2019 ക്രിക്കറ്റ് ലോകകപ്പിന് അരങ്ങുണർന്നതോടെ കഴിഞ്ഞുപോയ ലോകകപ്പുകളിലെ ശ്രദ്ധേയമായ പല മത്സരങ്ങളും ഓർമയിലേക്ക് കടന്നു വരുന്നുണ്ട് .ഇവിടെ പരാമർശിക്കപ്പെടുന്നത് ഒരു ഷോട്ട് ആണ് .ലോകോത്തര ബാറ്റ്‌സ്മാൻമാർ കളിക്കുന്ന എണ്ണമറ്റ മനോഹരമായ സ്ട്രോക്കുകൾ നിറഞ്ഞു നിൽക്കുന്ന ലോകകപ്പുകളാണ് കഴിഞ്ഞു പോയത് എന്നിരിക്കെ ഒരു പ്രത്യേക സ്ട്രോക്ക് ഓർത്തെടുക്കുക ബുദ്ധിമുട്ടാണെങ്കിലും ഈയൊരു സ്ട്രോക്ക് ഓർത്തെടുക്കുന്നത് അതിലേക്ക് നയിച്ച സാഹചര്യങ്ങൾ രസകരമായിരുന്നു എന്നത് കൊണ്ട് കൂടിയാണ് .

2003 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം. ആശിഷ് നെഹ്ര എന്ന ഇടം കയ്യൻ പേസര്‍ ഒരിംഗ്ലീഷ് ബാറ്റിംഗ് ലൈനപ്പിനെ താന്‍ വായിച്ച ട്യൂണുകള്‍ക്കനുസരിച്ച് നൃത്തം ചെയ്യിച്ച അതേ മത്സരം. ഇംഗ്ലീഷ് ഫാസ്റ്റ് ബോളര്‍ ആന്‍ഡി കാഡിക്ക് മത്സരത്തിനു മുന്‍പ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ മറ്റേതൊരു ബാറ്റ്സ്മാനെയും പോലെ ഒരു സാധാരണ ബാറ്റ്സ്മാന്‍ മാത്രമാണ് എന്നൊരു കമന്റ് പാസ്സാക്കിയിരുന്നു.സാമാന്യം നല്ല ബൗണ്‍സുള്ള ഡര്‍ബനിലെ ട്രാക്കില്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരെ അനായാസം തളച്ചിടാം എന്ന കണക്കുകൂട്ടല്‍ തന്നെയായിരിക്കാം അത്തരമൊരു പ്രകോപനപരമായ പ്രസ്താവനക്ക് കാഡിക്കിനെ പ്രേരിപ്പിച്ചിരിക്കുക . സച്ചിന്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങുന്നത് അദ്ദേഹത്തിന്റെ വിക്കറ്റെടുക്കാന്‍ എനിക്ക് സാധ്യത കൂട്ടും എന്നൊക്കെ തട്ടി വിടുമ്പോള്‍ ആന്‍ഡി കാഡിക്ക് മനപൂര്‍വം മറക്കുകയായിരുന്നു പിറ്റേ ദിവസം പന്തെറിയാന്‍ ചെന്ന് നില്‍ക്കുന്നത് സ്ട്രോക്കുകളുടെ ഒരു വന്‍ ശേഖരം തന്നെ കയ്യിലുള്ള ബാറ്റിംഗ് ഇതിഹാസത്തിന്റെ മുന്നിലാണെന്ന്.

Read More: ലോകകപ്പ് ഓർമ്മകള്‍: ‘ദാദ, നിങ്ങള്‍ക്ക് തെറ്റുപറ്റിയതാണോ?’; വീണു പോയവരെ നെഞ്ചോട് ചേർത്തൊരു രാജ്യം

ഒരു സാധാരണ പ്രീ മാച്ച് വെര്‍ബല്‍ വോളി എന്ന രീതിയില്‍ നിന്ന് ഇതിനെ വേറിട്ട്‌ നിര്‍ത്തിയത് മറ്റേയറ്റത്ത് ടെണ്ടുല്‍ക്കര്‍ ആയിരുന്നു എന്നത് കൊണ്ട് തന്നെയാണ്.ആന്‍ഡി കാഡിക്കിന് ടെണ്ടുല്‍ക്കറെ വെല്ലുവിളിക്കാനുള്ള അര്‍ഹതയില്ല എന്നൊന്നും അഭിപ്രായമില്ല.ഏതൊരു ബോളര്‍ക്കും ചെയ്യാവുന്ന കാര്യമാണത് .നമ്മുടെ കയ്യിലുള്ള ആയുധങ്ങൾ കൂടെ ചിലപ്പോള്‍ പരിഗണിക്കേണ്ടി വരുമെന്ന് മാത്രം. ഗ്ലെന്‍ മഗ്രാത്ത് ടെണ്ടുല്‍ക്കറുടെ മുഖത്ത് നോക്കി വാക്കുകള്‍ ഉച്ചരിച്ചിട്ടുണ്ട്,മഗ്രാത്ത് സച്ചിനെതിരെ യുദ്ധങ്ങള്‍ ജയിച്ചിട്ടുമുണ്ട്. ആന്‍ഡി കാഡിക്കിന് ഒരു സ്വയം വിലയിരുത്തല്‍ കൂടെ നടത്താനുള്ള ഒരവസരമായിരുന്നു ഡര്‍ബനില്‍ സംജാതമായത്. കാഡിക്ക് എന്തായാലും മഗ്രാത്തായിരുന്നില്ല എന്ന് നമുക്കറിയാം. രണ്ടു സാധ്യതകളാണ് കാഡിക്കിന്റെ വാക്കുകള്‍ തുറന്നു വച്ചത്.അയാളുടെ വാക്കുകളില്‍ പ്രകോപിതനായെക്കാവുന്ന സച്ചിന്‍ ബോളറെ കടന്നാക്രമിക്കാനുള്ള ശ്രമത്തില്‍ പെട്ടെന്ന് തന്നെ പുറത്തായേക്കാം അല്ലെങ്കില്‍ കാഡിക്കിനൊരു പേടിസ്വപ്നം സമ്മാനിച്ചേക്കാം .

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്ന് പ്രകോപിതനായിരുന്നോ എന്ന് നമുക്കറിയില്ല .തലേ ദിവസത്തെ വെര്‍ബല്‍ ആക്രമണത്തിനുള്ള മറുപടി എന്ന നേരിയ തോന്നല്‍ പോലും ഉളവാക്കാതെയാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടങ്ങുന്നത് . ടെണ്ടുല്‍ക്കര്‍ അയാളുടെ സമാനതകളില്ലാത്ത കരിയറിലെ മറ്റൊരു മത്സരം മാത്രം എന്ന രീതിയില്‍ തികച്ചും ശാന്തനായി ബാറ്റ് ചെയ്യുന്നു. ആദ്യ നാലോവറില്‍ 16 റണ്‍സ് മാത്രമാണു കാഡിക്ക് വഴങ്ങുന്നത്. അന്നത്തെ യുവ സ്വിംഗ് ബോളര്‍ ജെയിംസ് ആന്‍ഡേഴ്സനെതിരെ ആക്രമണം തുടങ്ങി വെക്കുന്നത് സെവാഗ് തന്നെയാണെങ്കിലും തൊട്ടടുത്ത ഓവറില്‍ ടെണ്ടുല്‍ക്കര്‍ ഒരു ബോളറെ എങ്ങനെയാണ് ആക്രമണത്തില്‍ നിന്നും അടിച്ച് ഒഴിവാക്കുന്നത് എന്നതിനൊരു സ്റ്റഡി ക്ലാസ് സെവാഗിനു മുന്നില്‍ അവതരിപ്പിക്കുകയാണ്.

Also Read: ICC World Cup 2019: ആദ്യ മത്സരത്തിന് ഇന്ത്യ സതാംപ്ടണിൽ

മനോഹരമായ സ്ട്രോക്കുകള്‍ കൊണ്ടാണ് ടെണ്ടുല്‍ക്കര്‍ കാഡിക്കിനെ അടുത്ത ഓവറില്‍ വരവേറ്റത് . ഒന്‍പതാമത്തെ ഓവറിലെ രണ്ടാം പന്ത് ഫുള്‍ പിച്ച്ഡായിരുന്നു. ടിപ്പിക്കല്‍ ടെണ്ടുല്‍ക്കര്‍ ഫ്ലിക്ക് പന്തിനെ ബൗണ്ടറിയിലേക്ക് പറഞ്ഞു വിട്ടു, എലഗന്‍സിനേക്കാള്‍ കരുത്താണ് ആ ഷോട്ടില്‍ തെളിഞ്ഞു നിന്നിരുന്നത് എന്നതൊരു സൂചനയായിരുന്നു .അടുത്ത പന്ത് ടെണ്ടുല്‍ക്കര്‍ അനായാസം ഒരു പേസ് ബോളറുടെ മനസ്സ് റീഡ് ചെയ്യുന്ന കാഴ്ചയാണ് .ലെംഗ്ത് അഡ് ജസ്റ്റ് ചെയ്യുന്ന കാഡിക്ക് പന്ത് ഷോര്‍ട്ട് ആയിട്ടാണ് പിച്ച് ചെയ്യിക്കുന്നത് .അതിനായി കാത്തിരുന്ന പോലെ ടെണ്ടുല്‍ക്കര്‍ മിന്നല്‍ വേഗത്തില്‍ ബാക്ക് ഫുട്ടിലെക്കിറങ്ങി വെയിറ്റ് ഷിഫ്റ്റ്‌ ചെയ്തതിനു ശേഷം തന്‍റെ പുള്‍ ഷോട്ട് അണ്‍ ലീഷ് ചെയ്യുകയാണ്.ഓഫ് സ്റ്റമ്പിനു പുറത്ത് പിച്ച് ചെയ്ത പന്ത് മിഡ് വിക്കറ്റിലൂടെ ഗാലറിയും ഗ്രൌണ്ടും കടക്കുന്ന നിമിഷത്തില്‍ കാഡിക്ക് തിരിച്ചറിഞ്ഞു കാണണം താന്‍ പന്തെറിഞ്ഞത് ഒരു പക്ഷെ ക്രിക്കറ്റില്‍ വല്ലപ്പോഴും മാത്രം പിറവിയെടുക്കുന്ന ഒരപൂര്‍വ പ്രതിഭയുടെ നേര്‍ക്കാണെന്നു.

അത്തരമൊരു ഷോട്ട് അപാരമായ ആധിപത്യ സ്വഭാവത്തോടെ ടെണ്ടുല്‍ക്കര്‍ കളിച്ചു കഴിഞ്ഞപ്പോള്‍ കണ്ടിരുന്നവര്‍ക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നേയില്ല. പരാമര്‍ശങ്ങൾക്ക് ടെണ്ടുല്‍ക്കര്‍ ബാറ്റ് കൊണ്ട് മറുപടി പറയുക തന്നെയായിരുന്നു. മറ്റേതൊരു ബാറ്റ്സ്മാനെയും പോലൊരു സാധാരണ ബാറ്റ്സ്മാന്‍ ആയിരുന്നേയില്ല അയാള്‍. ഇന്ന് വരെ മനസ്സിലാകാത്ത ഒരു കാര്യം ഇംഗ്ലീഷ് നായകന്‍ നാസര്‍ ഹുസൈന്‍ കാഡിക്കിനെ അടുത്ത ഓവറിനു ശേഷം വീണ്ടും പന്തെറിയാൻ അനുവദിക്കുന്ന കാഴ്ചയാണ്. 3 ബൗണ്ടറികള്‍ കൊണ്ട് ആ തീരുമാനത്തെയും ടെണ്ടുല്‍ക്കര്‍ തെറ്റെന്നു തെളിയിക്കുകയും ചെയ്തു.7 ബൗണ്ടറികള്‍ ,1 സിക്സര്‍ .സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആന്‍ഡി കാഡിക്കിന്‍റെ ബോളിംഗ് കണക്കുകളെ വിസ്മ്ര്യതിയിലേക്ക് പറഞ്ഞയച്ചു. ജീവിതകാലം മുഴുവന്‍ കാഡിക്ക് മറക്കാന്‍ സാദ്ധ്യതയില്ല തന്‍റെ വാക്കുകളും അതിനു കിട്ടിയ മറുപടിയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook