ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ബോളിങ് തിരഞ്ഞെടുത്തു. ലോകകപ്പിലെ ഏറ്റവും ശക്തമായ ബോളിങ് നിരകളിലൊന്നുമായെത്തിയ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ടൂര്‍ണമെന്റിന്റെ ഡയനാമിക്‌സ് തന്നെ മാറ്റിയവരാണ് ബംഗ്ലാദേശുകാര്‍. അട്ടിമറിയെന്ന് വിളിക്കപ്പെടുന്നുവെങ്കിലും ബംഗ്ലാദേശിന്റെ വിജയം അട്ടിമറിയായിരുന്നില്ല, മറിച്ച് അവര്‍ ഇതുവരെ കൈവരിച്ച മുന്നേറ്റത്തിന്റെ സ്വാഭാവിക ഫലം മാത്രമായിരുന്നു. അതുകൊണ്ട് തന്നെ ഒരു മത്സരത്തിലെ ‘അട്ടിമറി’ ജയം കൊണ്ട് ബംഗ്ലാദേശുകാരുടെ കുതിപ്പ് അവസാനിക്കില്ല. അതു തന്നെയാണ് ഇന്ന് ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണിനേയും അലട്ടുന്നത്.

ലോകകപ്പിലെ ‘കറുത്തകുതിരകള്‍’ എന്ന വിശേഷണം കാലങ്ങളായി കൊണ്ടു നടക്കുന്നവരാണ് ന്യൂസിലന്‍ഡുകാര്‍. കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലെത്തി അവരതിന് മാറ്റം വരുത്തി. കറുത്ത കുതിരകളല്ല കിരീടം അവകാശപ്പെടാന്‍ കഴിയുന്നവരാണ് തങ്ങളെന്ന് ന്യൂസിലന്‍ഡ് ലോകത്തിന് ബോധ്യപ്പെടുത്തി. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതോടെ ഈ ലോകകപ്പിലെ കറുത്തകുതിരകളാകാന്‍ സാധ്യതയുള്ള ടീമായി ബംഗ്ലാദേശ് മാറിയിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ ഇന്ന് അരങ്ങേറുക വാശിയേറിയൊരു പോരാട്ടം തന്നെയായിരിക്കും.

കണക്കില്‍ മുന്നില്‍ ന്യുസിലന്‍ഡാണെങ്കിലും ബംഗ്ലാദേശിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ കണക്കുകള്‍ അപ്രസക്തമായേക്കാം. ശക്തമായ പേസ് നിരയാണ് ന്യൂസിലന്‍ഡിന്റെ കരുത്ത്. ട്രെന്റ് ബോള്‍ട്ടാണ് പ്രധാന പേസര്‍, എന്നാല്‍ കഴിഞ്ഞ കളിയില്‍ ബോള്‍ട്ടിനെ കാഴ്ച്ചക്കാരാനാക്കി മാറ്റ് ഹെന്റിയും ഫെര്‍ഗൂസനും തിളങ്ങി. ഇതോടെ കിവികളുടെ പേസ് നിരയുടെ ഡെപ്ത്താണ് വെളിപ്പെടുന്നത്. 10 വിക്കറ്റിനായിരുന്നു ന്യുസിലന്‍ഡ് ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. മാര്‍ട്ടിന്‍ ഗുപ്റ്റിലും മണ്‍റോയും ആ മികവ് ഇന്നും ആവര്‍ത്തിച്ചാല്‍ ന്യൂസിലന്‍ഡിനെ പിടിച്ചു കെട്ടുക എളുപ്പമാകില്ല ബംഗ്ലാദേശിന്. നായകന്‍ വില്യംസണും റോസ് ടെയ്‌ലറുമടക്കമുള്ളവര്‍ കഴിഞ്ഞ കളിയില്‍ പരീക്ഷിക്കപ്പെട്ടില്ലെങ്കിലും രണ്ട് പേരുടേയും പ്രകടനം ടീമിന് നിര്‍ണയാകമായിരിക്കും. പരുക്ക് മാറി ടോം ലാഥം തിരികെ വരുന്നതും ന്യുസിലന്‍ഡിന് ഗുണം ച്യെും. ബാറ്റിങ്ങിലും ബോളിങ്ങളിലും ഒരുപോലെ ശക്തമാണ് ന്യുസിലന്‍ഡ്. ഓള്‍ റൗണ്ടര്‍മാരായ നീഷമും സാന്റ്‌നറും ഫോമിലാണ്.

കഴിഞ്ഞ കളിയിലെ ടീമില്‍ നി്ന്നും ബംഗ്ലാദേശ് നായകന്‍ മൊര്‍ത്താസ മാറ്റം വരുത്താന്‍ സാധ്യതയില്ല. പ്രത്യേകിച്ച് എല്ലാവരും ഫോമിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍. മുഹമ്മദ് മിഥുന്‍ മൊസാദെക് ഹൊസൈനും കൂടി റണ്‍ കണ്ടത്തേണ്ടതുണ്ടെന്ന് മാത്രം. ഷാക്കിബായിരിക്കും പ്രധാന ആയുധം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ അപകടം വിതയ്ക്കുന്ന ലോകത്തിലെ നമ്പര്‍ വണ്‍ ഓള്‍ റൗണ്ടര്‍ ബംഗ്ലാദേശിന്റെ മാത്രം അഹങ്കാരമാണ്. മുഷ്ഫിഖൂര്‍ റഹീമും തമീമും മഹമ്മദുള്ളയും കഴിഞ്ഞ കളിയിലെ പ്രകടനം ആവര്‍ത്തിക്കുകയാണെങ്കില്‍ ബംഗ്ലാദേശില്‍ നിന്നും പലതും പ്രതീക്ഷിക്കാം. മുസ്തഫിസൂറും ഫോമിലായത് ടീമിന് പ്ലസ് പോയിന്റാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook