Cricket World Cup 2019: സതാംപ്ടണ്‍:ഇന്ത്യന്‍ ആരാധകര്‍ക്ക് ഈദ് ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരം പകര്‍ന്ന് രോഹിത് ശര്‍മ്മ. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും രോഹിത് ശര്‍മ്മയുടെ പോരാട്ടത്തില്‍ തിരിച്ചു വന്ന ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് ആറു വിക്കറ്റുകള്‍ക്കാണ്. 128 പന്തുകളില്‍ നിന്നുമാണ് രോഹിത് സെഞ്ചുറി നേടിയത്. രോഹിത്തിന്റെ 23-ാം ഏകദിന സെഞ്ചുറിയാണിത്. ഇതോടെ രോഹിത് പിന്നിലാക്കിത് ഇതിഹാസ താരം ഗാംഗുലിയെയാണ്.144 പന്തില്‍ 122 റണ്‍സാണ് രോഹിത് നേടിയത്.

Also Read: Cricket World Cup 2019: ‘ബോധമുള്ളവര്‍ ക്രീസ് വിടുമോ?’; അതിവേഗ സ്റ്റമ്പിങ്ങിലൂടെ ധോണിയ്ക്ക് ചരിത്രനേട്ടം
ഏകദിന സെഞ്ചുറികളുടെ എണ്ണത്തിലാണ് രോഹിത് ദാദയെ മറി കടന്നത്. ഗാംഗുലി 311 ഏകദിനങ്ങളില്‍ നിന്ന് 22 ശതകങ്ങള്‍ നേടിയപ്പോള്‍ രോഹിത് 207 ഏകദിനങ്ങളില്‍ 23-ാം സെഞ്ചുറിയിലെത്തി. ഇതോടെ രോഹിത് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാമതെത്തി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(49), വിരാട് കോഹ്‌ലി(41) എന്നിവരാണ് ഇപ്പോള്‍ രോഹിതിന് മുന്നിലുള്ളത്. ഇന്നത്തെ പ്രകടനത്തോടെ ഐപിഎല്ലില്‍ നിറം മങ്ങിയെന്ന ആരാധകരുടെ പരാതിയും രോഹിത് തീര്‍ത്തിരിക്കുകയാണ്. പത്ത് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. ലോകകപ്പില്‍ രോഹിത് നേടുന്ന രണ്ടാമത്തെ സെഞ്ചുറിയാണിത്.

ദക്ഷിണാഫ്രിക്ക നേടിയ 227 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തില്‍ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ധവാന്‍ എട്ട് റണ്‍സ് നേടി കൂടാരം കയറിയപ്പോള്‍ കോഹ്ലി 18 റണ്‍സുമായി പുറത്തായി. നാലാമനായി എത്തിയ കെഎല്‍ രാഹുലിനെ കൂട്ടുപിടിച്ച് രോഹിത് ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 85 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ രാഹുല്‍ 26 റണ്‍സെടുത്ത് മടങ്ങി. സ്‌കോര്‍ 139 ലെത്തി നില്‍ക്കെ റബാഡയാണ് രാഹുലിന്റെ അന്തകനായത്.

പിന്നീടായിരുന്ന ധോണി ക്രീസിലേക്ക് എത്തിയത്. ധോണിയുമൊത്ത് പക്വതയോടെ ബാറ്റ് വീശിയ രോഹിത് സെഞ്ചുറി കടന്ന് മുന്നേറി. ധോണിയുമൊത്ത് 74 റണ്‍സിന്റെ കൂട്ടുകെട്ടും രോഹിത് പടുത്തുയര്‍ത്തി. ധോണി 34 റണ്‍സിലെത്തി നില്‍ക്കെ പുറത്തായി. പിന്നാലെ വന്ന ഹാര്‍ദ്ദിക് പാണ്ഡ്യ 7 പന്തുകളില്‍ മൂന്ന് ഫോറുകളുമായി തകര്‍ത്തടിച്ചു. ഇതോടെ ഇന്ത്യ അനായാസം വിജയതീരത്തെത്തി.

Read More: IND vs SA ICC Cricket World Cup 2019: ‘രോഹിറ്റ്മാന്‍’ കസറി; ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ തുടങ്ങി

ഇന്നത്തെ പ്രകടനത്തോടെ മറ്റൊരു നാഴികക്കല്ലും രോഹിത് മറികടന്നു. 12000 റണ്‍സ് നേടുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമായി രോഹിത് മാറി. ഇന്ന് കളി ആരംഭിക്കും മുമ്പ് രോഹിത്തിന്റെ പേരില്‍ 11926 റണ്‍സാണുണ്ടായിരുന്നത്. 74 റണ്‍സ് കൂടി എടുക്കാനായാല്‍ രോഹിത്തിന് 12000 കടക്കാം. സെഞ്ചുറി നേടിയതോടെ ഈ കടമ്പയും കടന്നിരിക്കുകയാണ്. രോഹിത്തിന് പുറമെ സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്‌ലി, സൗരവ്വ് ഗാംഗുലി, എംഎസ് ധോണി, വിരേന്ദര്‍ സെവാഗ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

മധ്യനിരയും വാലറ്റവും ചെറുത്തു നിന്നതോടെയാണ് ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ സാധിച്ചത്. 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സുമായാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് അവസാനിച്ചത്. നാല് വിക്കറ്റുമായി സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിയുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ക്രിസ് മോറിസ് ചെറുത്തു നിന്നതോടെ ദക്ഷിണാഫ്രിക്ക പൊരുതാവുന്ന സ്‌കോറിലെത്തി.

തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ഹാഷിം അംലയേയും ക്വിന്റണ്‍ ഡികോക്കിനേയും പുറത്താക്കി പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യക്ക് മേല്‍ക്കൈ നേടി തന്നിരുന്നു. എന്നാല്‍ നായകന്‍ ഫാഫ് ഡുപ്ലെസിസും വാന്‍ ഡെര്‍ ഡസെനും ചേര്‍ന്നതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് പതിയെ മുന്നോട്ട് നീങ്ങി. 20-ാം ഓവറില്‍ രണ്ട് പേരെയും പുറത്താക്കി ചാഹല്‍ വക ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ. ഡുപ്ലെസിസ് 38 റണ്‍സും ഡസെന്‍ 22 റണ്‍സുമായാണ് മടങ്ങിയത്.

Read More: തീക്കാറ്റായി ബുംറയുടെ പന്ത്; ഡികോക്കിനെ പിടിയിലൊതുക്കി കോഹ്ലി

എന്നാല്‍ മധ്യനിരയില്‍ ഡേവിഡ് മില്ലറും ഫെഹ്ലക്വായോയും ചേര്‍ന്ന് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്കായി പ്രതിരോധം തീര്‍ത്തു. രണ്ട് പേരേയും പുറത്താക്കി ചാഹല്‍ വീണ്ടും ഇന്ത്യയുടെ രക്ഷകനായി. മില്ലര്‍ 31 റണ്‍സും ഫെഹ്ലുക്വായോ 34 റണ്‍സുമായാണ് പുറത്തായത്. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് 200 കടക്കും മുമ്പു തന്നെ അവസാനിക്കുമെന്ന് കരുതിയെങ്കിലും ക്രിസ് മോറിസും കഗിസോ റബാഡയും തകര്‍ത്തടിച്ചതോടെ കളി മാറി. മോറിസ് 42 റണ്‍സും റബാഡ 31 റണ്‍സും നേടി. മോറിസ് രണ്ട് സിക്സും അടിച്ചു.

നാല് വിക്കറ്റുമായി യുസ്വേന്ദ്ര ചാഹലാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. നിര്‍ണായക രണ്ട് കൂട്ടുകെട്ടുകള്‍ പൊളിച്ച ചാഹല്‍ എടുത്ത നാല് വിക്കറ്റുകളും പ്രധാനപ്പെട്ടതായിരുന്നു. ഓപ്പണര്‍മാരെ തുടക്കത്തിലെ മടക്കി അയച്ച ബുംറയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് മുന്നോട്ട് പോകാനുള്ള ഇന്ധനം നല്‍കിയത്. ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook