കരീബിയന്‍ വസന്തത്തിന്റെ തിരിച്ചു വരവ് സൂചനകള്‍ നല്‍കിയായിരുന്നു ഇന്നലെ വിന്‍ഡീസ് പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞത്. വിന്‍ഡീസ് പേസിന് മുന്നില്‍ പാക്കിസ്ഥാന് മറുപടിയില്ലായിരുന്നു. ഓഷാനെ തോമസും ഹോള്‍ഡറും മുന്നില്‍ നിന്നു നയിച്ചപ്പോള്‍ റസലും ഷെല്‍ഡന്‍ കോട്ട്രലും അവര്‍ക്ക് പിന്തുണ നല്കി. ഇതോടെ 105 റണ്‍സ് മാത്രമെടുത്ത് പാക്പ്പട പുറത്തായി.
ഇമാം ഉള് ഹഖിനെ പുറത്താക്കി കോട്ട്രലാണ് പാക്കിസ്ഥാന്റെ അടിത്തറ ഇളക്കാനുള്ള ആദ്യ അടി അടിച്ചത്. വിക്കറ്റിനോളം തന്നെ ആവേശകരമായിരുന്നു കോട്ട്രലിന്റെ ആഘോഷവും. സല്യൂട്ട് ചെയ്താണ് കോട്ട്രല്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. കളിക്കളത്തില്‍ സല്യൂട്ട് ചെയ്ത് ആഘോഷിക്കുന്നത് ഒരു പുതിയ സംഭവമല്ല. പക്ഷെ അതില്‍ നിന്നെല്ലാം അല്‍പ്പം വ്യത്യസ്തമാണ് കോട്ട്രലിന്റെ സല്യൂട്ട്.
കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ വിക്കറ്റ് നേട്ടങ്ങള്‍ കോട്ട്രല്‍ ആഘോഷിച്ചത് ഇങ്ങനെ സല്യൂട്ട് ചെയ്തായിരുന്നു. വെറുമൊരു ആഘോഷം മാത്രമല്ല കോട്ട്രലിന് സല്യൂട്ട്. സൈനികര്‍ക്കുള്ള ആദരവാണ്.”എന്റെ സെലിബ്രേഷന് പട്ടാള സ്റ്റൈലിലുള്ള സല്യൂട്ടാണ്. ജമൈക്കന്‍ സേനയിലെ പട്ടാളക്കാരനാണ് ഞാന്‍. ജമൈക്ക പ്രതിരോധ സേനയ്ക്കുള്ള എന്റെ ആദരവാണ് സല്യൂട്ട്. ക്രിക്കറ്റ് കളിക്കുന്നതും സല്യൂട്ട് ചെയ്യുന്നതും ഞാന്‍ ആസ്വദിക്കുന്നുണ്ട്. ആര്‍മിയിലെ പരിശീലന കാലത്ത് തന്നെ ഈ ആഘോഷ രീതി ഞാന്‍ ഉണ്ടാക്കിയെടുത്തിരുന്നു.” താരം പറയുന്നു.
ATTENTION!! The salute in all its glory!!! #WIvENG #MenInMaroon #ItsOurGame #SheldonCottrell pic.twitter.com/UxSYi70v8U
— Windies Cricket (@windiescricket) February 24, 2019
ഇന്നലെ വിന്‍ഡീസിന് മുന്നില്‍ തകര്‍ന്നടിയാനായിരുന്നു പാക്കിസ്ഥാന്റെ വിധി. ടോസില്‍ തന്നെ പിഴച്ച പാക്കിസ്ഥാന് വിന്‍ഡീസിന് മുന്നില്‍ ഒന്ന് പൊരുതി നില്ക്കാന് പോലും സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് പകുതി ഓവറുകള്‍ പോലും തികച്ച് ബാറ്റ് ചെയ്യാന്‍ പാക്കിസ്ഥാന് സാധിച്ചില്ല. 21.4 ഓവറില്‍ 105 റണ്‍സ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്. മറുപടി ബാറ്റിങ്ങില്‍ 13.4 ഓവറില്‍ വിന്‍ഡീസ് വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.
പാക്കിസ്ഥാന് നിരയില്‍ നാല് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അതില്‍ ഒരാള്‍ പത്താമനായി എത്തിയ വഹാബ് റിയാസും. നാണക്കേടിന്റെ ഒരുപിടി റെക്കോര്‍ഡുകളുമായാണ് പാക്കിസ്ഥാന് കളം വിട്ടത്.
ലോകകപ്പിലെ പാക്കിസ്ഥാന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് നോട്ടിങ്ഹാമില്‍ പിറന്നത്. പാക്കിസ്ഥാന് തന്നെ കിരീടം ഉയര്‍ത്തിയ 1992 ലോകകപ്പിലായിരുന്നു അവരുടെ ഏറ്റവും ചെറിയ സ്കോര്‍. ഇംഗ്ലണ്ടിനെതിരെ അന്ന് 74 റണ്‍സിനാണ് പാക്പട പുറത്തായത്.