ഓവല്‍: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചരിത്രം കുറിച്ച കളിക്കളത്തിലെ പ്രായം തളര്‍ത്താത്ത പോരാളി ഇമ്രാന്‍ താഹിര്‍. ലോകകപ്പില്‍ ആദ്യ ഓവര്‍ എറിയുന്ന ആദ്യ സ്പിന്നര്‍ എന്ന റെക്കോര്‍ഡാണ് താഹിറിന് സ്വന്തമായത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ എല്ലാവരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡുപ്ലെസിസ് താഹിറിന് ആദ്യ ഓവര്‍ നല്‍കിയത്.

നായകന്റെ തീരുമാനത്തെ രണ്ടാം പന്തില്‍ തന്നെ താഹിര്‍ ശരിവച്ചു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ പുറത്ത്. റണ്ണൊന്നും എടുക്കാതെയാണ് ബെയര്‍‌സ്റ്റോ മടങ്ങിയത്. 1992 ലോകകപ്പില്‍ ഇതുപോലെ അമ്പരപ്പിക്കുന്ന തീരുമാനം നടപ്പിലാക്കിയത് ന്യൂസിലാന്‍ഡിന്റെ നായകനായിരുന്ന മാര്‍ട്ടിന്‍ ക്രോയാണ്. രണ്ടാം ഓവര്‍ ദീപക് പട്ടേലിന് നല്‍കിയാണ് ക്രോ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.

ഇന്ത്യ കപ്പുയര്‍ത്തിയ 2011 ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ സെമിയില്‍ അശ്വിന് നേരത്തെ പന്ത് നല്‍കി മുന്‍ നായകന്‍ എംഎസ് ധോണിയും അമ്പരപ്പിച്ചിട്ടുണ്ട്.

ഇത് കൂടാതെ മറ്റൊരു റെക്കോര്‍ഡും താഹിറിന് ഇന്ന് സ്വന്തമായി. ലോകകപ്പ് ചരിത്രത്തില്‍ ആദ്യ ഓവറില്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമായാണ് താഹിര്‍ മാറിയത്. 1992 ല്‍ ജോണ്‍ റൈറ്റിനെ പുറത്താക്കി ക്രെയ്ഗ് മക്‌ഡെര്‍മോറ്റാണ് ആദ്യ ഓവരില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ മറ്റൊരു താരം. ആദ്യ പന്ത് വൈഡെറിഞ്ഞ് പിന്നീടെറിഞ്ഞ പന്തിലാണ് ക്രെയ്ഗ് വിക്കറ്റെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook