുണ്ട്. അവന്‍ നല്ല വേഗതയില്‍ പന്തെറിയുമെന്ന് അറിയാമായിരുന്നുവെങ്കിലും അതുവരെ റിയാസിനെ നേരിട്ടിരുന്നില്ല. വീണ്ടുമൊരു അവസരം ലഭിക്കുകയാണെങ്കില്‍ റിയാസിനെ സ്ലെഡ്ജ് ചെയ്തത് ഞാന്‍ മായ്ച്ച് കളയുമായിരുന്നു'' എന്നായിരുന്നു വാട്‌സന്റെ വാക്കുകള്‍.
/indian-express-malayalam/media/media_files/uploads/2019/05/riyaz.jpg)
അന്നത്തെ പെരുമാറ്റത്തിന് റിയാസിന് മാച്ച് ഫീയുടെ 50 ശതമാനം അടക്കേണ്ടി വന്നു. പക്ഷെ ഇന്നും 2015 ലോകകപ്പിനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്ന നിമിഷങ്ങളിലൊന്നാണ് വഹാബ് റിയാസ്-ഷെയ്ന്‍ വാട്‌സണ്‍ പോര്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us