സതാംപ്ടണ്: ലോകകപ്പില്‍ തങ്ങളുടെ ആദ്യ അങ്കത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയെ രണ്ട് പരാജയങ്ങളുടെപേരില് ചെറുതാക്കി കാണാന്‍ ആരും മുതിരില്ല. സമ്മര്‍ദ്ദം ദക്ഷിണാഫ്രിക്കയുടെ മേല്‍ ആണെങ്കിലും അവരെ ഒരിക്കലും എഴുതിത്തള്ളനാകില്ല. അതേസമയം നായകന് വിരാട് കോഹ്ലിയ്ക്ക് മുന്നിലുള്ളതൊരു നിര്‍ണായക നാഴികക്കല്ലാണ്.
ഇന്ത്യന്‍ നായകനെന്ന നിലയില്‍ 50-ാം വിജയം തേടിയാണ് വിരാട് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നത്. കൂടാതെ 157 റണ്‍സ് കൂടെ നേടാനായാല്‍ വിരാടിന് 11000 റണ്‍സ് എന്ന കടമ്പയും മറി കടക്കാനാകും. ഇതോടെ സച്ചിനും ഗാംഗുലിയ്ക്കും ശേഷം ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി വിരാട് കോഹ്ലി മാറും.
Read More: ആദ്യ അങ്കത്തിന് മുമ്പ് ബുംറയ്ക്ക് വാഡയുടെ ഉത്തേജക മരുന്ന് പരിശോധന: ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക
അതേസമയം, മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീം നടത്തിയ പത്രസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിച്ചിരിക്കുകയാണ്. പത്രസമ്മേളനത്തില്‍ നായകനേയോ മുതിര്‍ന്ന താരങ്ങളെയോ അയക്കുന്നതിന് പകരം മൂന്ന് നെറ്റ് ബോളര്‍മാരെ അയച്ചതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
നിര്‍ണായകമായ മത്സരത്തെ കുറിച്ച് സംസാരിക്കാനായി ആവേഷ് ഖാന്, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ് എന്നീ നെറ്റ് ബോളര്‍മാരെയായിരുന്നു ബിസിസിഐ അയച്ചത്. കളിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആധികാരികമായ മറുപടി നല്കാന് മൂന്ന് പേര്‍ക്കും സാധിക്കാത്തതിനാലാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.
എന്തുകൊണ്ട് നായകനോ മുതിര്‍ന്ന താരങ്ങളോ പരിശീലകനോ വരുന്നില്ലെന്ന ചോദ്യത്തിന് ഇന്ത്യന്‍ ടീം മാനേജര്‍ നല്കിയ മറുപടി ലോകകപ്പ് മത്സരം തുടങ്ങിയില്ലല്ലോ എന്നായിരുന്നു. അതിനാല്‍ മുതിര്‍ന്ന താരങ്ങളോടോ കോച്ചിനോടോ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു ടീം മാനേജറുടെ വിശദീകരണം. ഇതില്‍ പ്രതിഷേധിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ പത്രസമ്മേളനം ബഹിഷ്കരിച്ചത്.
ഇതാദ്യമായല്ല മാധ്യമ പ്രവര്‍ത്തകരും ബിസിസിഐയും തമ്മില്‍ ഉടക്കുന്നത്. 2015 ലെ ലോകകപ്പിലും ഉരസലുണ്ടായിരുന്നു. എല്ലാ കളികള്‍ക്കും ശേഷം ഇന്ത്യന്‍ നായകനായിരുന്ന എംഎസ് ധോണി മാത്രം പത്രസമ്മേളനത്തിന് വരുന്നതിനെതിരെയായിരുന്നു അന്ന് പ്രതിഷേധമുയര്‍ന്നത്. അതാത് കളികളിലെ താരങ്ങളായിരുന്നു പത്രസമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.
Also Read: നായകനെത്തിയില്ല, ഇന്ത്യന്‍ ടീമിന്റെ പത്രസമ്മേളനത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി
നാളെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പിന്നാലെ ഇന്ത്യ ഓസ്ട്രേലിയയേും ന്യൂസിലന്ഡിനേയു നേരിടും. വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ ആദ്യ ലോകകപ്പാണിത്. മൂന്നാം തവണയും ഇന്ത്യയ്ക്ക് ലോകകപ്പ് ഉയര്‍ത്താനാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.
ബംഗ്ലാദേശിലേയും പാക്കിസ്ഥാനിലേയും മാധ്യമങ്ങളുമായി അവരുടെ ടീമുകള്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുമ്പോഴാണ് ഇന്ത്യന്‍ ടീം ഇങ്ങനെ മോശമായി പെരുമാറുന്നതാണെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നത്.