സതാംപ്ടണ്‍: കൂവി വിളിച്ച ഇംഗ്ലണ്ട് ആരാധകര്‍ക്ക് സെഞ്ചുറി കൊണ്ട് മറുപടി നല്‍കി സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലാണ് സ്റ്റീവ് തന്റെ തിരിച്ചു വരവ് ഗംഭീരമാക്കിയത്. സ്മിത്തിന്റെ സെഞ്ചുറിയുടെ മികവില്‍ 298 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. സ്മിത്തിനോടൊപ്പം തിരിച്ചു വന്ന ഡേവിഡ് വാര്‍ണറിനും കൂവിയാണ് ഇംഗ്ലണ്ട് ആരാധകര്‍ മറുപടി നല്‍കിയത്. 55 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വാര്‍ണര്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനായി മൈതാനത്തേക്ക് എത്തിയപ്പോള്‍ തന്നെ ഗ്യാലറില്‍ നിന്നും ഇംഗ്ലീഷ് ആരാധകര്‍ കൂവി വിളിച്ചു. കേറി പോകൂ ചതിയാ എന്നായിരുന്നു കാണികള്‍ വാര്‍ണര്‍ക്കെതിരെ വിളിച്ചു പറഞ്ഞത്.

സ്‌കോര്‍ 82 ലെത്തി നില്‍ക്കെ വാര്‍ണര്‍ പുറത്തായി. നേരത്തേതിനേക്കാള്‍ രൂക്ഷമായാണ് ഇംഗ്ലണ്ട് ആരാധകര്‍ ഇത്തവണ പ്രതികരിച്ചത്. തെറി വിളികളും കൂവലും ഗ്യാലറിയില്‍ നിന്നും ഉയര്‍ന്നു. ആ കൂവലുകള്‍ക്കിടയിലൂടെ വാര്‍ണര്‍ അകത്തേക്ക് കയറി പോയപ്പോള്‍ സ്മിത്ത് മൈതാനത്തേക്കിറങ്ങി. സ്മിത്തിനെതിരെ കളിയിലുടനീളം അസഭ്യ വര്‍ഷം ചൊരിഞ്ഞു ഇംഗ്ലണ്ട് ആരാധകര്‍. എന്നാല്‍ സ്മിത്ത് അതിലൊന്നും ഉലഞ്ഞില്ല.

തനിക്കെതിരായ ആരാധകരുടെ രോക്ഷത്തിന് സെഞ്ചുറി കൊണ്ട് സ്മിത്ത് മറുപടി നല്‍കി. 116 പന്തില്‍ 102 റണ്‍സുമായാണ് സ്മിത്ത് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. എട്ട് ഫോറും മൂന്ന് സിക്‌സുമടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. 50 ഓവറില്‍ 297 റണ്‍സുമായാണ് ഓസ്‌ട്രേലിയ ഇന്നിങ്‌സ് അവസാനിച്ചത്.

മുന്‍ നായകന്‍ സ്മിത്തും മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും പന്തു ചുരണ്ടലിന് ഒരു കൊല്ലത്തേക്ക് വിലക്ക് നേരിടുകയായിരുന്നു. ഈ ലോകകപ്പോടെയാണ് ഇരുവരും അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് മടങ്ങിയെത്തുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ രണ്ടു പേരും കളിച്ചിരുന്നു. വാര്‍ണറായിരുന്നു ഐപില്ലിലെ ടോപ്പ് സ്‌കോറര്‍.

അതേസമയം മറ്റൊരു സന്നാഹ മത്സരത്തില്‍ ചീട്ടു കൊട്ടാരം പോലെ തകര്‍ന്ന് വീണ് ഇന്ത്യന്‍ മുന്‍നിര. ന്യൂസിലാന്‍ഡിന് 180 റണ്‍സിന്റെ വിജയ ലക്ഷ്യം. മധ്യനിരയില്‍ രവീന്ദ്ര ജഡേജ നേടിയ അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലെത്തിയത്.

ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ വന്നവരും ചെറുത്തു നില്‍ക്കാതെ കൂടാരം കയറുകയായിരുന്നു. നായകന്‍ വിരാട് കോഹ്ലി 18 റണ്‍സുമായി പുറത്തായി. കെഎല്‍ രാഹുല്‍ ആറ് റണ്‍സ് മാത്രമെടുത്തു. ധോണി 42 പന്തുകള്‍ നേരിട്ട് 17 റണ്‍സാണെടുത്തത്. ഹാര്‍ദ്ദിക് പാണ്ഡ്യ അഞ്ചാമനായി എത്തി 37 പന്തില്‍ 30 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്കും രണ്ടക്കം കടന്നില്ല.

ഇതോടെ ഇന്ത്യ വന്‍ ദുരന്തം മുന്നില്‍ കണ്ടു. എന്നാല്‍ അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ മികച്ച ചെറുത്തു നില്‍പ്പ് നടത്തുകയായിരുന്നു. 50 പന്തുകളില്‍ 54 റണ്‍സാണ് ജഡേജ നേടിയത്. കുല്‍ദീപ് യാദവ് 36 പന്തില്‍ 19 റണ്‍സുമായി ജഡേജയ്ക്ക് പിന്തുണ നല്‍കി.

നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. 6.2 ഓവര്‍ എറിഞ്ഞ ബോള്‍ട്ട് 33 റണ്‍സ് വിട്ടു കൊടുത്താണ് നാല് വിക്കറ്റെടുത്തത്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍,കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരുടെ വിക്കറ്റുകലാണ് ബോള്‍ട്ട് നേടിയത്. മൂന്ന് വിക്കറ്റുമായി ജിമ്മി നീഷം ബോള്‍ട്ടിന് മികച്ച പിന്തുണ നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook