ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖംതന്നെ മാറ്റിയത് 1983 ലെ ലോകകപ്പ് വിജയമാണ്. കപിലിന്റെ ചെകുത്താന്മാര് അന്ന് ക്രിക്കറ്റ് ലോകത്തെ ആകെ ഞെട്ടിച്ചു കൊണ്ട് തങ്ങളുടെ ആദ്യ ലോകകപ്പ് നേടിയതോടു കൂടി ക്രിക്കറ്റിന് ഇന്ത്യയിലുണ്ടായ മാനം തന്നെ മാറി. അതുവരെ ലഭിച്ചതില്‍ നിന്നും പതിന്മടങ്ങാണ് 1983 ന് ശേഷം ലഭിച്ച പിന്തുണ. പിന്നീടൊരിക്കല്‍ കൂടി ലോക ചാമ്പ്യന്മാരാകാന് 28 വര്‍ഷം ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വന്നെങ്കിലും ഈ 28 വര്‍ഷത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് കൈവരിച്ച എല്ലാ നേട്ടങ്ങളുടേയും വളര്‍ച്ചയുടേയും ആണിക്കല്ല് 1983 ലെ ലോകകപ്പ് വിജയമായിരുന്നു. അതില്‍ തന്നെ കപില്‍ ദേവ് എന്ന ഇന്ത്യന്‍ ക്യാപ്റ്റന്റെ ഒരു ഇന്നിങ്സാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ മാറ്റി മറിച്ചതെന്ന് പറയാം.
അതിന് തൊട്ട് മുമ്പ് നടന്ന 1975 ലേയും 1979 ലേയും ലോകകപ്പുകളില്‍ നിന്നും ഇന്ത്യയുടെ ആകെ വിജയം ഒന്നു മാത്രമാണ്. അതുകൊണ്ട് തന്നെ ഇന്ത്യ കപ്പുയര്‍ത്തുമെന്ന് താരങ്ങള്‍ പോലും വിശ്വസിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നല്കിയ ഒരു അഭിമുഖത്തില്‍ ലോകകപ്പുയര്‍ത്തിയ ടീമിലെ ഓപ്പണറായിരുന്ന കെ ശ്രീകാന്ത് തന്നെ സമ്മതിച്ചിട്ടുണ്ട്, അന്ന് ഇന്ത്യ ലോകകപ്പുയര്‍ത്തുമെന്ന് തങ്ങള്‍ കരുതിയിരുന്നില്ലെന്ന്. പക്ഷെ ആ ചിന്തകളെയെല്ലാം മാറ്റി മറിക്കുന്നതായിരുന്നു സിംബാവെയ്ക്കെതിരെ കപില്‍ ദേവ് നേടിയ 175 റണ്‍സ്. തങ്ങള്‍ക്കും ജയിക്കാന്‍ സാധിക്കുമെന്ന് കപില്‍ തന്റെ കൂട്ടാളികള്‍ക്കും വരും തലമുറയ്ക്കും കാണിച്ചു കൊടുക്കുകയായിരുന്നു.
ഗവാസ്കർ മുതല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ മുതല്‍ വിരാട് കോഹ്ലി വരെ നിരവധി ഇതിഹാസ താരങ്ങള്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞിട്ടുണ്ട്. ക്രിക്കറ്റ് ചരിത്രത്തില്‍ എന്നും ഓര്‍ത്തു വെക്കാവുന്ന ഇന്നിങ്സുകള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍ തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഇന്നിങ്സേതെന്ന ചോദ്യത്തിന് നല്കുന്ന ഉത്തരം 1983 ല്‍ സിംബാവെയ്ക്കെതിരെ കപില്‍ നേടിയ 175 റണ്‍സ് എന്നാണ്. ഇന്ന് ഈ നിമിഷം വരെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച ഏകദിന ഇന്നിങ്സായി വിലയിരുത്തപ്പെടുന്നതാണ് കപിലിന്റേത്. ഏറെകാലം ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറെന്ന റെക്കോര്‍ഡ് കപിലിന് സ്വന്തമായിരുന്നു. നേടിയ റണ്‍സിനേക്കാള്‍ അത് നേടിയ സാഹചര്യം കൊണ്ടാണ് കപിലിന്റെ പ്രകടനം ഇന്നും വാഴ്ത്തപ്പെടുന്നത്.
Also Read: ICC World Cup Time Table 2019: ഓരോ ടീമും നേർക്കുനേർ; ലോകകപ്പ് മത്സരക്രമം
ആദ്യ രണ്ട് കളികള്‍ ജയിച്ച ഇന്ത്യ പിന്നീടുള്ള രണ്ട് കളികളിലും പരാജയപ്പെട്ടിരുന്നു. ഓസ്ട്രേലിയക്കെതിരെ 162 റണ്‍സിനും വിന്‍ഡീസിനെതിരെ 66 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ പരാജയം. അതിനാല്‍ അടുത്ത റൗണ്ടിലേക്ക് പോകണമെങ്കില്‍ ഇന്ത്യയ്ക്ക് സിംബാവെയെ പരാജയപ്പെടുത്തിയേ തീരുമായിരുന്നുള്ളൂ. മറുവശത്തുള്ള സിംബാവെയുടേയും സമാനമായ സാഹചര്യമായിരുന്നു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. തുടര്‍ന്ന് മൂന്ന് കളികളില്‍ തോറ്റു. സെമി പ്രവേശനം നേടണമെങ്കില്‍ ഇന്ത്യയേയും വിന്‍ഡീസിനേയും പരാജയപ്പെടുത്തണം.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത് കൃഷ്ണമാചാരി ശ്രീകാന്തും സുനില്‍ ഗവാസ്കറും. ഇരുവരും അതുവരെ പിന്തുടര്‍ന്ന സ്ഥിരത കണക്കിലെടുക്കുമ്പോള്‍ മികച്ചൊരു തുടക്കം തന്നെ ഇന്ത്യ പ്രതീക്ഷിച്ചു. എന്നാല്‍ ഇന്നിങ്സിലെ രണ്ടാം പന്തില്‍ തന്നെ സിംബാവെയുടെ പീറ്റര്‍ റോസന്‍ ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. വിക്കറ്റിന് മുന്നില്‍ കുരുങ്ങി ഗവാസ്കര്‍ മടങ്ങി. 13 പന്തുകള്‍ നേരിട്ട് പിന്നാലെ സംപൂജ്യനായി തന്നെ ശ്രീകാന്തും മടങ്ങി. കെവിന് കറനായിരുന്നു രണ്ടാമത്തെ അടി തന്നത്. കറനും റോസനും ചേര്‍ന്ന് ഇന്ത്യന്‍ മുന്‍ നിരയെ കീറി മുറിച്ചു. സന്ദീപ് പാട്ടീലും മൊഹിന്ദര്‍ അമര്‍നാഥും വന്നപോലെ മടങ്ങി. സ്കോര്‍ 9/4 എന്ന നിലയില്‍, കപില്‍ ദേവ് ക്രീസിലെത്തി.
പിന്നാലെ യശ്പാല്‍ ശര്‍മ്മയെ പുറത്താക്കി റോസന്‍ ഇന്ത്യയെ 17/5 എന്ന നിലയിലേക്ക് വീണ്ടും വലിച്ചിട്ടു. ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്ന് എല്ലാവരും ഉറപ്പിച്ചു. മത്സരം ഉച്ചയ്ക്ക് മുമ്പ് തന്നെ സിംബാവെ ജയിക്കുമെന്ന് ഉറപ്പിച്ചു. പക്ഷെ അന്ന് ക്യാപ്റ്റന്‍ എന്നാല്‍ എന്താണെന്ന് കപില്‍ കാണിച്ചു തന്നു. റോജര്‍ ബിന്നിയുമൊത്ത് 60 റണ്‍സ് കപില്‍ കൂട്ടിച്ചേര്‍ത്തു. പക്ഷെ ബിന്നി പുറത്തായി. പിന്നാലെ വന്ന രവി ശാസ്ത്രിയും അതിവേഗം മടങ്ങി. സ്കോര്‍ 78/7. ഇന്ത്യ അവസാനിച്ചെന്ന് എല്ലാവരും വിധിയെഴുതി. പക്ഷെ അപ്പോഴും കപില്‍ ഒരു വശത്ത് നില്‍പ്പുണ്ടായിരുന്നു. തോല്ക്കാന് സമ്മതിക്കാതെ, പൊരുതാനുറച്ചൊരു മനസുമായി.
Read More: ലോകകപ്പ് ഓര്‍മ്മകള്‍: സച്ചിന്റെ 98, മൂന്നക്കം കടക്കാതിരുന്ന ‘ക്രിക്കറ്റിന്റെ പൂര്‍ണത’
മറുവശത്ത് വിക്കറ്റുകള്‍ വീഴുന്നത് തന്നെ ബാധിക്കാത്ത വണ്ണം കപില്‍ സിംബാവെയുടെ ബോളര്‍മാരെ പ്രഹരിച്ചു. പന്തുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. ഇതിനിടെ മദന്‍ ലാല്‍ വന്നു പോയി. സയ്യിദ് കിര്‍മാനി പകരമെത്തി. കിര്‍മാനിയെ സാക്ഷിയാക്കി കപില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. അവിടം കൊണ്ടും നില്ക്കാന് കൂട്ടാക്കാതെ ബാറ്റ് വീശിയ കപില്‍ തന്റെ കരിയറിലെ ഏറ്റവും മഹത്തായ ഇന്നിങ്സ് പടുത്തുയര്‍ത്തുകയായിരുന്നു. 138 പന്തുകള്‍ നേരിട്ട 24 കാരനായ ഇന്ത്യന്‍ നായകന് 175 റണ്‍സുമായാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. 16 ഫോറും ആറ് സിക്സുമാണ് കപില്‍ അടിച്ചെടുത്തത്. 78-7 എന്ന നിലയില്‍ നിന്നും ഇന്ത്യന്‍ സ്കോര്‍ 266-8 എന്ന മികച്ച നിലയിലെത്തി. പവലിയനിലേക്ക് മടങ്ങുന്ന കപിലിന് അടുത്തേക്ക് ഒരു ഗ്ലാസ് വെള്ളവുമായാണ് അന്ന് ഗവാസ്കര്‍ ഓടിയെത്തിയത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മാത്രമല്ല, ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ ഇന്നിങ്സുകളിലൊന്നായിരുന്നു കപില്‍ അന്ന് കളിച്ചത്. എന്നാല്‍ ലോകത്തിന്റെ തന്നെ നഷ്ടമെന്ന് പറയാം, ബിബിസിയിലെ സാങ്കേതിക വിദഗ്ധരുടെ സമരം മൂലം ആ മത്സരം തത്മസമയം സംപ്രേക്ഷണം ചെയ്തിരുന്നില്ല. ചരിത്രത്തിലെ ഏറ്റവും മഹത്തായ ഇന്നിങ്സ് കാണാന്‍ ഭാഗ്യം സിദ്ധിച്ചവരായി റോയല്‍ ടണ്‍ബ്രിഡ്ജിലെ നെവില്‍ ഗ്രൗണ്ടിലെത്തിയ കാണികള്‍ മാറി. ഇന്നും ആ മത്സരത്തിന്റേയോ കപിലിന്റെ ഇന്നിങ്സിന്റെയോ വീഡിയോ ലഭ്യമല്ല.
നായകന്റെ ഇന്നിങ്സോടെ ഇന്ത്യന്‍ ഡ്രസ്സിങ് റൂമിലെ മൂഡാകെ മാറി. വന്‍ പരാജയം മുന്നില്‍ കണ്ടവര്‍ വിജയം മണത്തു. വര്‍ധിത വീര്യവുമായവര് ബോളിങ്ങിന് ഇറങ്ങി. പക്ഷെ പ്രതീക്ഷിച്ചൊരു തുടക്കമായിരുന്നില്ല. സിംബാവെയ്ക്കായി ഓപ്പണര്‍മാരായ റോബിന് ബ്രൗണും ഗ്രാന്റ് പാറ്റേഴ്സണും ചേര്‍ന്ന് മികച്ചൊരു തുടക്കമാണ് സിംബാവെയ്ക്ക് നല്‍കിയത്. സ്കോര്‍ 44 ലെത്തി നില്‍ക്കെ റോബിനെ ബിന്നി പുറത്താക്കി. ഇതോടെ സിംബാവെ വീണു. പുറകെ പുറകെ അഞ്ചു പേര് പുറത്തായി. 113-6 എന്ന നിലയിലേക്ക് പതിച്ചു സിംബാവെ. പക്ഷെ കറന് വീണ്ടും ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്തി.
Also Read: ലോകകപ്പ് ഓര്‍മ്മകള്‍: പടിക്കല്‍ കലമുടച്ച റണ്ണൗട്ട്, തിരിഞ്ഞ് നോക്കാതെ നടന്ന ക്ലൂസ്നര്
ഇയാന്‍ ബുച്ചര്ട്ടുമായി ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 55 റണ്‍സ് കറന് കൂട്ടിച്ചേര്‍ത്തു. 73 റണ്‍സ് നേടി മദന്‍ ലാലിന് മുന്നില്‍ കറന്റെ ചെറുത്തു നില്‍പ്പ് അവസാനിച്ചു. സിംബാവെ 235 ല്‍ എത്തി നില്‍ക്കെ ജോണ്‍ ട്രൈക്കോസിനെ സ്വന്തം പന്തില്‍ ക്യാച്ച് ചെയ്ത് കപില്‍ ജോലി പൂര്‍ത്തിയാക്കി. ഇന്ത്യയ്ക്ക് ചരിത്രത്തിലെ ഏറ്റവും മഹത്തായ വിജയങ്ങളിലൊന്ന് സ്വന്തം. കപില്‍ ദേവ് കളിയിലെ താരവുമായി. പിന്നെ നടന്നതെല്ലാം ചരിത്രം.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook