ഓവല്‍: ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ് തിരഞ്ഞെടുത്തു. ഓവലിലാണ് മത്സരം. ആദ്യ മത്സരം തോറ്റാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 104 റണ്‍സിന് തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള സുവര്‍ണാവസരമാണ് ഇന്നത്തേത്. മറുവശത്ത് ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ബംഗ്ലാദേശ് അട്ടിമറിയില്‍ കുറഞ്ഞൊന്നും ലക്ഷ്യം വെക്കില്ല.

കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ ഹാഷിം അംലയെ ദക്ഷിണാഫ്രിക്ക ഒഴിവാക്കിയിട്ടുണ്ട്. പ്രിട്ടോറിയസും ടീമിലില്ല. പകരം ഡേവിഡ് മില്ലറേയും ക്രിസ് മോറിസിനേയും ഇറക്കാനാണ് ദക്ഷിണാഫ്രിക്കയുടെ തീരുമാനം.

പരിക്കാണ് ബംഗ്ലാദേശിനെ വേട്ടയാടുന്നത്. പരിശീലനത്തിടെ കണങ്കൈക്ക് പരിക്കേറ്റ തമീം ഇഖ്ബാല്‍ കളിക്കുന്ന കാര്യം സംശയമായിരുന്നു. എന്നാല്‍ താരത്തെ ടീമിലെടുത്തിട്ടുണ്ട്. മുഹമ്മദ് സെയ്ഫുദ്ദീനും പരിക്കില്‍നിന്ന് മോചിതനാകുന്നതേയുള്ളൂ. മഷ്‌റഫെ മൊര്‍താസ, മുസ്തഫിസുര്‍റ്ഹമാന്‍, മഹ്മൂദുള്ള എന്നിവരും പരിക്കിന്റെ പിടിയിലായിരുന്നു. സന്നാഹ മത്സരത്തില്‍ ഇന്ത്യയോട് തോല്‍വി വഴങ്ങിയിരുന്നു ടീം. ടീമിലെ പ്രധാന താരമായ ഓള്‍റൌണ്ടര്‍ ഷാകിബ് അല്‍ ഹസനെ മൂന്നാം നമ്പറില്‍ ഇറക്കാനാണ് തീരുമാനം.

Read More:ആര്‍ക്കാണ് കൂവേണ്ടത്? ഓസ്ട്രേലിയയ്ക്ക് വിജയമൊരുക്കി ഡേവിഡ് വാര്‍ണര്‍

2007 ലോകകപ്പില്‍ ബംഗ്ലാദേശ് 67 റണ്ണിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തെ നാലുപേര്‍ മാത്രമാണ് ഇപ്പോഴത്തെ ടീമിലുള്ളത്. വിക്കറ്റ് കീപ്പറും മധ്യനിരയിലെ ബാറ്റ്‌സ്മാനുമായ മുഷ്ഫിഖുര്‍ റഹ്മാന്‍ മികച്ച ഫോമിലാണ്.

ബാറ്റിങ്ങിലെ മോശം ഫോമാണ് ദക്ഷിണാഫ്രിക്കയെ കുഴക്കുന്നത്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കൊഴികെ മറ്റാരും ഫോമിലല്ല. നായകന്‍ ഫാഫ് ഡുപ്ലെസിസ്, ജെ.പി. ഡുമിനി എന്നീ മുതിര്‍ന്ന താരങ്ങള്‍ റണ്‍സ് കണ്ടെത്തേണ്ടതുണ്ട്. കഗീസോ റബദ നയിക്കുന്ന പേസ് നിരയും ഇമ്രാന്‍ താഹിറിന്റെ നേതൃത്വത്തിലുള്ള സ്പിന്‍ വിഭാഗവും ഭേദപ്പെട്ട പ്രകടനം നടത്തുന്നു്.

ലോകത്തിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്റെ ഇടംകൈ സ്പിന്‍ പന്തുകള്‍ ദക്ഷിണാഫ്രിക്കന്‍ വലംകൈ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വെല്ലുവിളിയാകും. ഓവലില്‍ മഴയ്ക്ക് സാധ്യതയുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷവും കാറ്റും പേസര്‍മാരെ തുണയ്ക്കും.

ടീം

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുസ്തഫിസൂര്‍ റഹീം, മൊഹമ്മദ് മിഥുന്‍, മഹമ്മദുള്ള, മൊസാദെക് ഹൊസൈന്‍, മൊഹമ്മദ് സെഫുദ്ദീന്‍, മെഹ്ദി ഹസന്‍, മഷ്‌റഫെ മൊര്‍ത്താസ, മുസ്തഫിസൂര്‍ റഹ്മാന്‍.

ദക്ഷിണാഫ്രിക്ക: ക്വിന്റണ്‍ ഡികോക്ക്, എയ്ഡന്‍ മാര്‍ക്രം, ഫാഫ് ഡുപ്ലെസിസ്, റാസി വാന്‍ ഡര്‍ ഡസെന്‍, ഡേവിഡ് മില്ലര്‍, ജെപി ഡുമിനി, ആന്‍ഡിലെ ഫെഹ്ലുക്വായോ, ക്രിസ് മോറിസ്, കഗിസോ റബാഡ. ലുങ്കി എന്‍ഗിഡി, ഇമ്രാന്‍ താഹിര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook