കാര്‍ഡിഫ്: ലോകകപ്പില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് തകര്‍ത്ത് തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ് കിവീസ്. വിജയത്തോടെ പുതിയൊരു റെക്കോര്‍ഡും ന്യൂസിലന്‍ഡുകാര്‍ സ്വന്തമാക്കി. ഇന്നത്തെ വിജയത്തോടെ മൂന്ന് തവണ ലോകകപ്പില്‍ 10 വിക്കറ്റിന് മത്സരം ജയിക്കുന്ന ആദ്യ ടീമായി കിവീസ്. 2011 ലോകകപ്പില്‍ ചെന്നൈയില്‍ കെനിയക്കെതിരെയും അഹമ്മദാബാദില്‍ സിംബാബ്വെക്കെതിരെയും വിക്കറ്റ് നഷ്ടപ്പെടാതെ കിവീസ് ജയിച്ചിരുന്നു.
അതേസമയം, ലോകകപ്പില്‍ ആദ്യമായി പത്ത് വിക്കറ്റ് വിജയം നേടിയ ടീം ഇന്ത്യയാണ്. 1975ലെ ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയ്ക്ക് എതിരെയായിരുന്നു ഇന്ത്യയുടെ വിജയം. വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരുടെ പേരില്‍ രണ്ട് വീതം പത്ത് വിക്കറ്റ് വിജയങ്ങളുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും പാക്കിസ്ഥാനും ഓരോ കളിയും പത്ത് വിക്കറ്റിന് ജയിച്ചിട്ടുണ്ട്.
Read More: വന്നു, നിന്നു, പോയില്ല; കാര്‍ഡിഫില്‍ ചരിത്രം രചിച്ച് മൂന്ന് ഓപ്പണര്‍മാര്‍, ഏകദിനത്തിലാദ്യം
ഇന്ന് 16.1 ഓവറിലാണ് ന്യൂസിലന്‍ഡ് വിജയ ലക്ഷ്യം മറി കടന്നത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും കോളിന്‍ മണ്‍റോയും അര്‍ധ സെഞ്ചുറിയോടെ പുറത്താകാതെ നിന്നു. ഗുപ്റ്റിലാണ് ടോപ്പ് സ്‌കോറര്‍. ഗുപ്റ്റില്‍ 51 പന്തില്‍ 73 റണ്‍സ് നേടി. ഇതില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടും. മണ്‍റോ 58 റണ്‍സാണ് നേടിയത്. ആറ് ഫോറുകള്‍ അടിച്ച മണ്‍റോ ഒരു സിക്‌സും പറത്തി. അനായാസമായിരുന്നു ന്യൂസിലന്‍ഡിന്റെ വിജയം. ഇതോടെ ആദ്യ മത്സരത്തില്‍ തന്നെ ന്യൂസിലന്‍ഡിന് ആധികാരികമായ വിജയം സ്വന്തമാക്കാനായി. ശ്രീലങ്കയ്ക്ക് അടുത്ത മത്സരത്തില്‍ ജയത്തിലേക്ക് തിരികെ വരേണ്ടത് ഏറെ നിര്‍ണായകമായിരിക്കുകയാണ്.
ശ്രീലങ്കയെ 136 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയ ബോളര്‍മാരാണ് ന്യൂസിലന്‍ഡിന്റെ യഥാര്‍ത്ഥ വിജയ ശില്‍പ്പികള്‍. നായകന്‍ ദിമുത്ത് കരുണരത്‌നെ മാത്രമാണ് ലങ്കന്‍ നിരയില്‍ ചെറുത്തു നിന്നത്. മുന്‍ നിര ബാറ്റ്‌സ്മാന്മാരെല്ലാം കാഴ്ച്ചക്കാരായി മടങ്ങിയ മത്സരം ശ്രീലങ്കയുടെ അവസാനിക്കാത്ത ദുരവസ്ഥ വെളിവാക്കുന്നതായിരുന്നു.
അര്‍ധ സെഞ്ചുറി നേടിയ കരുണരത്‌നെയാണ് ലങ്കയുടെ ടോപ്പ് സ്‌കോറര്‍. നാല് ഫോറുകളടക്കം 84 പന്തില്‍ 52 റണ്‍സാണ് കരുണരത്‌നെ നേടിയത്. കരുണരത്‌നെയുടെ പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ലങ്കന്‍ ബാറ്റ്‌സ്മാന്മാര്‍ കാഴ്ച്ചക്കാര്‍ മാത്രമായിരുന്നു ഇന്ന്. കരുണരത്‌നെ പുറത്താകാതെ നിന്നു.